ഉദ്ഘാടനം കഴിഞ്ഞിട്ട് ഒന്പത് വർഷം മൂവാറ്റുപുഴയിലെ ആധുനിക മത്സ്യമാർക്കറ്റ് അടഞ്ഞുതന്നെ
1377595
Monday, December 11, 2023 2:05 AM IST
മൂവാറ്റുപുഴ: ഏറെ കൊട്ടിഘോഷിച്ച് ഉദ്ഘാടനം നടത്തിയ ആധുനിക മത്സ്യമാർക്കറ്റ് ഒന്പതു വർഷം കഴിഞ്ഞിട്ടും പ്രവർത്തനം ആരംഭിച്ചില്ല. നഗരസഭ സ്റ്റേഡിയത്തിനു സമീപമാണ് മത്സ്യമാർക്കറ്റ് നിർമിച്ചിരിക്കുന്നത്. മുൻ എംഎൽഎ ജോസഫ് വാഴയ്ക്കന്റെ പ്രാദേശിക വികസന ഫണ്ടിൽ നിന്നു 40 ലക്ഷവും സംസ്ഥാന ഫിഷറീസ് വകുപ്പിൽ നിന്നു 1.6 കോടി രൂപയും ഉൾപ്പെടെ രണ്ടു കോടി ചെലവഴിച്ചാണ് മാർക്കറ്റ് പൂർത്തീകരിച്ചത്.
എല്ലായിനം മത്സ്യങ്ങളുടെയും മൊത്ത-ചില്ലറ വ്യാപാരം ലക്ഷ്യമിടുന്ന ഇവിടെ മത്സ്യങ്ങൾ കേടുകൂടാതെ സൂക്ഷിക്കുന്നതിനും വൃത്തിയാക്കുന്നതിനുമുള്ള സംവിധാനവും ഒരുക്കിയിരുന്നു. രാജ്യത്ത് ഉന്നത നിലവാരമുള്ള 200 മത്സ്യമാർക്കറ്റുകൾ സ്ഥാപിക്കുന്നതിന്റെ ഭാഗമായിട്ടാണ് മൂവാറ്റുപുഴയിലും മാർക്കറ്റ് സ്ഥാപിക്കാൻ നടപടിയായത്.
പുതിയ മത്സ്യമാർക്കറ്റ് പൂർത്തീകരിച്ചതോടെ വർഷങ്ങളായി എംസി റോഡരികിൽ വാഴപ്പിള്ളിയിൽ പ്രവർത്തിച്ചുവന്നിരുന്ന മത്സ്യമാർക്കറ്റ് ഇവിടെ നിന്നും പുതിയ കെട്ടിടത്തിലേക്ക് മാറ്റി പ്രവർത്തനം ആരംഭിക്കുമെന്ന് അധികൃതർ അറിയിച്ചിരുന്നെങ്കിലും വർഷങ്ങൾ പിന്നിട്ടിട്ടും നടപടി ഉണ്ടായില്ല. പുതിയ മാർക്കറ്റിലെ സ്റ്റാളുകൾ വ്യാപാരികൾക്ക് ലേലം ചെയ്ത് നൽകുന്ന നടപടികളും നടന്നില്ല.
ഇതിനിടെ മത്സ്യമാർക്കറ്റ് മാറ്റുന്നതിനെതിരേ ഒരു വിഭാഗം രംഗത്ത് വന്നിരുന്നു.വർഷങ്ങളായി എംസി റോഡരികിൽ പ്രവർത്തിക്കുന്ന മാർക്കറ്റാണ് തങ്ങൾക്ക് കൂടുതൽ സൗകര്യപ്രദമെന്നാണ് ഇവരുടെ വാദം. ലോറികളിലും മറ്റും എത്തുന്ന മത്സ്യത്തിന്റെ കയറ്റിയിറക്കിന് ആവശ്യമായ സൗകര്യം പുതിയ മാർക്കറ്റിൽ ഇല്ലെന്നാണ് ഇവർ പറയുന്നത്.
