ഇരു വശങ്ങളിലും കുടിവെള്ള പൈപ്പിടൽ ആലുവ-മൂന്നാർ റോഡിൽ ഗതാഗതക്കുരുക്ക്
1377575
Monday, December 11, 2023 1:45 AM IST
ആലുവ: റോഡിന്റെ ഇരുവശങ്ങളിലും കുടിവെള്ള പൈപ്പിടുന്ന ജോലികൾ ആരംഭിച്ചതോടെ ആലുവ - മൂന്നാർ റൂട്ടിൽ ചാലയ്ക്കൽ - മഹിളാലയം പാലം മേഖലയിൽ ഗതാഗതക്കുരുക്ക് രൂക്ഷമായി. റോഡിന്റെ ഒരു ഭാഗത്തെ പൈപ്പിടൽ ജോലികൾ തുടരുന്നതോടൊപ്പം എതിർ വശത്തും ആരംഭിച്ചതോടെയാണ് ഗതാഗത തടസം രൂക്ഷമായതെന്ന് നാട്ടുകാർ പറയുന്നു.
ചാലയ്ക്കൽ പകലമറ്റം മുതലാണ് പൈപ്പിടുന്ന ജോലികൾ ആദ്യം ആരംഭിച്ചത്. ഇപ്പോൾ തിരക്കേറിയ മഹിളാലയം ജംഗ്ഷൻ വരെ എത്തിനിൽക്കുകയാണ്. ഇതോടൊപ്പം റോഡിന്റെ എതിർ വശത്ത് പൈപ്പിടൽ ജോലികൾ ആരംഭിച്ച് ചാലക്കൽ പതിയാട്ട് കവല വരെ എത്തിനിൽക്കുകയാണ്. ഇതോടെ ഗതാഗതക്കുരുക്കിൽ മണിക്കൂറോളം റോഡിൽ കിടക്കേണ്ട ഗതികേടിലാണ് വാഹന യാത്രക്കാർ.
കഴിഞ്ഞ ദിവസം ശക്തമായ മഴ പെയ്തതോടെ പൈപ്പിട്ടു മൂടിയ കുഴിയിൽ വാഹനങ്ങൾ താഴ്ന്ന് അപകടത്തിലാകുന്നുമുണ്ട്. പല സ്ഥലങ്ങളിലും ശരിയായ രീതിയിൽ കുഴിമൂടാത്തതിനാൽ വാഹനങ്ങൾക്ക് സഞ്ചരിക്കാൻ പറ്റാത്ത അവസ്ഥയുണ്ട്. ഒരു ഭാഗത്ത് പണി തീർന്നശേഷം മാത്രം റോഡിന്റെ എതിർഭാഗത്തെ പണി ആരംഭിച്ചാൽ ഗതാഗത തടസം ഒരു പരിധിവരെ പരിഹരിക്കാൻ സാധിക്കുമെന്നാണ് നാട്ടുകാർ പറയുന്നത്.
കൂടാതെ ശരിയായ രീതിയിൽ കുഴി മൂടുന്നതിന് വേണ്ട നടപടികളും സ്വീകരിക്കണമെന്നു നാട്ടുകാർ ആവശ്യപ്പെട്ടു. രൂക്ഷമായ ഗതാഗതടസം ഉണ്ടാകുന്ന വൈകുന്നേരങ്ങളിൽ ഗതാഗതം നിയന്ത്രിക്കുന്നത് കരാർ പണിക്കാരുടെ ജോലിക്കാർ മാത്രമാണ്. ഗതാഗത തടസം രൂക്ഷമാകുന്ന സമയങ്ങളിൽ പോലീസിന്റെ സഹായവും ഉണ്ടാകണമെന്ന് വാഹന യാത്രക്കാർ ആവശ്യപ്പെട്ടു.