ഗുണ്ടായിസം മുഖ്യമന്ത്രിയുടെ അറിവോടെ: മുഹമ്മദ് ഷിയാസ്
1377047
Saturday, December 9, 2023 2:34 AM IST
കൊച്ചി: ആലുവയിലും അങ്കമാലിയിലും കൊച്ചിയിലും നവകേരള സദസിനെതിരെ സമാധാനപരമായി പ്രതിഷേധിച്ച യൂത്ത് കോണ്‍ഗ്രസ്, കെഎസ്യു പ്രവര്‍ത്തകരെ തല്ലിച്ചതച്ച സിപിഎം ഗുണ്ടാ പ്രവര്‍ത്തനം മുഖ്യമന്ത്രിയുടെ അറിവോടെയാണെന്ന് ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസ്.
പോലീസ് സംവിധാനത്തെ നോക്കുകുത്തിയാക്കി ഗുണ്ടകളുടെ സംരക്ഷണത്തോടെയാണ് മുഖ്യമന്ത്രിയുടെ യാത്ര. പ്രതിഷേധിക്കുന്നവരെ പോലീസ് നോക്കിനില്‍ക്കെയാണ് സിപിഎം ഗുണ്ടകള്‍ വാഹനങ്ങളില്‍ എത്തി ക്രൂരമായി മര്‍ദിക്കുന്നത്.
അക്രമികള്‍ സഞ്ചരിച്ച വാഹനങ്ങളുടെ വിവരങ്ങളും സിസിടിവി ദൃശ്യങ്ങളും നല്കിയിട്ടു പോലും പോലീസ് കേസെടുക്കുവാന്‍ തയാറായില്ല. ഫോര്‍ട്ടുകൊച്ചിയില്‍ നഗരസഭാ പ്രതിപക്ഷ നേതാവ് ആന്റണി കുരീത്തറയുടെ വസതിയില്‍ അക്രമം നടത്തുകയും ചെയ്തു.
വെള്ള ഷര്‍ട്ടും മുണ്ടും ധരിച്ച് റോഡിലൂടെ പോകുന്നവരെ പോലും പോലീസ് അറസ്റ്റ് ചെയ്യുന്ന സ്ഥിതിയിലേക്ക് എത്തിച്ചേര്‍ന്നിരിക്കുന്നു. കറുത്ത വസ്ത്രം ധരിച്ചു വരുന്നവരെയും പോലീസും സിപിഎം ക്രിമിനലുകളും കൈകാര്യം ചെയ്യുകയാണ്. ഇത്തരം സമീപനങ്ങള്‍ക്കെതിരെ കടുത്ത പ്രതിഷേധം ഉണ്ടാകുമെന്നും ഷിയാസ് കൂട്ടിച്ചേര്‍ത്തു.