മന്ത്രിസഭ സമക്ഷം
1377302
Sunday, December 10, 2023 3:10 AM IST
നവകേരള സദസിന്റെ ഭാഗമായി എറണാകുളം ജില്ലയിലുള്ള മന്ത്രിസഭയുടെ ശ്രദ്ധയിലേക്ക്, ഇവിടുത്തെ മണ്ഡലങ്ങളും ജനങ്ങളും ഉയർത്തുന്ന പ്രധാനപ്പെട്ട അഞ്ച് ആവശ്യങ്ങളുടെയും ആവലാതികളുടെയും സംക്ഷിപ്ത ചിത്രം ‘ദീപിക മന്ത്രിസഭ സമക്ഷം' മുന്നോട്ടുവയ്ക്കുന്നു. ഇന്ന് നവകേരള സദസ് നടക്കുന്ന പെരുന്പാവൂര്‍, കോതമംഗലം, മൂവാറ്റുപുഴ മണ്ഡലങ്ങളിലെ അഞ്ച് ആവശ്യങ്ങൾ.
പെരുമ്പാവൂര്‍ പെരുമ കാക്കണം
1. പൂട്ടിക്കിടക്കുന്ന പെരുമ്പാവൂര്‍ ട്രാവന്‍കൂര്‍ റയോണ്‍സും പരിസരങ്ങളും പെരുന്പാവൂരിന്റെ വികസന പ്രവര്‍ത്തനങ്ങള്‍ക്ക് പുതിയമുഖം നല്കാന് പര്യാപ്തമാകുന്ന രീതിയില്‍ ഉപയോഗിക്കണം. 73 ഏക്കറില്‍ സ്ഥിതി ചെയ്യുന്ന പെരുമ്പാവൂര്‍ ട്രാവന്‍കൂര്‍ റയോണ്‍സ് കമ്പനി 2001 ല്‍ ആണ് തൊഴിലാളി പ്രശ്നങ്ങൾ മൂലം അടച്ചുപൂട്ടിയത്.

2. പെരുമ്പാവൂരിന്റെ വളര്‍ച്ചയ്ക്ക് ഉതകുന്ന രീതിയില്‍ സര്‍ക്കാര്‍ നിയന്ത്രണത്തില്‍ ആധുനിക രീതിയില്‍ ഒരു മെഡിക്കല്‍ കോളജ് വേണമെന്ന ആവശ്യം ശക്തമാണ്. ഇടുക്കി ഉള്‍പ്പടെ ഹൈറേഞ്ച് മേഖലയില്‍ നിന്നുള്ളവര്‍ക്കും ഗുണകരമാകും.
3. പെരുമ്പാവൂര്‍ മേഖയില്‍ റോഡുകളുടെ വികസനം വളരെ ഗൗരവമേറിയ ആവശ്യമാണ്. ഗ്രാമപ്രദേശങ്ങളിലെ റോഡുകളെല്ലാം തകര്‍ച്ചയുടെ വക്കിലാണ്. ബിഎംബിസി നിലവാരത്തില്‍ റോഡുകള്‍ സഞ്ചാരയോഗ്യമാക്കിയാല്‍ ടൂറിസം മേഖലയില്‍ ഉള്‍പ്പെടെ അത് മുതല്‍കൂട്ടാണ്.
4. ഗ്രാമപ്രദേശങ്ങള്‍ കേന്ദ്രീകരിച്ച് കെഎസ്ആര്‍ടിസി ഗ്രാമവണ്ടികള്‍ തുടങ്ങണം. പുതുതായി നിര്‍മിച്ച വല്ലം കടവ് പാറപ്പുറം പാലം വഴി കാഞ്ഞൂര്‍ പഞ്ചായത്തിനെയും പെരുമ്പാവൂര്‍ മുനിസിപ്പാലിറ്റിയെയും ബന്ധിപ്പിച്ച് ഗ്രാമവണ്ടി സര്‍വീസ് നടത്തുന്നുണ്ട്. ഇതു മറ്റിടങ്ങളിലേക്കും വ്യാപിപ്പിക്കണം.
5. മണ്ഡലത്തിലെ ടൂറിസം കേന്ദ്രങ്ങളായ ഇരിങ്ങോള്‍ വനം, നാഗഞ്ചേരിമന, കല്ലില്‍ ഗുഹാക്ഷേത്രം, പാണിയേലി പോര്, കോടനാട് ആന വളര്‍ത്തല്‍ കേന്ദ്രം, കപ്രിക്കാട്, മലയാറ്റൂര്‍ പള്ളി എന്നിവിടങ്ങളില്‍ കൂടുതല്‍ അടിസ്ഥാന വികസനവും യാത്രാ സൗകര്യങ്ങളുമായി സഞ്ചാരികളെ ആകര്‍ഷിക്കണം.
