മൂവാറ്റുപുഴ അവഗണനയിൽ: മാത്യു കുഴൽനാടൻ
1377288
Sunday, December 10, 2023 2:52 AM IST
മൂവാറ്റുപുഴ: സർക്കാർ മൂവാറ്റുപുഴ മണ്ഡലത്തോട് കടുത്ത അവഗണന കാണിക്കുന്നതായി മാത്യു കുഴൽനാടൻ എംഎൽഎ.
മൂവാറ്റുപുഴയുടെ വികസനത്തിനായി നൽകിയ പദ്ധതികൾ പരിഗണിച്ചില്ല. വികസന പ്രവർത്തനങ്ങളിൽ മെല്ലപോക്ക് തുടരുകയാണ്. നിർമാണ പ്രവർത്തികൾ വൈകിക്കാൻ ചില ഉദ്യോഗസ്ഥരെ ഉപയോഗിച്ച് സിപിഎം ശ്രമിക്കുന്നതായി അദ്ദേഹം ആരോപിച്ചു.
കടാതി - കാരക്കുന്നം ബൈപ്പാസ് നിർമാണത്തിനായി കേന്ദ്ര സർക്കാർ പണം മുടക്കും. സ്ഥലം ഏറ്റെടുക്കലിന്റെ 25 ശതമാനം മാത്രം സംസ്ഥാന സർക്കാർ മുടക്കിയാൽ മതിയാകും. ഇക്കാര്യം ധനമന്ത്രിയെ ബോധ്യപ്പെടുത്തി. പണമില്ലെന്ന കാരണം പറഞ്ഞ് മന്ത്രി പദ്ധതിയെ അവഗണിച്ചു.
ഇതേ തുടർന്ന് ഡീൻ കുര്യാക്കോസ് എംപി മുൻകൈയെടുത്ത് കേന്ദ്ര സർക്കാരിനെ കൊണ്ട് 45 മീറ്റർ വീതി ഉണ്ടായിരുന്ന നിലവിലെ പദ്ധതി രൂപരേഖയിൽ ഭേദഗതി വരുത്തി. ഇതനുസരിച്ച് 30 മീറ്റർ വീതിയിൽ താഴെയായി കുറച്ച് മുഴുവൻ തുകയും കേന്ദ്ര സർക്കാരിൽ നിന്നു നേടിയെടുക്കുകയായിരുന്നു.
ജനറൽ ആശുപത്രിയുടെ വികസനത്തിനായി നൽകിയ പദ്ധതികൾ പരിഗണിച്ചില്ല. ജനറൽ ആശുപത്രിയിലെ വൈദ്യുതി മുടക്കത്തിന് പരിഹാരമായി ട്രാൻസ്ഫോർമർ സ്ഥാപിക്കാൻ നഗരസഭ 24 ലക്ഷം അനുവദിച്ചിരുന്നു. അവശേഷിക്കുന്ന തുക അനുവദിക്കുമെന്ന മന്ത്രിയുടെ ഉറപ്പ് പാലിച്ചില്ല. വൈദ്യുതി മുടക്കം മൂലം ഇപ്പോഴും ശസ്ത്രക്രിയകൾ മുടങ്ങുകയാണ്.
സർക്കാർ ഹോമിയോ ആശുപത്രിക്ക് പുതിയ കെട്ടിടം നിർമിക്കാൻ നൽകിയ പദ്ധതി പരിഗണിച്ചില്ല. ഇഇസി മാർക്കറ്റിന്റെ പൊതു വികസനം അട്ടിമറിച്ചു. നടുക്കര ആഗ്രോ പ്രോസസിംഗ് കന്പനിയുടെ സാന്പത്തിക അടച്ചുപൂട്ടൽ ഒഴിവാക്കാൻ പ്രവർത്തന മൂലധനമായി രണ്ട് കോടി ആവശ്യപ്പെട്ട് നൽകിയ നിവേദനം പരിഗണിച്ചില്ല.
കടവൂരെ 450 കുടുംബങ്ങൾക്ക് പട്ടയം നൽകുമെന്ന ഉറപ്പ് പാലിച്ചില്ല. ചാത്തമറ്റം ഹയർ സെക്കൻഡറി സ്കൂളിന് പുതിയ ലാബ് കെട്ടിടം, കടവൂർ എൽപി സ്കൂളിന് കെട്ടിടം എന്നിവയ്ക്കുള്ള അപേക്ഷ, ആരക്കുഴ ഐടിഐയിൽ പുതിയ ട്രേഡുകൾ തുടങ്ങാനായി നൽകിയ കത്ത് എന്നിവ പരിഗണിച്ചില്ല.
കോവിഡ് കാലത്ത് കെഎസ്ആർടിസി നിർത്തിവച്ച സർവീസുകൾ പുന:സ്ഥാപിച്ചില്ല. പൊതു വികസനം അട്ടിമറിക്കുന്നതായി എംഎൽഎ കുറ്റപ്പെടുത്തി.