പച്ചക്കറി വ്യാപാരിക്ക് മർദനം: സിപിഎം-സിഐടിയു നേതാക്കൾക്കെതിരേ കേസ്
1377303
Sunday, December 10, 2023 3:10 AM IST
ആലുവ: നവകേരള സദസിനെ വിമർശിച്ച ആലുവ മാർക്കറ്റിലെ പച്ചക്കറി വ്യാപാരിയെ മർദിച്ച കേസിൽ 25ഓളം സിപിഎം, സിഐടിയു നേതാക്കൾക്കെതിരേ ആലുവ പോലീസ് കേസെടുത്തു.
സിഐടിയു ഏരിയ സെക്രട്ടറി പി.എം. സഗീർ, സിപിഎം ഏരിയ കമ്മിറ്റി അംഗം രാജീവ് സക്കറിയ, മാർക്കറ്റിലെ ചുമട്ടു തൊഴിലാളികളായ രാജൻ, മിഥുൻ തുടങ്ങി കണ്ടാലറിയാവുന്ന 25 പേർക്കെതിരെയാണ് കേസ്.സംഘം ചേർന്ന് മർദിച്ചെന്നാണ് സവാള വ്യാപാരിയായ ചെങ്ങമനാട് സ്വദേശി തോമസ്(72) പോലീസിന് മൊഴി നൽകിയിട്ടുള്ളത്.
പ്രതികൾ അന്യായമായി സംഘം ചേർന്ന് ആക്രമിച്ചതിന് സെക്ഷൻ 143,147,506,451, 341,323,294 (ബി) എന്നീ വകുപ്പുകൾ പ്രകാരമാണ് പ്രതികൾക്കെതിരേ എഫ്ഐആർ രജിസ്റ്റർ ചെയ്തത്. നവകേരള സദസ് നടന്ന ഏഴിന് ഉച്ചയോടെ മുഖ്യമന്ത്രി വരുന്നതിന് നാലു മണിക്കൂർ മുമ്പ് ആലുവ മാർക്കറ്റിൽ തോമസിന്റെ കടയ്ക്കു മുമ്പിലായിരുന്നു സംഭവം. ഇതേത്തുടർന്ന് വ്യാപാരികൾ വെള്ളിയാഴ്ച പച്ചക്കറി മാർക്കറ്റ് അടച്ചിട്ട് പ്രതിഷേധിച്ചു.
നവകേരള സദസിനെയും മുഖ്യമന്ത്രിയെയും വിമർശിച്ച പേരിൽ ചുമട്ട് തൊഴിലാളികളുമായി ആറിന് വാക്കേറ്റം നടന്നിരുന്നു. അതു ചോദിക്കാൻ അടുത്ത ദിവസം നേതാക്കന്മാരുടെ നേതൃത്വത്തിൽ എത്തി വ്യാപാരിയെ മർദിക്കുകയായിരുന്നു. നിരീക്ഷണ കാമറ പകർത്തിയ ദൃശ്യം അടങ്ങിയ ഹാർഡ് ഡിസ്ക് പ്രതികൾ എടുത്തുകൊണ്ട് പോയതായും പരാതിയുണ്ട്.