വിദേശ ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങളുടെ തട്ടിപ്പ്; കേസെടുത്തു
1377606
Monday, December 11, 2023 2:20 AM IST
കാക്കനാട്: സോഷ്യല്‍ മീഡിയയില്‍ പരസ്യം നല്കി, വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങൾ തട്ടിയ ട്രാവൽ ഏജൻസി ഉടമകൾക്കെതിരെ തൃക്കാക്കര പോലീസ് അന്വേഷണം ആരംഭിച്ചു.
കാക്കനാട് ഭാരത് മാതാ കോളജിന് സമീപം പ്രവർത്തിക്കുന്ന യൂറോ ഫ്ളൈ ഹോളിഡേയ്സ് ഉടമ പാലക്കാട് സ്വദേശി പാറക്കൽ വീട്ടിൽ ഷംസീർ ഖാൻ, സജാദ് എന്നിവർക്കെതിരെയാണ് തട്ടിപ്പിനിരയായവരുടെ പരാതിയുടെ അടിസ്ഥാനത്തിൽ കേസെടുത്തത്.
ന്യൂസിലൻഡിലെ ഫാമിൽ പായ്ക്കിംഗ് ജോലിക്കായി ടൂറിസ്റ്റ് വിസ വാഗ്ദാനം നൽകി വ്യാജ വിസിറ്റിംഗ് വിസയും വിമാന ടിക്കറ്റും നൽകിയായിരുന്നു തട്ടിപ്പ്. പ്രതിമാസം ഒന്നര ലക്ഷം രൂപ ശമ്പളത്തിൽ ജോലി ഉണ്ടെന്ന് വിശ്വസിപ്പിച്ച് ഓരോരുത്തരിൽ നിന്നും അഞ്ചു ലക്ഷം രൂപ വീതം തട്ടിയെടുത്തെന്നാണ് പരാതി. 33 പേരാണ് ഏജന്‍സിക്ക് പണം നല്‍കിയത്.
ഇതിലെ ആദ്യ ബാച്ചായ 17 പേർ ന്യൂസിലൻഡിലേക്ക് പോകാനായി ശനിയാഴ്ച കൊച്ചി വിമാനത്താവളത്തില്‍ എത്തിയപ്പോഴാണ് കബളിപ്പിക്കപ്പെട്ട വിവരം അറിയുന്നത്. ഇവർക്കൊപ്പം ഷംസീറും ന്യൂസിലൻഡിലേക്ക് വരുന്നുണ്ടെന്നും പറഞ്ഞിരുന്നു.
എന്നാൽ ഷംസീറിനെ കാണാതെവന്നതോടെ ഇവർ ബന്ധപ്പെടാൻ ശ്രമിച്ചപ്പോൾ ഫോണ്‍ സ്വിച്ച് ഓഫായിരുന്നു. സംശയം തോന്നിയ ഇവര്‍ എയര്‍ലൈന്‍ കൗണ്ടറില്‍ അന്വേഷിച്ചപ്പോഴാണ് തങ്ങളുടെ കൈവശമുള്ള വിസയും വിമാന ടിക്കറ്റുകളും വ്യാജമാണെന്ന് തിരിച്ചറിഞ്ഞത്.
ഇതോടെ ഇവർ തൃക്കാക്കര പോലീസിനെ സമീപിക്കുകയായിരുന്നു. കൊച്ചി കോട്ടയം, ആലപ്പുഴ, തൃശൂർ, കാസർഗോഡ്, കണ്ണൂർ, തൊടുപുഴ, പാലാ, ഏറ്റുമാനൂർ എന്നിവിടങ്ങളിൽനിന്നുള്ളവരാണ് പണം നഷ്ടപ്പെട്ടവരിൽ ഏറെയും. ട്രാവല്‍ ഏജന്‍സിയിൽ പോലീസ് പരിശോധന നടത്തി.