പാറക്കടവിൽ 20ന് വ്യാപാരി ഹർത്താൽ
1533076
Saturday, March 15, 2025 4:22 AM IST
നെടുമ്പാശേരി: പാറക്കടവ് പഞ്ചായത്തിൽ വ്യാപാരി ഹർത്താൽ പാറക്കടവ് പഞ്ചായത്തിലെ ഭരണസമിതിയുടെ കെടുകാര്യസ്ഥതയ്ക്കും ഉദ്യോഗസ്ഥ അനാസ്ഥയ്ക്കുമെതിരെ വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ നേതൃത്വത്തിൽ ഹർത്താലും ഉപരോധവും നടത്തുമെന്ന് കുറുമശേരി വ്യാപാര ഭവനിൽ വ്യാപാരികളുടെ പഞ്ചായത്ത് തല കൺവൻഷൻ പ്രഖ്യാപിച്ചു.
ഈ മാസം 20 ന് രാവിലെ ഒൻപതിന് സമരത്തോടനുബന്ധിച്ചുള്ള പ്രതിഷേധ പ്രകടനം പാറക്കടവ് ജംഗ്ഷനിൽ നിന്നും ആരംഭിക്കും. തുടർന്ന് പഞ്ചായത്ത് ഓഫീസ് ഉപരോധം തുടങ്ങും. ഉപരോധം കഴിയുന്നതുവരെ പാറക്കടവ് ഗ്രാമപഞ്ചായത്തിലെ വ്യാപാരികൾ കടകൾ തുറക്കുന്നതല്ലെന്നും ഭാരവാഹികൾ പ്രഖ്യാപിച്ചു.
വഴിയോര കച്ചവടം നിരോധിക്കുക, അന്യായമായി വർധിപ്പിച്ച നികുതികൾ പിൻവലിക്കുക, ഉദ്യോഗസ്ഥ അനാസ്ഥ അവസാനിപ്പിക്കുക,വ്യാപാരികൾക്ക് ലൈസൻസ് നൽകുന്നതിലെ കാലതാമസം ഒഴിവാക്കുക, തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് ഹർത്താലും ഉപരോധസമരവും പ്രഖ്യാപിച്ചിരിക്കുന്നത്.
വ്യാപാരികളെ ദ്രോഹിക്കുന്ന നിലപാടാണ് പാറക്കടവ് പഞ്ചായത്ത് അധികൃതർ സ്വീകരിക്കുന്നതെന്ന് വ്യാപാരികൾ കുറ്റപ്പെടുത്തി. സമര പ്രഖ്യാപന കൺവൻഷൻ കോ ഓർഡിനേഷൻ കമ്മിറ്റി ചെയർമാൻ സി.പി. തരിയൻ ഉദ്ഘാടനം ചെയ്തു.