പാസ്പോര്‍ട്ട് വെരിഫിക്കേഷന് 500 രൂപ കൈക്കൂലി; പോലീസുകാരൻ വിജിലന്‍സ് പിടിയില്‍
1533110
Saturday, March 15, 2025 4:50 AM IST
കൊച്ചി: പാസ്പോര്‍ട്ട് വെരിഫിക്കേഷന് കൈക്കൂലി വാങ്ങുന്നതിനിടെ സിവിൽ പോലീസ് ഓഫീസർ (സിപിഒ) വിജിലന്‍സിന്റെ പിടിയിലായി. വരാപ്പുഴ പോലീസ് സ്റ്റേഷനിലെ സിപിഒ എല്‍ദോ പോള്‍ ആണ് 500 രൂപ കൈക്കൂലി വാങ്ങുന്നതിനിടെ എറണാകുളം വിജിലന്‍സിന്റെ പിടിയിലായത്. കൊങ്ങോര്‍പ്പിള്ളി സ്വദേശിയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് വിജിലന്‍സ് ഇയാളെ കുടുക്കിയത്.
പരാതിക്കാരന് പാസ്പോര്‍ട്ട് എടുക്കുന്നതിന് ഓണ്‍ലൈനായി അപേക്ഷിച്ചിരുന്നു. തുടര്‍ന്ന് കഴിഞ്ഞ വ്യാഴാഴ്ച പരാതിക്കാരന്റെ ഫോണിലേക്ക് വന്ന മിസ്ഡ് കോള്‍ നമ്പറിലേക്ക് തിരിച്ചുവിളിച്ചപ്പോള്‍ വരാപ്പുഴ പോലീസ് സ്റ്റേഷനിലെ എല്‍ദോ പോള്‍ എന്ന പോലീസുകാരനാണെന്നും, പാസ്പോര്‍ട്ട് വെരിഫിക്കേഷന് വേണ്ടി വിളിച്ചതാണെന്നും വെള്ളിയാ ഴ്ച നേരില്‍ കാണണമെന്നും പറഞ്ഞു.
ഇതനുസരിച്ച് ഇന്നലെ വീണ്ടും ഫോണില്‍ വിളിച്ചപ്പോള്‍ നേരിട്ടു കാണാന്‍ വരുമ്പോള്‍ 500 രൂപ കൈക്കൂലി നല്‍കണമെന്നും ആവശ്യപ്പെടുകയായിരുന്നു. തുടര്‍ന്ന് പരാതിക്കാരന് ഇക്കാര്യം എറണാകുളം വിജിലന്‍സ് മധ്യമേഖലാ പോലീസ് സൂപ്രണ്ടിനെ അറിയിച്ചു.
ഇദ്ദേഹത്തിന്റെ നിര്‍ദേശപ്രകാരം എറണാകുളം വിജിലന്‍സ് യൂണിറ്റ് ഡെപ്യൂട്ടി പോലീസ് സൂപ്രണ്ടിന്റെ നേതൃത്വത്തിലുള്ള വിജിലന്‍സ് സംഘം ഇന്നലെ വൈകിട്ട് 4.30ഓടെ വരാപ്പുഴ ചെട്ടിഭാഗം മാര്‍ക്കറ്റിന് സമീപത്തുവച്ച് പരാതിക്കാരനില്‍ നിന്നു 500 രൂപ കൈക്കൂലി വാങ്ങുന്നതിനിടെ പ്രതിയെ കൈയോടെ പിടികൂടുകയായിരുന്നു.
അറസ്റ്റു ചെയ്ത പ്രതിയെ മൂവാറ്റുപുഴ വിജിലന്‍സ് കോടതിയില്‍ ഹാജരാക്കും.