ഓട്ടോ ഡ്രൈവറുടെ സത്യസന്ധതയിൽ വീട്ടമ്മയ്ക്ക് നഷ്ടപ്പെട്ട സ്വർണമാല തിരികെ കിട്ടി
1377604
Monday, December 11, 2023 2:20 AM IST
പറവൂർ: ഓട്ടോ ഡ്രൈവറുടെ സത്യസന്ധത മൂലം വീട്ടമ്മയ്ക്ക് നഷ്ടപ്പെട്ട അഞ്ചു പവന്റെ സ്വർണമാല തിരികെ ലഭിച്ചു. കണ്ണൻകുളങ്ങര ക്ഷേത്രത്തിനു സമീപത്തുള്ള സ്റ്റാൻഡിൽ 15 വർഷമായി ‘ഉണ്ണി ഗണപതി' എന്ന ഓട്ടോറിക്ഷ ഓടിക്കുന്ന ചെറിയപല്ലംതുരുത്ത് അറക്കൽ ബെന്നി (51) യാണ് തനിക്ക് വഴിയിൽ കിടന്ന് ലഭിച്ച മാല തിരിച്ചു നൽകി മാതൃകയായത്.
ഇന്നലെ പകലായിരുന്നു സംഭവം. അവധി ദിനമായതിനാൽ സ്റ്റാൻഡിൽ ഓട്ടം കുറവായിരുന്നു. സമീപത്തുള്ള സഹകരണ ബാങ്കിന്റെ പൊതുയോഗം നടക്കുന്നതിനാൽ എന്തെങ്കിലും ഓട്ടം കിട്ടുമെന്ന് പ്രതീക്ഷിച്ച് ബാവാ പള്ളിക്കു സമീപം കിടക്കുകയായിരുന്നു ബെന്നി. തൊട്ടടുത്തായി മണ്ണിൽ പുതഞ്ഞ നിലയിൽ സ്വർണമാല കിടക്കുന്നത് ശ്രദ്ധയിൽപ്പെട്ടു.
മാല എടുത്ത ശേഷം പരിസരത്തുണ്ടായിരുന്നവരോട് എന്തെങ്കിലും നഷ്ടമായിട്ടുണ്ടോ എന്ന് തിരക്കിയെങ്കിലും ഇല്ല എന്ന് മറുപടി കിട്ടി. മാല നഷ്ടമായവർ അന്വേഷിച്ചെത്തുമെന്ന പ്രതീഷയിൽ അവിടെത്തന്നെ കാത്തുകിടന്നു. കുറച്ചു കഴിഞ്ഞപ്പോൾ കാറിൽ ഒരു പുരുഷനും സ്ത്രീയുമെത്തി അവിടെയൊക്കെ തിരയുന്നത് ബെന്നി കണ്ടു.
കാര്യം തിരക്കിയപ്പോൾ ഒരു സാധനം പോയി എന്ന് മാത്രമേ അവർ പറയാൻ തയാറായുള്ളൂ. കുറച്ച് കഴിഞ്ഞ് വീണ്ടും ചോദിച്ചപ്പോൾ മാല നഷ്ടമായ വിവരം അവർ ബെന്നിയോട് പറഞ്ഞു. മാല തന്റെ കൈയിലുണ്ടെന്ന് ബെന്നി പറഞ്ഞെങ്കിലും ആദ്യം ദമ്പതികൾ വിശ്വസിച്ചില്ല. തുടർന്ന് മാല അവരെ കാണിക്കുകയും അവിടെ ഉണ്ടായിരുന്നവരുടെ സാന്നിധ്യത്തിൽ കൈമാറുകയും ചെയ്തു.
കാട്ടിൽ വീട്ടിൽ അക്ഷയുടെ ഭാര്യയുടെ അഞ്ച് പവൻ താലിമാല പൊതുയോഗത്തിനെത്തിയപ്പോഴാണ് നഷ്ടമായത്. ബെന്നിയുടെ ആത്മാർഥതയ്ക്കു വിലയിടാനാകില്ലെങ്കിലും ചെറിയൊരു പാരിതോഷികവും ദമ്പതികൾ കൈമാറി.