നവ കേരള സദസ് ഇന്ന്; മൂവാറ്റുപുഴയിൽ ഒരുക്കങ്ങളായി
1377291
Sunday, December 10, 2023 2:52 AM IST
മൂവാറ്റുപുഴ : നവകേരള സദസിനെ വരവേൽക്കാനുള്ള മൂവാറ്റുപുഴയുടെ ഒരുക്കങ്ങൾ പൂർത്തിയായി. ഇന്ന് വൈകുന്നേരം മൂന്നിന് നഗരസഭ സ്റ്റേഡിയത്തിൽ നടക്കുന്ന നവകേരള സദസിന്റെ സ്റ്റേജ് നിർമാണം, സ്റ്റാളുകളുടെ ക്രമീകരണം എന്നിവ പൂർത്തിയി.
നഗരത്തിൽ നവകേരള സദസിന്റെ പോസ്റ്ററുകളും, ബാനറുകളും നിറഞ്ഞു. 11 പഞ്ചായത്തുകളിലും മൂവാറ്റുപുഴ നഗരസഭ പരിധിയിൽ നിന്നുമായി 25000 പേർ പങ്കെടുക്കുമെന്ന കണക്കിലാണ് ക്രമീകരണങ്ങൾ ഒരുക്കിയത്.
പഞ്ചായത്ത് ബൂത്ത്തല സംഘാടക സമിതി യോഗങ്ങളിലും, കുടുംബ സദസുകളിലും ഉയർന്ന് വന്ന വികസന വിഷയങ്ങളിലെ നിവേദനങ്ങൾ സ്വീകരിക്കാൻ 30 കൗണ്ടറുകൾ സ്റ്റേഡിയത്തിൽ ഒരുക്കിയിട്ടുണ്ട്. സ്ത്രീകൾ, ഭിന്നശേഷിക്കാർ, മുതിർന്നവർ, പൊതു വിഭാഗം എന്ന നിലയിലാണ് കൗണ്ടറുകൾ ക്രമീകരിക്കുന്നത്.
ഉച്ചയ്ക്ക് ഒന്ന് മുതൽ പൊതുജനങ്ങൾക്ക് നിവേദനങ്ങൾ നൽകാം. പഞ്ചവാദ്യം, തകിലുമേളം, ശിങ്കാരിമേളം, കഥകളിവേഷം, മോഹിനിയാട്ടം, ഭരതനാട്യം, തെയ്യം, ഓട്ടൻതുള്ളൽ, ചാക്യാർകൂത്ത്, പൂക്കാവടി, ഗരുഡൻ തൂക്കം ചവിട്ടുനാടകം എന്നീ കലാരൂപങ്ങളുടെ അകന്പടിയോടെ സ്റ്റേഡിയത്തിൽ മുഖ്യമന്ത്രിയേയും മന്ത്രിമാരേയും സ്വീകരിക്കും.
നവകേരള സദസ് സംഘാടക സമിതി ചെയർമാൻ എൽദോ എബ്രഹാം, കേരള ബാങ്ക് ചെയർമാൻ ഗോപി കോട്ടമുറിക്കൽ ഉൾപ്പെടെയുള്ള സംഘാടക സമിതി അംഗങ്ങൾ സ്റ്റേഡിയത്തിലെത്തി ഒരുക്കങ്ങൾ വിലയിരുത്തി.
പാർക്കിംഗിന് വിപുലമായ സജ്ജീകരണം
മൂവാറ്റുപുഴ: മൂവാറ്റുപുഴ മണ്ഡലം നവകേരള സദസിന് സ്റ്റേഡിയം ഗ്രൗണ്ടിൽ എത്തിച്ചേരുന്ന വാഹനങ്ങൾ പാർക്ക് ചെയ്യേണ്ട സ്ഥലങ്ങൾ :
പൈങ്ങോട്ടൂർ ആയവന പഞ്ചായത്തുകളിൽ നിന്നുളള വാഹനങ്ങൾ കക്കടാശേരി കീച്ചേരിപ്പടി വന്ന് എവറസ്റ്റ് കവലയ്ക്ക് മുന്പായി സ്റ്റേഡിയത്തിലേക്കുള്ള വഴിയിൽക്കൂടി പഴയ ലോറി സ്റ്റാൻഡിൽ ആളുകളെ ഇറക്കി വാഹനങ്ങൾ അവിടെ തന്നെ പാർക്ക് ചെയ്യണം.
