നോന്പുതുറ വിഭവങ്ങൾ കൈയടക്കി തെരുവോരങ്ങൾ
1533377
Sunday, March 16, 2025 4:15 AM IST
മൂവാറ്റുപുഴ: നോന്പുതുറക്കുള്ള വിഭവങ്ങൾ റമദാൻ വിപണിയിലെ തെരുവോരങ്ങൾ കൈയടക്കി. കണ്ണൂരിൽ നിന്നടക്കമുള്ള നോന്പുതുറ പലഹാരങ്ങളാണ് ഇപ്പോൾ മൂവാറ്റുപുഴയിൽ താരം. മുൻകാലങ്ങളിൽ നോന്പുതുറക്കുള്ള വിഭവങ്ങൾ വീടുകളിൽതന്നെ തയാറാക്കൽ ഒരു ഹരമായിരുന്നു. എന്തെങ്കിലും ഒരു ചെറിയ പലഹാരമെങ്കിലും ഒരുക്കിയിരുന്നു. എന്നാൽ വിപണികളിൽ ഇവ സുലഭമായതോടെ ഇപ്പോൾ പല വീടുകളിലും ഇതു മാറിത്തുടങ്ങി.
മൂവാറ്റുപുഴ നഗരത്തിൽ വെള്ളൂർക്കുന്നം, ഇഇസി മാർക്കറ്റ് റോഡ്, കീച്ചേരിപടി, മാർക്കറ്റ് ബസ് സ്റ്റാൻഡ്, പെരുമറ്റം, ചാലിക്കടവ് ജംഗ്ഷൻ, വാഴപ്പിള്ളി, പുളിഞ്ചുവട്, പള്ളിപ്പടി, സബൈൻ ആശുപത്രിപടി, പേഴക്കാപ്പിള്ളി, പള്ളിച്ചിറങ്ങര, പായിപ്ര, മുളവൂർ തുടങ്ങിയ സ്ഥലങ്ങളിലെല്ലാം നോന്പുതുറ വിഭവങ്ങളുടെ വിൽപ്പന തകൃതിയായി നടക്കുന്നുണ്ട്. ഉച്ചകഴിഞ്ഞ് രണ്ടോടെ തെരുവോരങ്ങളിൽ കച്ചവടത്തിനായി വിഭവങ്ങൾ അണിനിരത്തും. ലൈവായി പലഹാരങ്ങൾ ഉണ്ടാക്കി നൽകുന്നവരുമുണ്ട്.
വൈകുന്നേരം മൂന്ന് മുതലാണ് കച്ചവടം ആരംഭിക്കുന്നത്. ആറരയോടെ പലഹാരങ്ങൾ എല്ലാം വിറ്റഴിച്ച് നോന്പ് തുറക്കായി വിൽപ്പനക്കാരും പോകുന്നത് റംസാൻ മാസത്തെ പ്രത്യേകതയാണ്. മലബാർ നോന്പുതുറ വിഭവങ്ങൾക്കാണ് ഏറ്റവും കൂടുതൽ ആവശ്യക്കാർ. ഉന്നക്കായ, ചിക്കൻ സമോസ, ബീഫ് സമോസ, പഴം നിറച്ചത്, ചട്ടിപത്തിരി, ഇറച്ചിപത്തിരി, കായ്പോള, കിളിക്കൂട്, കട്ലറ്റ്, നെയ് പത്തിരി, കല്ലുമ്മക്കായ തുടങ്ങിയ വിഭവങ്ങളാണ് ഇപ്പോൾ വഴിയോരങ്ങളിലെങ്ങും.