റിമാന്‍ഡില്‍ കഴിയുന്നവര്‍ കെഎസ്യു പ്രവര്‍ത്തകരെന്ന് എസ്എഫ്ഐ
1533386
Sunday, March 16, 2025 4:15 AM IST
കൊച്ചി: കളമശേരി ഗവ. പോളിടെക്നികിലെ ആണ്‍കുട്ടികളുടെ ഹോസ്റ്റലില്‍ നിന്നും കഞ്ചാവ് പിടികൂടി കേസില്‍ അറസ്റ്റിലായി റിമാന്‍ഡില്‍ കഴിയുന്ന മൂന്ന് പ്രതികളും കെഎസ്യുവിന്റെ നേതാക്കളും സജീവ പ്രവര്‍ത്തകരുമാണെന്ന് എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി പി.എസ്. സഞ്ജീവ്.
ഇന്നലെ അറസ്റ്റിലായ ഷാലിക് ഉള്‍പ്പെടെയുള്ള പ്രതികള്‍ക്ക് കെഎസ്യുവുമായുള്ള ബന്ധം തെളിയിക്കുന്ന ചിത്രങ്ങള്‍ പുറത്തുവിട്ട സഞ്ജീവ് പ്രതികളുടെ കെഎസ്യു ബന്ധം മാധ്യമങ്ങള്‍ മറച്ചുവച്ചെന്നും ആരോപിച്ചു. ഇന്നലെ അറസ്റ്റിലായവരെ പൂര്‍വവിദ്യാര്‍ഥികള്‍ എന്ന പേരില്‍ മാത്രമാണ് അവതരിപ്പിച്ചത്.
കേസ് എസ്എഫ്ഐയെ ആക്രമിക്കാനുള്ള ആയുധമാക്കുകയാണ് മാധ്യമങ്ങളും കോണ്‍ഗ്രസും. പ്രതികള്‍ കെഎസ്യുക്കാരെന്ന് മാധ്യമങ്ങള്‍ പറയുന്നില്ല. കാമ്പസുകളില്‍ ലഹരിമാഫി സംഘത്തിന് സ്ഥാനമില്ല. അവര്‍ക്കെതിരെയുള്ള ശക്തമായ പോരാട്ടം എസ്എഫ്ഐ തുടരും.
ലഹരി മാഫിയക്ക് രാഷ്ട്രീയ കര്‍തൃത്വം നല്‍കുന്നത് പ്രതിപക്ഷ നേതാവ് വി.ഡി. സതീശനാണ്. എസ്എഫ്ഐക്കതിരെ പ്രതിപക്ഷനേതാവ് നടത്തിയ ആരോപണങ്ങള്‍ അവജ്ഞയോടെ തള്ളുന്നു. സതീശന് നിലവാരമില്ലെന്നതിന് തെളിവാണ് അദ്ദേഹം ഉന്നയിച്ച ആരോപണങ്ങള്‍.
അഭിരാജിനെ എസ്എഫ്ഐയില്‍ നിന്നും പുറത്താക്കി
കേസില്‍ അറസ്റ്റിലായ കോളജ് യൂണിയന് ജനറല്‍ സെക്രട്ടറി ആര്. അഭിരാജിനെ എസ്എഫ്ഐയില്‍ നിന്നും പുറത്താക്കി. സംസ്ഥാന സെക്രട്ടറി പി.എസ്. സഞ്ജീവാണ് പത്രസമ്മേളനത്തില്‍ ഇക്കാര്യം അറിയിച്ചത്.
കളമശേരി കോളജ് ഹോസ്റ്റലില്‍ പോലീസ് നടത്തിയ പരിശോധനയില്‍ അഭിരാജിന്റെ മുറിയില്‍ നിന്നും 9.70 ഗ്രാം കഞ്ചാവ് കണ്ടെടുത്തിരുന്നു. തുടര്‍ന്ന് അഭിരാജിനെ അറസ്റ്റ് ചെയ്ത് ജാമ്യത്തില്‍ വിട്ടിരുന്നു. ഓട്ടോമൊബൈല്‍ എന്‍ജീനിയറിംഗ് വിദ്യാര്‍ഥിയാണ്.