മഴക്കാലത്ത് വെള്ളപ്പൊക്ക ഭീഷണിയും നിലനിൽക്കുന്നുണ്ട്. എംസി റോഡരികിൽ മാർക്കറ്റ് പ്രവർത്തിക്കുന്നത് അപകടത്തിന് കാരണമാകുമെന്ന അഭിപ്രായം ഉയർന്നതിനെ തുടർന്നാണ് പുതിയ മാർക്കറ്റ് നിർമിക്കാൻ നഗരസഭാധികൃതർ തീരുമാനിച്ചത്. വർഷങ്ങൾക്ക് മുന്പു മീൻകയറ്റിയിറക്കു ജോലിയിൽ ഏർപ്പെട്ടിരുന്ന അഞ്ചു മത്സ്യ വ്യാപാരികൾ അപകടത്തിൽ മരിക്കുകയും ചെയ്തതോടെ മാർക്കറ്റ് റോഡരികിൽ നിന്നും മാറ്റണമെന്ന് ആവശ്യം ശക്തമാകുകയായിരുന്നു.
മൂവാറ്റുപുഴയിലെയും സമീപ പ്രദേശങ്ങളിലേയും ഏറ്റവും വലിയ മത്സ്യമാർക്കറ്റാണ് വാഴപ്പിള്ളിയിലുള്ളത്. പ്രതിദിനം ലക്ഷക്കണക്കിന് രൂപയുടെ മത്സ്യവ്യാപാരമാണ് ഇവിടെ നടക്കുന്നത്. ഇടുക്കി, കോട്ടയം ജില്ലകളിൽ നിന്നുള്ള ചെറുകിട മത്സ്യവ്യാപാരികളും ഇവിടെയെത്തിയാണ് മത്സ്യം വാങ്ങുന്നത്.
അതേസമയം പുതിയ മാർക്കറ്റ് പ്രവർത്തനത്തോട് വ്യാപാരികൾ സഹകരിച്ചില്ലെങ്കിൽ മറ്റു പദ്ധതികൾക്കായി ഇത് ഉപയോഗിക്കുമെന്നും നഗരസഭാധികൃതർ പറഞ്ഞിരുന്നെങ്കിലും അതും നടപ്പായില്ല. ശീതീകരണ സംവിധാനവും, ആധുനിക മാലിന്യ സംസ്കരണ സംവിധാനവുമുൾപ്പെടെ നിരവധി സ്റ്റാളുകളും ഉൾകൊള്ളുന്ന രണ്ടുനില കെട്ടിടമാണ് മാർക്കറ്റിനുവേണ്ടി പൂർത്തിയാക്കിയത്. വർഷങ്ങളായി അടഞ്ഞു കിടക്കുന്നതിനാൽ മാർക്കറ്റിലെ പല ഉപകരണങ്ങളും സാമൂഹ്യ വിരുദ്ധർ മോഷ്ടിച്ചു.
മാർക്കറ്റിലെ വൈദ്യുതി ഉപകരണങ്ങളും ഫ്രീസറിന്റെ ഭാഗങ്ങളുമടക്കമാണ് സാമൂഹിക വിരുദ്ധർ കടത്തിയത്. കഴിഞ്ഞ മഹാപ്രളയത്തിൽ ലക്ഷങ്ങൾ വിലമതിക്കുന്ന ശീതീകരണ സംവിധാനങ്ങളെല്ലാം നശിക്കുകയും ചെയ്തു. മഴപെയ്താൽ വെള്ളം കയറുന്ന സ്ഥലത്ത് മണ്ണിട്ടുയർത്താതെ നിർമിച്ചതിനെതിരെ അന്നേ വിമർശനമുയർന്നെങ്കിലും തുക നഷ്ടമാകുമെന്ന കാരണം ചൂണ്ടിക്കാട്ടി അധികൃതർ നിർമാണം നടത്തുകയായിരുന്നു.