പിഞ്ചുകുഞ്ഞിന്റെ കൊലപാതകം: അമ്മയുടെ ആദ്യ പങ്കാളിയെ നാളെ ചോദ്യം ചെയ്യും
1377300
Sunday, December 10, 2023 3:10 AM IST
കൊച്ചി: കറുകപ്പിള്ളിയിലെ ലോഡ്ജില്‍ ഒന്നേകാല്‍ മാസം പ്രായമുള്ള ആണ്‍കുഞ്ഞിനെ കൊലപ്പെടുത്തിയ കേസില്‍ അമ്മ അശ്വതി ഓമനക്കുട്ടന്റെ ആദ്യ പങ്കാളിയെ നാളെ പോലീസ് ചോദ്യം ചെയ്യും.
കുഞ്ഞിന്റെ പിതാവ് കണ്ണൂര്‍ സ്വദേശിയാണെന്നാണ് അശ്വതി പോലീസിനോട് പറഞ്ഞത്. ഇതിന്റെ അടിസ്ഥാനത്തില്‍ എളമക്കര പോലീസ് ഇയാളില്‍ നിന്ന് വിവരങ്ങള്‍ തേടി. കുഞ്ഞ് തന്റേതാണെന്ന് ഇയാള്‍ സമ്മതിച്ചതായാണ് പോലീസ് പറയുന്നത്. ഇക്കാര്യത്തില്‍ വ്യക്തത വരുത്തുന്നതിനായി ഇയാളോട് സ്റ്റേഷനില്‍ ഹാജരാകാന്‍ നിര്‍ദേശിച്ചിട്ടുണ്ട്.
കസ്റ്റഡി അപേക്ഷ സമര്‍പ്പിക്കും
കൊലപാതകക്കേസിലെ പ്രതികളായ കുഞ്ഞിന്റെ അമ്മ എഴുപുന്ന സ്വദേശിനി അശ്വതി ഓമനക്കുട്ടന് (25), സുഹൃത്ത് കണ്ണൂര്‍ ചക്കരക്കല്‍ സ്വദേശി വി.പി. ഷാനിഫ് (25) എന്നിവരെ കസ്റ്റഡിയില്‍ വാങ്ങുന്നതിനായി പോലീസ് നാളെ കോടതിയില്‍ അപേക്ഷ നല്‍കും. കുട്ടിയുടെ തല ഷാനിഫ് സ്വന്തം കാല്‍മുട്ടില്‍ ഇടിച്ചതിനു ശേഷം മരണം ഉറപ്പാക്കാനായി കുഞ്ഞിന്റെ ശരീരത്തില്‍ കടിച്ചതായി പോലീസിന് മൊഴി നല്‍കിയിരുന്നു. കസ്റ്റഡിയില്‍ ലഭിച്ച ശേഷം ഇതു സ്ഥിരീകരിക്കാനായി ഇയാളുടെ ദന്തസാമ്പിളുകള് എടുത്ത് എറണാകുളം ജനറല്‍ ആശുപത്രിയില്‍ പരിശോധനയ്ക്ക് അയയ്ക്കുമെന്നും പോലീസ് വ്യക്തമാക്കി.