ചിറ്റേത്തുകരയിൽ അനധികൃത പാറപൊട്ടിക്കൽ; വാർഡ് കൗൺസിലറും നാട്ടുകാരും ചേർന്ന് തടഞ്ഞു
1533081
Saturday, March 15, 2025 4:32 AM IST
കാക്കനാട്: ചിറ്റേത്തുകരയിൽ സ്വകാര്യ കെട്ടിടനിർമാതാക്കൾ കുഴികളിൽ ബ്ലാസ്റ്റിംഗ് പൗഡർ നിറച്ച് പാറ പൊട്ടിച്ചത് വാർഡു കൗൺസിലറുടെ നേതൃത്വത്തിൽ നാട്ടുകാർ തടഞ്ഞു. പോലീസും സംഭവസ്ഥലത്തെത്തി.
ചിറ്റേത്തു കരയിലെഇൻഫോപാർക്ക് എക്സ്പ്രസ് ഹൈവേയ്ക്ക് സമീപം കെ.പി. കുര്യൻ റോഡിലാണ് അനധികൃതമായി പാറ പൊട്ടിച്ചത് കെട്ടിട സമുച്ചയ നിർമാണത്തിനായി ഇവിടെ മണ്ണെടുക്കൽ തുടങ്ങിയിരുന്നു.
30 അടി താഴ്ചയിലെത്തിയപ്പോൾ ഭൂമിയിൽ പാറ കണ്ടതോടെ അതീവരഹസ്യമായി പാറപൊട്ടിക്കൽ ആരംഭിച്ചു. പാറകൾ പൊട്ടിത്തെറിച്ച് കരിങ്കൽ ചീളുകൾ സമീപത്തെ വീടുകളിലും പരിസരങ്ങളിലും പതിച്ചതോടെയാണ് നാട്ടുകാർ വിവരം അറിയുന്നത്.
വാർഡ് കൗൺസിലർ അസ്മ ഷെരീഫിന്റെയും പ്രദേശവാസികളുടെയും നേതൃത്വത്തിൽ നാട്ടുകാർ പാറ പൊട്ടിക്കുന്നത് തടഞ്ഞു. തുടർന്ന് ഇൻഫോപാർക്ക് പോലീസ് എത്തി നിർമാണ പ്രവർത്തനങ്ങൾ നിർത്തിവയ്പ്പിക്കുകയായിരുന്നു.