മുന്നേറട്ടെ മൂവാറ്റുപുഴ
1. പാലങ്ങളും ബൈപാസുകളുമാണ് "മൂവാറ്റുപുഴ കടക്കാന്‍' അടിയന്തരമായി വേണ്ടത്. നിര്‍മാണം പൂര്‍ത്തിയായി 10 വര്‍ഷം കഴിഞ്ഞിട്ടും മുറികല്ല് പാലം തുറന്നു നല്‍കിയിട്ടില്ല. അപ്രോച്ച് റോഡാണ് തര്‍ക്കവിഷയം. നിര്‍മിക്കാത്തതാണ് മുറികല്ല് ബൈപാസിന്റെ വിഷയം. നിലച്ച കെഎസ്ആര്‍ടിസി ബസ് സ്റ്റാൻഡ് നിര്‍മാണം, ഗതാഗതക്കുരുക്ക് എന്നിവയ്ക്കും പരിഹാരം വേണം. ഇഴഞ്ഞു നീങ്ങുന്ന നഗരവികസനവും വേഗത്തിലാക്കണം.

2. ദിവസവും നൂറുകണക്കിന് രോഗികളെത്തുന്ന ജനറല്‍ ആശുപത്രിയില്‍ കാര്‍ഡിയോളജി, ന്യൂറോളജി, ഐസിയു സംവിധാനങ്ങളില്ല. സ്കാനിംഗിനും സൗകര്യമില്ല. ഒന്നരവര്‍ഷം മുമ്പ് പണി പൂര്‍ത്തീകരിച്ച അത്യാധുനിക സംവിധാനത്തോടു കൂടിയ ഓപ്പറേഷന് തിയറ്ററും ഗൈനിക് വാര്‍ഡും തുറക്കണം.
3. കോടികള്‍ ചെലവഴിച്ചു നിര്‍മിച്ച ആധുനിക അറവുശാല അടച്ചുപൂട്ടിയിട്ടു വര്‍ഷങ്ങളായി. മാലിന്യസംസ്കരണത്തിനു ഫലപ്രദമായ മാര്‍ഗമില്ലെന്ന കാരണത്താലാണ് അറവുശാല അടച്ചുപൂട്ടിയത്. പോരായ്മകള്‍ പരിഹരിച്ച് അറവുശാലയുടെ പ്രവര്‍ത്തനം പുനരാരംഭിക്കണം.
4. സംസ്ഥാനത്തെ ആദ്യത്തെ അര്‍ബന്‍ഹാറ്റ് മൂവാറ്റുപുഴയിലാണ്. കാവുങ്കരയില്‍ നിര്‍മിച്ച അര്‍ബന്‍ ഹാറ്റിന്റെ പ്രവര്‍ത്തനം ഇതുവരെ ആരംഭിച്ചിട്ടില്ല. രാജ്യത്തിന്റെ വിവിധ മേഖലകളില്‍ നിന്നുള്ള കലാകാരന്മാര്ക്ക് അവരുടെ കലാരൂപങ്ങള്‍ അവതരിപ്പിക്കാനും കരകൗശല വസ്തുക്കളും ചിത്രങ്ങളും വില്‍ക്കുവാനും സൗകര്യം ഒരുക്കുന്ന പദ്ധതി നടപ്പാക്കണം അഗ്നിരക്ഷാ നിലയമാണ് ഇപ്പോള്‍ ഇവിടെ താത്കാലികമായി പ്രവര്‍ത്തിക്കുന്നത്.
5. ശബരി റെയില്‍പാത നിര്‍മാണം പൂര്‍ത്തിയായാല്‍ മൂവാറ്റുപുഴയുടെ വികസന മുഖം മാറുമെന്ന് തീര്‍ച്ചയാണ്. കാലങ്ങള്‍ പഴക്കമുള്ള പദ്ധതി എങ്ങുമെത്താതായതോടെ സര്‍വേക്കല്ലുകള്‍ മറ്റും പതിപ്പിച്ച നിരവധി വീടുകളും സ്ഥലങ്ങളും കൈമാറ്റം ചെയ്യാനാകാതെ ജനം വിഷമിക്കുകയാണ്. പദ്ധതിക്കായി സ്ഥലം നല്കിയവരും ഇതോടെ ദുരിതത്തിലായി. പദ്ധതിയുടെ പേരില്‍ ജനങ്ങളെ ദുരിതത്തിലാക്കരുത്.
