കോതമംഗലത്ത് ഇന്ന് ഗതാഗത ക്രമീകരണം
1377286
Sunday, December 10, 2023 2:52 AM IST
കോതമംഗലം: നവകേരള സദസിനായി കോതമംഗലത്ത് ഇന്ന് ഗതാഗത ക്രമീകരണങ്ങൾ ഏർപ്പെടുത്തും. രാവിലെ 11 മുതൽ വൈകുന്നേരം ആറു വരെ തങ്കളത്ത് നിന്ന് അരമനപ്പടി ജംഗ്ഷനിലേക്ക് മാത്രം ഗതാഗതം അനുവദിക്കും.
അരമനപ്പടി ജംഗ്ഷനിൽ നിന്ന് തങ്കളം ഭാഗത്തേക്ക് നഗരത്തിലൂടെ ഗതാഗതം അനുവദിക്കില്ല. അരമനപ്പടി ജംഗ്ഷൻ മുതൽ തങ്കളം വരെ നഗരത്തിൽ ഇരു വശങ്ങളിലും പാർക്കിംഗ് അനുവദിക്കില്ല. ഹൈറേഞ്ച് ഭാഗത്തു നിന്നും പെരുന്പാവൂർ ഭാഗത്തേക്കുളള വാഹനങ്ങൾ കോഴിപ്പിള്ളി തങ്കളം ബൈപ്പാസ് റോഡു വഴി നെല്ലിക്കുഴിയിലെത്തി പെരുന്പാവൂർ ഭാഗത്തേക്ക് പോകേണ്ടതാണ്.
നവകേരള സദസിലേക്കായി പെരുന്പാവൂർ, ചേലാട്, ഹൈറേഞ്ച് ഭാഗങ്ങളിൽ നിന്നെത്തുന്ന വാഹനങ്ങൾ തങ്കളം മലയിൻകീഴ് ബൈപ്പാസ് വഴി ഗ്യാസ് ഗോഡൗണിലെത്തി മാർക്കറ്റ് റോഡ് വഴി മാർ ബസേലിയോസ് ആശുപത്രിക്ക് സമീപം ആളുകളെ ഇറക്കണം.
വാഹനങ്ങൾ ഹൈറേഞ്ച് ജംഗ്ഷനിലെത്തി ഇടത്തേക്ക് തിരിഞ്ഞ് മലയിൻകീഴ് തങ്കളം ബൈപ്പാസ് വഴി കലാ ഓഡിറ്റോറിയത്തിന് സമീപം വാഹനങ്ങൾ പാർക്ക് ചെയ്യണം. കെഎസ്ആർടിസി ബസ് സ്റ്റാന്‍ഡിൽ നിന്നു പുറപ്പെടുന്ന ബസുകൾ വലത്തേക്ക് തിരിഞ്ഞ് കോഴിപ്പിള്ളി അരമനപ്പടി മലയിൻകീഴ് ബൈപ്പാസ് വഴി പോകണം.
നവകേരള സദസിലേക്ക് കിഴക്കൻ മേഖലയിൽ നിന്നെത്തുന്ന വാഹനങ്ങൾ അരമനപ്പടി ഭാഗത്ത് ഇറക്കിയശേഷം തങ്കളം കാക്കനാട് ബൈപ്പാസ്, കലാ ഓഡിറ്റോറിയത്തിന് സമീപമുള്ള ബൈപ്പാസ് എന്നിവിടങ്ങളിൽ വാഹനങ്ങൾ പാർക്ക് ചെയ്യണം. ഹൈറേഞ്ച് ഭാഗത്തു നിന്നു മൂവാറ്റുപുഴ ഭാഗത്തേക്കുളള വാഹനങ്ങൾ, കോഴിപ്പിള്ളി തങ്കളം ബൈപ്പാസ് റോഡു വഴി തങ്കളം ജംഗ്ഷനിലെത്തി, എഎം റോഡ് ക്രോസ് ചെയ്ത് നേരെ എംഎ കോളജ് റോഡു വഴി വിമലഗിരി ജംഗ്ഷനിലെത്തി, വലത്തോട്ട് തിരിഞ്ഞ് മൂവാറ്റുപുഴ ഭാഗത്തേക്ക് പോകേണ്ടതാണ്.
