ദിവ്യകാരുണ്യ കോണ്‍ഗ്രസ് സമാപിച്ചു
1377574
Monday, December 11, 2023 1:45 AM IST
കൊച്ചി: വരാപ്പുഴ അതിരൂപതയില്‍ ഒരു വര്‍ഷം നീണ്ടു നിന്ന കുടുംബ വിശുദ്ധീകരണ വര്‍ഷ പരിപാടികളും ദിവ്യകാരുണ്യ കോണ്‍ഗ്രസും സമാപിച്ചു. എറണാകുളം പാപ്പാളി ഹാളില്‍ നടത്തിയ അതിരൂപത ജൂബിലി ദമ്പതീ സംഗമം വരാപ്പുഴ ആര്‍ച്ച്ബിഷപ് ഡോ. ജോസഫ് കളത്തിപ്പറമ്പില്‍ ഉദ്ഘാടനം ചെയ്തു.
തുടര്‍ന്ന് എറണാകുളം സെന്റ് ഫ്രാന്‍സിസ് അസീസി കത്തീഡ്രലില്‍ ദിവ്യകാരുണ്യ പ്രഭാഷണം തോട്ടുവ നവജീവന്‍ ധ്യാനകേന്ദ്രം ഡയറക്ടര്‍ ഫാ. വിപിന്‍ ചൂതന്പറമ്പില് നയിച്ചു. ദിവ്യകാരുണ്യപ്രദിക്ഷണത്തിന് അതിരൂപത വികാരി ജനറല്‍ മോണ്‍. മാത്യു ഇലഞ്ഞിമിറ്റം നേതൃത്വം നല്കി. ദിവ്യകാരുണ്യത്തിന്റെ സമാപന ആശിര്‍വാദം ആര്‍ച്ച്ബിഷപ് ഡോ. ജോസഫ് കളത്തിപ്പറമ്പില്‍ നിര്‍വഹിച്ചു. പൊന്തിഫിക്കല്‍ ദിവ്യബലിയില്‍ വരാപ്പുഴ അതിരൂപതയിലെ വൈദികര്‍ സഹകാര്‍മികരായി.
തുടര്‍ന്ന് നടന്ന ചടങ്ങില്‍ അതിരൂപതയിലെ ഏറ്റവും മികച്ച ഫൊറോന കുടുംബ യൂണിറ്റുകള്‍ക്കുള്ള അവാര്‍ഡ് സമ്മാനിച്ചു. ചാന്‍സലര്‍ ഫാ. എബിജിന്‍ അറക്കല്‍ രചന നിര്‍വഹിച്ച് ഫാ. ടിജോ തോമസ് സംഗീത സംവിധാനം നിര്‍വഹിച്ച തണല്‍ എന്ന ആത്മീയ സംഗീത ആല്‍ബം ആര്‍ച്ച്ബിഷപ് പ്രകാശനം ചെയ്തു. ചടങ്ങുകള്‍ക്ക് കത്തീഡ്രല്‍ വികാരി ഫാ. പീറ്റര്‍ കൊച്ചുവീട്ടില്‍, അതിരൂപത മിനിസ്ട്രി കോഡിനേറ്റര്‍ ഫാ. യേശുദാസ് പഴമ്പിള്ളി എന്നിവര്‍ നേതൃത്വം നല്കി.