വികസനം കാത്ത് കോതമംഗലം
1. കോതമംഗലം മണ്ഡലത്തിലെ അഞ്ച് പഞ്ചായത്തുകളും കാട്ടാനകളുടെ ആക്രമണ ഭീതിയിലാണ്. കുട്ടമ്പുഴ പഞ്ചായത്തില്‍ മാത്രമായിരുന്ന കാട്ടാന സാന്നിധ്യം അഞ്ച് പഞ്ചായത്തുകളിലേക്ക് വ്യാപിച്ചു. ഇത് മനുഷ്യ-വന്യജീവി സംഘര്‍ഷം വര്‍ധിപ്പിക്കുകയാണ്. കുട്ടമ്പുഴ, കോട്ടപ്പടി, കീരമ്പാറ, കവളങ്ങാട്, പിണ്ടിമന പഞ്ചായത്തുകളിലെ വനാതിര്‍ത്തി ഗ്രാമങ്ങളാണ് കെടുതി നേരിടുന്നത്. കാട്ടുമൃഗങ്ങളുടെ ശല്യം മൂലം കര്‍ഷകര്‍ കൃഷി ഉപേക്ഷിക്കുന്ന സ്ഥിതിയുണ്ട്.

2. ആറ് വില്ലേജുകളിലെ പട്ടയപ്രശ്നം, റബര്‍ വിലയിടിവ്, കുടിവെള്ള പ്രശ്നം, പൊതുശ്മശാനം ഉള്‍പ്പെടെ ഒട്ടേറെ ജനകീയപ്രശ്നങ്ങള്‍ക്കും പരിഹാരം വേണം. വാരിയം, ഉറിയംപെട്ടി, തേര ആദിവാസി ഊരുകളിലെ വൈദ്യുതീകരണം അടക്കം അടിസ്ഥാന പ്രശ്നങ്ങള്‍, പുനരധിവാസം നടത്തി പത്തു വര്‍ഷം പിന്നിട്ടിട്ടും പന്തപ്ര ആദിവാസി സെറ്റില്‍മെന്റ് കോളനിയിലെ അടിസ്ഥാന പ്രശ്നത്തിന് പരിഹാരമായില്ല.
3. തങ്കളം കാക്കനാട് നാലുവരിപ്പാതയുടെ എന്നു യാഥാര്ഥ്യമാകുമെന്നറിയാത്ത സ്ഥിതിയാണ്. നിര്‍മാണം പൂര്‍ത്തിയായത് വെറും 1.3 കിലോമീറ്റര്‍ റോഡും പാലവും മാത്രം. 30 മീറ്റര്‍ വീതിയില്‍ 27.324 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ളതാണ് പാത. നാല് നിയോജകമണ്ഡലത്തിലൂടെ കടന്നുപോകുന്ന പാതക്കായി കോതമംഗലം ഒഴികെ മറ്റിടങ്ങളില്‍ സ്ഥലം ഏറ്റെടുക്കാന്‍ സര്‍വേ നടത്തിയിട്ടില്ല. തുടര്‍ നടപടികള്‍ വേഗത്തിലാക്കണം.
4. ജില്ലയുടെ കായിക തലസ്ഥാനം എന്ന വിളിപ്പേരുള്ള കോതമംഗലത്ത് ഇന്നും ഒരു അന്താരാഷ്ട്ര നിലവാരമുള്ള സ്റ്റേഡിയം യാഥാര്‍ഥ്യമായിട്ടില്ല. സംസ്ഥാന ദേശീയതലം മുതല്‍ ഒളിമ്പിക്സില്‍ വരെ നിരവധി കായികതാരങ്ങളെ സമ്മാനിച്ച കോതമംഗലത്തിന് നല്ലൊരു സിന്തറ്റിക്ക് ട്രാക്ക് അനിവാര്യമാണ്. 2006 ല്‍ തുടങ്ങിയ ചേലാട് നിര്‍ദിഷ്ട അന്താരാഷ്ട്ര സ്റ്റേഡിയം സ്വപ്ന പദ്ധതിയായി അവശേഷിക്കുന്നു.
5. കുട്ടമ്പുഴ പഞ്ചായത്തിലെ ബംഗ്ലാ കടവ് ആനക്കയം പാലം, ഇഞ്ചത്തൊട്ടി പാലം, ബ്ലാവന പാലം, മണികണ്ഠന്‍ചാല്‍ ചപ്പാത്തിന് പകരം പാലം എന്നിവ നിര്‍മിക്കണം. പിണ്ടിമന പഞ്ചായത്തിലെ പുലിമല പാലത്തിന്റെയും നിര്‍മാണം അനന്തമായി നീളുകയാണ്. പ്രളയത്തില്‍ തകര്‍ന്ന നേര്യമംഗലം മണിയന്‍പാറ തൂക്കുപാലം സ്വപ്നമായി അവശേഷിക്കുകയാണ്.