പായിപ്രയിൽ നിന്നുള്ള വാഹനങ്ങൾ സ്റ്റേഡിയം റോഡ് വഴി വന്ന് സ്റ്റേഡിയത്തിന് സമീപം ആളെ ഇറക്കി ഇലാഹിയ സ്കൂളിന് മുൻവശം ഉള്ള റോഡിലും സ്കൂൾ വാഹനങ്ങൾ ഇടുന്ന ഗാരേജിലും പാർക്ക് ചെയ്യണം.
മുളവൂരിൽ നിന്നുള്ള വാഹനങ്ങൾ ഇലാഹിയ സ്കൂളിലേക്ക് തിരിയുന്ന സ്ഥലത്ത് ആളെ ഇറക്കി ഇലാഹിയ സ്കൂളിന്റെ മുൻവശത്ത് റോഡിലും ഗാരേജിലും വാഹനങ്ങൾ പാർക്ക് ചെയ്യണം.
ആവോലി,വാളകം എന്നിവിടങ്ങളിൽ നിന്നുള്ള വാഹനങ്ങൾ നെഹ്റു പാർക്ക് ഇഇസി മാർക്കറ്റ് റോഡ് വഴി മുനിസിപ്പൽ സ്റ്റേഡിയത്തിന് മുന്നിൽ ആളെ ഇറക്കി ഇലാഹിയ സ്കൂളിന്റെ പാർക്കിംഗ് ഏരിയയിൽ പാർക്ക് ചെയ്യണം.
പോത്താനിക്കാട്, കല്ലൂർക്കാട് പഞ്ചായത്തുകളിൽ നിന്നു വരുന്ന വാഹനങ്ങൾ ഇഇസി മാർക്കറ്റ് റോഡിൽ കീച്ചേരിപ്പടി ഭാഗത്തേയ്ക്കുള്ള ഗേറ്റിന് മുൻപിലും, ആരക്കുഴ , മാറാടി പഞ്ചായത്തുകളിൽ വരുന്ന വാഹനങ്ങൾ നെഹ്രു പാർക്ക് വഴി സ്റ്റേഡിയം റോഡിനോട് ചേർന്ന് സ്റ്റേഡിയത്തിൽ മെയിൻ ഗേറ്റ് മുൻപിലും ആളെ ഇറക്കി ഇഇസി മാർക്കറ്റിനുള്ളിൽ പാർക്ക് ചെയ്യണം.
മഞ്ഞള്ളൂർ, പാലക്കുഴ പഞ്ചായത്തുകളിൽ നിന്ന് എത്തുന്ന വാഹനങ്ങൾ നെഹ്രു പാർക്ക് വഴി സ്റ്റേഡിയം റോഡിലൂടെ വന്ന് സ്റ്റേഡിയത്തിന് മുന്പിൽ ആളെ ഇറക്കി കീച്ചേരിപ്പടി വഴി മാർക്കറ്റ് ബസ് സ്റ്റാന്ഡിൽ വാഹനങ്ങൾ പാർക്ക് ചെയ്യണം. മുനിസിപ്പൽ പ്രദേശത്ത് നിന്നുള്ള വാഹനങ്ങൾ ഇഇസി മാർക്കറ്റ് കവലയിൽ ആളെ ഇറക്കി ഹോമിയോ ആശുപത്രി ഗ്രൗണ്ടിൽ പാർക്ക് ചെയ്യണം.