ഉദയംപേരൂർ പഞ്ചായത്ത് : ആംബുലൻസ് ഡ്രൈവർ നിയമനം; ഭരണകക്ഷിയിൽ ഭിന്നത
1533361
Sunday, March 16, 2025 3:58 AM IST
ഉദയംപേരൂർ: ആംബുലൻസ് ഡ്രൈവർ നിയമനത്തിന്റെ പേരിൽ ഉദയംപേരൂർ പഞ്ചായത്തിലെ ഭരണകക്ഷിയിൽ ഭിന്നത. മുന്നണിയിലെ പ്രധാന കക്ഷിയായ സിപിഎം അംഗങ്ങളുടെ നിലപാടിനെതിരെ സിപിഐ അംഗങ്ങൾ രംഗത്ത് വന്നതാണ് കമ്മിറ്റിയിൽ കൗതുകമായത്. ഡ്രൈവറില്ലാത്തതിനാൽ നൂറ് ദിവസത്തിലധികമായി ആംബുലൻസ് സർവീസ് നിർത്തിവച്ചിരിക്കുകയാണ്.
ഇത് പുനരാരംഭിക്കാനായി പഞ്ചായത്ത് സെക്രട്ടറിയെടുത്ത നടപടിക്കെതിരെയാണ് പഞ്ചായത്ത് കമ്മിറ്റിയിൽ ഭരണകക്ഷിയിലെ പഞ്ചായത്ത് പ്രസിഡന്റുൾപ്പെടെയുള്ള സിപിഎം അംഗങ്ങൾ രംഗത്ത് വന്നത്.
ഇവരുടെ വിയോജിപ്പിനെതിരെ ഭരണകക്ഷിയിലെ സിപിഐ അംഗങ്ങളും കോൺഗ്രസ് അംഗങ്ങളും ഏക സ്വതന്ത്രാംഗവും പിന്തുണച്ചതോടെ ഡ്രൈവർ നിയമനം പഞ്ചായത്ത് കമ്മിറ്റിയിൽ പാസായി. കോടതിയുത്തരവിനെ തുടർന്ന് ആംബുലൻസ് ഡ്രൈവറായിരുന്ന ജീവനക്കാരനെ പിരിച്ചുവിട്ടിരുന്നു.
എന്നാൽ പുതുതായി നിയമനം ലഭിച്ച വ്യക്തി ആംബുലൻസ് ഡ്രൈവർ ജോലിയേറ്റെടുക്കാൻ തയാറാകാതെ പഞ്ചായത്തിന്റെ ജീപ്പിലേയ്ക്ക് നിയമനം തേടി കോടതിയെ സമീപിച്ചതോടെ ആംബുലൻസ് സർവീസ് നിലയ്ക്കുകയായിരുന്നു. പുതിയ ഡ്രൈവർക്ക് കോടതി വിധി അനുകൂലമായതോടെ നിലവിലെ ജീപ്പ് ഡ്രൈവറായിരുന്ന ജീവനക്കാരനെ സെക്രട്ടറി ആംബുലൻസിലേയ്ക്ക് നിയമിച്ചു. ഈ നിയമനത്തിന് സാധൂകരണം ലഭിക്കുന്നതിനായി സെക്രട്ടറി പഞ്ചായത്ത് കമ്മറ്റിയിലുൾപ്പെടുത്തിയ അജണ്ടയിലാണ് ഭരണകക്ഷിയിലെ ഭിന്നത പുറത്ത് വന്നത്.
പഞ്ചായത്ത് കമ്മിറ്റിയിൽ മെമ്പറുടെ അസഭ്യവർഷം
ഉദയംപേരൂർ: ഗ്രാമപഞ്ചായത്തിൽ ഇന്നലെ നടന്ന പഞ്ചായത്ത് കമ്മിറ്റി യോഗത്തിലെ ചർച്ചയ്ക്കിടയിൽസിപിഎമ്മിന്റെ 9-ാം വാർഡംഗം എ.എസ്. കുസുമൻ , 20-ാം വാർഡംഗമായ കോൺഗ്രസിലെ നിമിൽ രാജനെതിരെ അസഭ്യ വർഷം നടത്തുകയും നിമിൽ രാജന്റെ നെയിം പ്ലേറ്റ് അടിച്ചു തകർക്കുകയും ചെയ്തതിനെ തുടർന്ന് പഞ്ചായത്ത് കമ്മിറ്റി ഏറെനേരം തടസപ്പെട്ടു.
കമ്മിറ്റിയിലുണ്ടായ അനിഷ്ട സംഭവത്തിൽ പഞ്ചായത്ത് പ്രസിഡന്റ് ഖേദം പ്രകടിപ്പിച്ചതിനെ തുടർന്നാണ് നിർത്തി വച്ച കമ്മിറ്റി യോഗം പുനരാരംഭിച്ചത്.