നവകേരള സദസ് കരുതല്‍ തടങ്കല്‍; എന്നിട്ടും കരിങ്കൊടി
1377049
Saturday, December 9, 2023 2:35 AM IST
വൈപ്പിന്‍: പോലീസ് പ്രതിരോധത്തിനിടയിലും വൈപ്പിനില്‍ മുഖ്യമന്ത്രിക്ക് നേരെ കരിങ്കൊടി. ഞാറക്കലില്‍ നിന്ന് ചടങ്ങ് കഴിഞ്ഞ് മുഖ്യമന്ത്രി മടങ്ങുന്നതിനിടെ മാലിപ്പുറത്ത് സംസ്ഥാനപാതയില്‍ വച്ചായിരുന്നു യൂത്ത് കോണ്‍ഗ്രസ് നായരമ്പലം മണ്ഡലം പ്രസിഡന്റ് ലിയോ കുഞ്ഞച്ചന് , പുതുവൈപ്പ് മണ്ഡലം പ്രസിഡന്റ് ഇസ്ഹാക്ക്, നായരമ്പലം മണ്ഡലം സെക്രട്ടറി നന്ദു ഗോവിന്ദ്, വിഷ്ണു പള്ളത്ത് എന്നിവരുടെ നേതൃത്വത്തില്‍ കരിങ്കൊടി വീശിയത്.
സമ്മേളനത്തിന് മുന്നോടിയായി പ്രതിഷേധം ഭയന്ന് എളങ്കുന്നപ്പുഴ പഞ്ചായത്ത് അംഗവും യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറിയുമായ സ്വാതീഷ് സത്യന്, വൈപ്പിന്‍ നിയോജക മണ്ഡലം പ്രസിഡന്റ് വിശാഖ് ആശ്വിന്, ജനറല്‍ സെക്രട്ടറിമാരായ കെ.ആര്. രാഹുല്‍ ദേവ്, ടി.എസ്. ഷിജിത്ത് എന്നിവരെ എളങ്കുന്നപ്പുഴ ഗ്രാമപഞ്ചായത്തില്‍ നിന്നും പോലീസ് കരുതല്‍ തടങ്കലിലെടുത്തിരുന്നു.
ഇതിനുപുറമേ കോണ്‍ഗ്രസ് വൈപ്പിന്‍ ബ്ലോക്ക് ജനറല്‍ സെക്രട്ടറി ബിമല്‍ ബാബു, റെനില്‍ പള്ളത്ത് എന്നിവരെ എളങ്കുന്നപ്പുഴയിലെ ചായക്കടയില്‍ നിന്നും നേരത്തെ അറസ്റ്റ് ചെയ്ത് കരുതല്‍ തടങ്കലില്‍ വച്ചിരുന്നു.
പ്രതിഷേധക്കാര്‍ക്ക് പോലീസ് സാന്നിധ്യത്തില്‍ ഡിവൈഎഫ്ഐക്കാരുടെ മര്‍ദനം
ഫോര്‍ട്ട്കൊച്ചി: മുഖ്യമന്ത്രിക്ക് നേരെ കരിങ്കൊടി പ്രതിഷേധത്തിന് ശ്രമിച്ച കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റിനും യൂത്ത് കോണ്‍ഗ്രസ് ബ്ലോക്ക് പ്രസിഡന്റിനും ഡിവൈഎഫ്ഐയുടെ മര്‍ദനം. സംഭവത്തില്‍ നടപടി ആവശ്യപ്പെട്ട് കോണ്‍ഗ്രസ് എസിപിക്ക് പരാതി നല്കി. ഫോര്‍ട്ട്കൊച്ചി വെളി ഗ്രൗണ്ടില്‍ നടന്ന പൊതുസമ്മേളനത്തിലേക്കെത്തിയ പ്രതിഷേധക്കാര്‍ക്ക് നേരെയാണ് മര്‍ദനം ഉണ്ടായത്.
കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് പി.എഫ്.ജോര്‍ജ്, യൂത്ത് കോണ്‍ഗ്രസ് ബ്ലോക്ക് പ്രസിഡന്റ് ഷുഹൈബ് എന്നിവര്‍ക്കാണ് പരിക്കേറ്റത്. മര്‍ദനത്തെത്തുടര്‍ന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഫോര്‍ട്ട്കൊച്ചി പോലീസ് സ്റ്റേഷന് ഉപരോധിച്ചു. നഗരസഭാ പ്രതിപക്ഷ നേതാവ് ആന്റണി കുരീത്തറയുടെ വീടിന് സമീപത്തായിരുന്നു സംഭവം. വീടിന്റെ ഗേറ്റ് തള്ളിത്തുറന്ന് ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ വീടിന് ഉള്ളിലേക്ക് അതിക്രമിച്ച് കയറി ചെടിച്ചട്ടി തകര്‍ത്തു.
പോലീസിന്റെ സാന്നിധ്യത്തില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ മര്‍ദിക്കുന്ന സിസിടിവി ദൃശ്യങ്ങളും ലഭിച്ചിട്ടുണ്ട്. കുറ്റക്കാര്‍ക്കെതിരെ നടപടി സ്വീകരിക്കാമെന്ന പോലീസിന്റെ ഉറപ്പ് ലഭിച്ചതോടെയാണ് ഉപരോധം അവസാനിപ്പിച്ചത്. മര്‍ദനമേറ്റവരെ ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസ് വീട്ടിലെത്തി സന്ദര്‍ശിച്ചു.