കൂത്താട്ടുകുളത്ത് അടച്ചിട്ട നിലയിൽ വനിതാ വിശ്രമ കേന്ദ്രവും ശുചിമുറിയും
1377587
Monday, December 11, 2023 1:58 AM IST
കൂത്താട്ടുകുളം: കെഎസ്ആർടിസി സബ് ഡിപ്പോയിലെ വനിതാ വിശ്രമ കേന്ദ്രവും ശുചിമുറിയും അടച്ചുപൂട്ടിയ നിലയിൽ. എംസി റോഡിലൂടെ കടന്നുപോകുന്ന നൂറുകണക്കിന് കെഎസ്ആർടിസി ബസുകൾ ഈ സ്റ്റാൻഡിലൂടെയാണ് കടന്നുപോകുന്നത്.
നൂറുകണക്കിന് യാത്രക്കാരാണ് ഒരു ദിവസം ഇതുവഴി യാത്ര ചെയ്യുന്നത്. എന്നാൽ മാസങ്ങളായി ഇവിടുത്തെ ശുചിമുറികൾ പ്രവർത്തനരഹിതമായി കിടക്കുകയാണ്. സ്ത്രീകൾക്ക് വിശ്രമകേന്ദ്രവും അമ്മമാർക്ക് ഫീഡിംഗ് സെന്ററിന് സൗകര്യവുമുള്ള രണ്ടുനില വനിതാ വിശ്രമ കേന്ദ്രം അടച്ചുപൂട്ടിയിട്ട് മാസങ്ങളായി.
മുകളിൽ വിശ്രമത്തിനും താമസത്തിനും സൗകര്യമുള്ള മുറികളിൽ കെഎസ്ആർടിസിയുടെ ഉപയോഗശൂന്യമായ സാധനങ്ങൾ ഡംബ് ചെയ്യുന്ന കേന്ദ്രമായി മാറിയിരിക്കുകയാണ്. അറിയാതിരിക്കാൻ ജനൽ ഗ്ലാസുകളിൽ ന്യൂസ് പേപ്പർ കൊണ്ട് മറച്ചു വെച്ചിട്ടുണ്ട്. സ്ത്രീകൾക്ക് വേണ്ടവിധം ശുചിമുറി ഉപയോഗിക്കാൻ സാധിക്കുന്നില്ല.
വിശ്രമം സാധിക്കുന്നില്ല. വെള്ളം ഉറവകയറി ബ്ലോക്കാകുന്നു എന്നാണ് ഇത് സംബന്ധിച്ച് ചോദിക്കുന്പോൾ അധികൃതർ പറയുന്നത്. എന്നാൽ വ്യാപാരി വ്യവസായ അസോസിയേഷൻ തൊട്ട ടുത്ത് നിർമിച്ച ശുചിമുറിയ്ക്ക് ഈ തടസം ഇല്ല. ജോസ് കെ. മാണി എംപിയുടെ ഫണ്ട് ഉപയോഗിച്ച് പണിത പുരുഷന്മാരുടെ ശുചിമുറിയും അടഞ്ഞുകിടക്കുകയാണ്.
വനിതാ വിശ്രമ കേന്ദ്രങ്ങളും നന്നാക്കി പ്രവർത്തിപ്പിക്കുന്നതിനായി 4.5 ലക്ഷം അനുവദിച്ചിരുന്നു. എന്നാൽ ഇത് കരാർ കൊടുക്കാതെ കെഎസ്ആർടിസിലെ തന്നെ താത്കാലിക ജീവനക്കാരന്റെ പേരിൽ ടെൻഡർ എടുത്ത് സ്ഥിരം ജീവനക്കാരൻ പണി നടത്തിയതു കൊണ്ട് മോശം പൈപ്പുകളും സാധനങ്ങളും ഉപയോഗിച്ചാണ് നിർമിച്ചതെന്ന പരാതിയും നിലനിൽക്കുന്നുണ്ട്. ഇതുകൊണ്ടുതന്നെ ശുചിമുറികൾ ഉപയോഗിക്കാൻ പറ്റാതായി.
താത്കാലിക ജീവനക്കാരനോ സ്ഥിരം ജീവനക്കാരനോ ഇത്തരം ടെൻഡറുകൾ എടുത്ത് ജോലി ചെയ്യാൻ നിയമമില്ല. അതേ സമയം വിശ്രമ കേന്ദ്രവും ശുചിമുറികളും ഉൾപ്പെടെ പ്രവർത്തിപ്പിക്കുന്നതിന് ആവശ്യമായ നടപടി ഉടനുണ്ടാകുമെന്ന് അധികൃതർ പറഞ്ഞു.