വ്യാപാരിക്ക് മർദനം: ദൃശ്യങ്ങളടങ്ങിയ ഹാർഡ് ഡിസ്ക് അഴിച്ചുകൊണ്ടുപോയി
1377048
Saturday, December 9, 2023 2:35 AM IST
ആലുവ: നവകേരള സദസിനെ വിമർശിച്ചെന്ന പേരിൽ വ്യാപാരിയെ മർദിച്ചവർ, നിരീക്ഷണ കാമറയിലെ ദൃശ്യങ്ങളടങ്ങിയ ഹാർഡ് ഡിസ്ക് അഴിച്ചു കൊണ്ടുപോയതായി പരാതി. ആലുവ മാർക്കറ്റിലെ പച്ചക്കറി വ്യാപാരി തോമസിനെ(75) ക്രൂരമായി മർദിച്ച ശേഷമാണ് തെളിവ് നശിപ്പിക്കുന്നതിന്റെ ഭാഗമായി അക്രമി സംഘം ഹാർഡ് ഡിസ്ക് അഴിച്ചുകൊണ്ടുപോയതെന്ന് വ്യാപാരിനേതാക്കൾ പറഞ്ഞു.
ആലുവയിൽ നവകേരള സദസ് നടന്ന വ്യാഴാഴ്ച ഉച്ചയ്ക്ക് 12 ഓടെയാണ് സിഐടിയു ആലുവ ഏരിയ സെക്രട്ടറിയുടെ നേതൃത്വത്തിലുള്ള സംഘം ചോദ്യം ചെയ്യാനെത്തിയത്. തുടർന്ന് ഉടമയെ മർദിക്കുകയായിരുന്നു. ബുധനാഴ്ച ഏതാനും ചുമട്ടുതൊഴിലാളികളുമായി ഇതേ വിഷയത്തിൽ ഉണ്ടായ വാക്കേറ്റം ചോദ്യം ചെയ്യാനാണ് നേതാക്കൾ എത്തിയത്.
ആലുവ ജില്ലാ ആശുപത്രിയിൽ ചികിത്സ തേടി മടങ്ങിയ തോമസ് കടുത്ത ശാരീരിക അസ്വസ്ഥതയെ തുടർന്ന് ഇപ്പോൾ ചാലക്കുടി സെന്റ് ജെയിംസ് ആശുപത്രിയിൽ ചികിത്സയിലാണ്. അതിനിടയിൽ ആലുവ പോലീസ് കേസെടുക്കാത്തത് പ്രതിഷേധാർഹമാണെന്ന് വ്യാപാരി സംഘടനാനേതാക്കൾ പറഞ്ഞു. പരാതി ഇതുവരെയും ലഭിക്കാത്തതാണ് കാരണമെന്ന് പോലീസ് അറിയിച്ചതിനാൽ സംഘടനാ ഭാരവാഹികൾ പരാതി നൽകി.