പെരുന്പാവൂർ ഭാഗത്തു നിന്നു ഹൈറേഞ്ച്, ഭൂതത്താൻകെട്ട് ഭാഗത്തേക്കുള്ള വാഹനങ്ങൾ തങ്കളം ബൈപ്പാസ് ജംഗ്ഷനിൽ നിന്ന് ഇടത്തോട്ട് തിരിഞ്ഞ് തങ്കളം കോഴിപ്പിള്ളി ബൈപ്പാസ് റോഡു വഴി മലയിൻകീഴിലെത്തി പോകണം. മൂവാറ്റുപുഴ ഭാഗത്തു നിന്നു ഹൈറേഞ്ച്, ഭൂതത്താൻകെട്ട് ഭാഗത്തേക്കുള്ള വാഹനങ്ങൾ വിമലഗിരി ജംഗ്ഷനിൽ നിന്ന് ഇടത്തോട്ട് തിരിഞ്ഞ് തങ്കളം എംഎ കോളജ് റോഡു വഴി തങ്കളം ജംഗ്ഷനിലെത്തി, എഎം റോഡ് ക്രോസ് ചെയ്ത് തങ്കളം കോഴിപ്പിള്ളി ബൈപ്പാസ് റോഡു വഴി പോകേണ്ടതാണ്.
മൂവാറ്റുപുഴയിൽ നിന്ന് ഹൈറേഞ്ച് ഭാഗത്തേക്കും തിരിച്ചുമുള്ള ദീർഘദൂര യാത്രാ വാഹനങ്ങൾ പുതുപ്പാടി വാരപ്പെട്ടി അടിവാട് ഊന്നുകൽ റോഡിൽക്കൂടി പോകണം. പോത്താനിക്കാട് നിന്ന് മൂവാറ്റുപുഴ ഭാഗത്തേക്കും തിരിച്ചും പോകുന്ന ഹെവി വാഹനങ്ങൾ ഒഴികെയുളള വാഹനങ്ങൾ ജല അതോറിറ്റി എംഎ കോളജ് റോഡിലൂടെ പോകണം.
പാർക്കിംഗ് മേഖല
വലിയ വാഹനങ്ങൾ തങ്കളം കാക്കനാട് റോഡിന്റെ ഇരുവശങ്ങളിലും കലാ ഓഡിറ്റോറിയത്തിന് സമീപമുള്ള ബൈപ്പാസിലും ഗതാഗതത്തിന് തടസമില്ലാതെ പാർക്ക് ചെയ്യണം. ചെറിയ വാഹനങ്ങൾ സെന്റ് ജോർജ് ഹൈസ്കൂൾ, ശോഭനാ സ്കൂൾ എന്നിവിടങ്ങളിൽ പാർക്ക് ചെയ്യേണ്ടതാണ്. തങ്കളം കോഴിപ്പിള്ളി ബൈപ്പാസ് റോഡിന്റെ ഇരു വശങ്ങളിലും പാർക്കിംഗ് അനുവദിക്കില്ല.
ഒരുക്കങ്ങൾ പൂര്‍ത്തിയായി
കോതമംഗലം : കോതമംഗലത്ത് ഇന്ന് നടക്കുന്ന നവകേരള സദസിന് ഒരുക്കങ്ങൾ പൂര്‍ത്തിയായതായി ആന്റണി ജോണ്‍ എംഎല്‍എ പത്രസമ്മേളനത്തില്‍ അറിയിച്ചു. മാര്‍ ബേസില്‍ സ്കൂള്‍ മൈതാനിയില്‍ ഉച്ചക്ക് രണ്ടിന് മുഖ്യമന്ത്രിയും മന്ത്രിമാരും പങ്കെടുക്കുന്ന നവകേരള സദസിനായി പന്തല്‍ നിര്‍മാണം പൂർത്തിയായി.
10,000 പേര്‍ക്കുള്ള ഇരിപ്പിടമാണ് തയറാക്കുന്നത്. നിവേദനം നല്കാൻ 26 കൗണ്ടറുകള്‍ ക്രമീകരിക്കും കൗണ്ടര്‍ മേല്‍നോട്ടത്തിന് മൂന്ന് ടീമിനെ നിയോഗിച്ചു. ടോക്കണ്‍ കൗണ്ടറിലെത്തി അപേക്ഷയുടെ എണ്ണത്തിനനുസരിച്ച് ടോക്കണ്‍ കൈപ്പറ്റണം. ടോക്കണുമായി അപേക്ഷാ കൗണ്ടറിലെത്തി അപേക്ഷ നൽകണം. ടോക്കണ്‍ നമ്പറായിരിക്കും അപേക്ഷയുടെ ക്രമനമ്പര്‍. ഹെല്‍പ്പ് ഡെസ്കും ഒരുക്കിയിട്ടുണ്ട്. ഉച്ചക്ക് 12 മുതല്‍ അപേക്ഷ സ്വീകരിച്ച് തുടങ്ങും.