മാറാടിയിൽ എഫ്എച്ച്സിക്കായി പുതിയ കെട്ടിടം
1533095
Saturday, March 15, 2025 4:43 AM IST
മൂവാറ്റുപുഴ: മാറാടി പഞ്ചായത്തിൽ 46.50 ലക്ഷം ചെലവിൽ ഫാമിലി ഹെൽത്ത് സെന്ററിന് ആധുനിക സൗകര്യങ്ങളോടെയുള്ള കെട്ടിട നിർമാണം തുടങ്ങി. കോയന്പത്തൂർ അസ്ഥാനമാക്കി പ്രവർത്തിച്ചുവരുന്ന മാറ്റ്സ്പിൻ ഇൻഡ്യ പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്ഥാപനത്തിന്റെ ഉടമയായ മാത്യു ജോസിന്റെ സാന്പത്തിക സഹായത്തോടെയാണ് ആശുപത്രി ഒരുക്കുകയെന്നും ആദ്യഘട്ട നിർമാണ പ്രവർത്തനങ്ങൾ പൂർത്തിയാക്കിയതായും മാറാടി പഞ്ചായത്ത് പ്രസിഡന്റ് ഒ.പി. ബേബി പറഞ്ഞു.
അഞ്ച് വർഷം മുന്പ് പ്രാഥമികാരോഗ്യ കേന്ദ്രത്തെ സർക്കാർ കുടുംബാരോഗ്യ കേന്ദ്രമാക്കി ഉയർത്തിയെങ്കിലും അടിസ്ഥാന സൗകര്യ വികസനങ്ങൾ നടത്തിയില്ലായിരുന്നു. ഈ സാഹചര്യത്തിലാണ് പദ്ധതിക്കായി പഞ്ചായത്ത് മാത്യു ജോസിനെ സമീപിച്ചത്. ഇദ്ദേഹത്തിന്റെ ഉടമസ്ഥതയിലുളള സ്ഥാപനം പഞ്ചായത്തിന്റെ ഈ ആവശ്യം അംഗീകരിക്കുകയും 46.50 ലക്ഷം പഞ്ചായത്തിന് വാഗ്ദാനം ചെയ്യുകയായിരുന്നു.
21.50 ലക്ഷം ചെലവിൽ ആദ്യഘട്ട നിർമാണം പൂർത്തിയാക്കി. തുടർന്നുളള നിർമാണ പ്രവർത്തനങ്ങൾ പുരോഗമിച്ചുവരുന്നതായി പ്രസിഡന്റ് അറിയിച്ചു. ഗ്രാമീണ മേഖലയിൽ കൂടുതൽ ചികിത്സാ സൗകര്യങ്ങൾ എത്തിക്കുക എന്ന ഉദ്ദേശത്തോടെയാണ് പദ്ധതിയുമായി സഹകരിക്കുന്നതെന്ന് മാത്യു ജോസ് പറഞ്ഞു.
നിർമാണം പൂർത്തിയാകുന്നതോടെ ഗ്രാമീണ മേഖലയിലെ നിരാലംബരായ നൂറുകണക്കിന് സാധാരണക്കാരായ രോഗികൾക്ക് മികച്ച ചികിത്സ ലഭ്യമാക്കാൻ കഴിയുമെന്ന് പ്രസിഡന്റ് ഒ.പി. ബേബി പറഞ്ഞു.