മതനിരപേക്ഷത സംരക്ഷിക്കാന്‍ അണിനിരക്കണം: മുഖ്യമന്ത്രി
1377598
Monday, December 11, 2023 2:20 AM IST
മൂവാറ്റുപുഴ: ന്യൂനപക്ഷ വിഭാഗങ്ങള്‍ക്കെതിരായ അക്രമങ്ങള്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ കേരളത്തിന്റെ മതനിരപേക്ഷ നിലപാട് സംരക്ഷിക്കുന്നതിനായി ഒറ്റക്കെട്ടായി അണിനിരക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. മൂവാറ്റുപുഴ മുനിസിപ്പല്‍ സ്റ്റേഡിയത്തില്‍ നടന്ന മുവാറ്റുപുഴ മണ്ഡലം നവകേരള സദസില്‍ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
രാജ്യത്തെ വിവിധ പ്രദേശങ്ങളില്‍ ന്യൂനപക്ഷ വിഭാഗങ്ങള്‍ അക്രമിക്കപ്പെടുകയാണ്. വംശഹത്യയ്ക്ക് ശ്രമം നടക്കുന്നു. ഇസ്രായേല്‍- പാലസ്തീന് പ്രശ്നത്തില്‍ ഇന്ത്യ എക്കാലത്തും പാലസ്തീനൊപ്പമായിരുന്നു. എന്നാല്‍ ഇപ്പോള്‍ ആ നയം മാറിയിരിക്കുന്നു. ഇതിനെല്ലാം എതിരേ പ്രതികരിക്കാന്‍ പ്രതിപക്ഷ കക്ഷികള്‍ക്കും കഴിയുന്നില്ല.
പലരെയും ഭീഷണിപ്പെടുത്തിയും വകുപ്പുകളുടെ നിര്‍ബന്ധപ്രകാരവുമാണ് ജനങ്ങള്‍ സദസിനെത്തുന്നതെന്ന ആരോപണമാണ് പ്രതിപക്ഷ കക്ഷികള്‍ ഉന്നയിക്കുന്നത്. നാടിന്റെ ആവശ്യമുയര്‍ത്തിയുള്ള സദസാണിതെന്ന് തിരിച്ചറിഞ്ഞ് ജനങ്ങള്‍ ഒന്നടങ്കം എത്തുകയാണ്.
എന്നാൽ നാടിനെ മോശമാക്കി ചിത്രീകരിക്കാനുള്ള ശ്രമമാണ് പ്രതിപക്ഷ കക്ഷികള്‍ നടത്തുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. സംഘാടക സമിതി ചെയര്മാന് എല്‍ദോ ഏബ്രഹാം അധ്യക്ഷത വഹിച്ചു.