ഗോശ്രീ ബസുകളുടെ നഗരപ്രവേശനം; പോസ്റ്റർ വിവാദത്തിലേക്ക്
1377573
Monday, December 11, 2023 1:45 AM IST
വൈപ്പിൻ: ഗോശ്രീ ബസുകളുടെ നഗരപ്രവേശനം സംബന്ധിച്ച അന്തിമ വിജ്ഞാപനത്തിലും വിവാദംനില നിൽക്കെ നഗരപ്രവേശനം സാധ്യമാക്കിയെന്ന് പറഞ്ഞ് കെ.എൻ. ഉണ്ണിക്കൃഷ്ണൻ എംഎൽഎയുടെ ചിത്രം ആലേഖനം ചെയ്ത് കേരള കോൺഗ്രസ് മാണി ഗ്രൂപ്പുകാർ മണ്ഡലത്തിലുടനീളം പതിപ്പിച്ച പോസ്റ്റർ വിവാദമായി.
നഗരപ്രവേശനം ഇനിയും പ്രാബല്യത്തിലാകാതെ പോസ്റ്റർ ഇറക്കിയതിലെ അനൗചിത്യം ചൂണ്ടിക്കാട്ടി റസിഡൻസ് അസോസിയേഷൻ നേതാക്കൾ സമൂഹമാധ്യമത്തിൽ ആക്ഷേപം അറിയിച്ചിട്ടുണ്ട്.
പറവൂർ, മുനമ്പം മേഖലകളിൽനിന്നു സർവീസ് തുടങ്ങുന്ന പ്രൈവറ്റ് ബസുകളിൽ ഓരോന്ന് വീതമെങ്കിലും ആലുവ, കാക്കനാട്, തൃപ്പൂണിത്തുറ, തേവര, ഫോർട്ടുകൊച്ചി എന്നിവിടങ്ങളിലേക്ക് സർവീസ് നടത്തിയിട്ട് മതി നാടുമുഴുവൻ പോസ്റ്റർ ഒട്ടിക്കലെന്ന് പ്രദേശവാസികൾ പ്രതികരിക്കുന്നത്. ഇത് നടപ്പാക്കണമെങ്കിൽ അന്തിമ വിജ്ഞാപനത്തിൽ തിരുത്തലുകൾ വരുത്തണം. എന്നാൽ മാത്രമേ പറവൂർ നിന്നും മുനമ്പത്തുനിന്നും ആരംഭിക്കുന്ന സ്വകാര്യ ബസുകളുടെ നഗരപ്രവേശം സാധ്യമാകു.
ഇത് മറച്ചുവച്ച് പൊതുജനത്തെ തെറ്റിദ്ധരിപ്പിക്കുന്നത് യോഗ്യതയല്ലെന്നാണ് വിമർശനം. നഗരപ്രവേശനമാവശ്യപ്പെട്ട് സമര രംഗത്തുള്ള വൈപ്പിനിലെ 250ഓളം റസിഡന്റ്സ് അസോസിയേഷനുകളുടെ കൂട്ടായ്മയായ ഫ്രാഗ്, ഗോശ്രീ മനുഷ്യാവകാശ സംരക്ഷണസമിതി, മുതിർന്ന ഇടതുപക്ഷ നേതാവ് മജ്നു കോമത്ത്, വൈപ്പിൻ എസ്എൻഡിപി യൂണിയൻ, കുടുംബി സേവാസംഘം, വൈപ്പിൻ മേഖല കാത്തലിക് അസോസിയേഷൻ എന്നിവരൊക്കെ അന്തിമ വിജ്ഞാപനത്തിൽ തിരുത്ത് ആവശ്യപ്പെട്ട് സമരത്തിനു പിന്നിലുള്ളവരാണ്.
അന്തിമ വിജ്ഞാപനത്തിൽ നിരാശ; സര്‍വകക്ഷി സമ്മേളനം ഇന്ന്
വൈപ്പിന്‍: ഗോശ്രീ ബസുകളുടെ നഗര പ്രവേശനം അനുവദിച്ചെന്ന് അവകാശപ്പെടുന്ന സർക്കാർ വിജ്ഞാപനത്തിലെ അപാകതകള്‍ പരിഹരിക്കണമെന്ന ആവശ്യവുമായി ഗോശ്രീ മനുഷ്യാവകാശ സംരക്ഷണ സമിതി ഇന്ന് സർവകക്ഷി സമ്മേളനം ചേരും. വൈകുന്നേരം നാലിന് കാളമുക്ക് ഗോശ്രീ കവലയിലാണ് സമ്മേളനം. സമിതി ചെയർമാൻ പോൾ ജെ. മാമ്പിള്ളി ഉദ്ഘാടനം ചെയ്യും.