കുരുക്കില്ലാതെ കടക്കണം തൃപ്പൂണിത്തുറ
1377043
Saturday, December 9, 2023 2:24 AM IST
1. രാജനഗരത്തെ വീർപ്പുമുട്ടിക്കുന്ന ഗതാഗതക്കുരുക്ക് ഇതുവഴി പോകുന്നവരെയെല്ലാം വലയ്ക്കുന്നുണ്ട്. രാജഭരണകാലത്തെ ഇടുങ്ങിയ റോഡിൽക്കൂടി വേണം എറണാകുളത്തു നിന്നും തൃപ്പൂണിത്തുറ വഴി വൈക്കം, കോട്ടയം ഭാഗങ്ങളിലേയ്ക്ക് കടക്കുവാൻ. രണ്ട് വലിയ വാഹനം എതിരെ വന്നാൽ ഗതാഗതം തടസപ്പെടുന്ന സ്ഥിതിക്കു പരിഹാരം വേണം.
2. മൂന്ന് പതിറ്റാണ്ടിലധികമായി വികസനത്തിന്റെ പേരിൽ മരവിപ്പിച്ചിട്ടിരിക്കുന്ന എസ്എൻ ജംഗ്ഷൻ- കിഴക്കേക്കോട്ട -പൂത്തോട്ട റോഡ് പ്രാഥമിക വികസനത്തിന്റെ കാര്യത്തിൽ ഇപ്പോഴും പിന്നിലാണ്. സ്ഥലവാസികൾക്ക് ഭൂമി ക്രയവിക്രയം നടത്താനും പുതിയ കെട്ടിടങ്ങൾ പണിയാനും സാധിക്കാത്ത അവസ്ഥയാണ്. ഇതിനു മാറ്റം വരണം
3. മൂവാറ്റുപുഴയാറിന്റെ ഭാഗമായ ചൂണ്ടി പദ്ധതിയിൽ നിന്നും തൃപ്പൂണിത്തുറ നഗരസഭാ പ്രദേശത്ത് കുടിവെള്ളം സുലഭമാണെങ്കിലും ഇതേ വെള്ളം ലഭിക്കുന്ന തീരദേശ പഞ്ചായത്തായ ഉദയംപേരൂരിൽ കുടിവെള്ള ക്ഷാമം രൂക്ഷമാണ്. കരിങ്ങാച്ചിറയിൽ നിന്നും കക്കാട് നിന്നുമുള്ള ജലവിതരണത്തെ ആശ്രയിക്കുന്ന ഉദയംപേരൂരിന്റെ പല പ്രദേശങ്ങളിലും കുടിവെള്ളം കിട്ടാക്കനിയാണ്.
4. ജനറം പദ്ധതിയിൽ രാമമംഗലത്ത് നിന്നും പമ്പ് ചെയ്യുന്ന വെള്ളത്തെ ആശ്രയിക്കുന്ന മരട് മുനിസിപ്പാലിറ്റിയിലും ജലക്ഷാമം രൂക്ഷം. പമ്പിംഗിൽ ഏതെങ്കിലും വിധത്തിലുള്ള തടസങ്ങൾ നേരിട്ടാൽ ദിവസങ്ങളോളം ജലക്ഷാമം സൃഷ്ടിക്കപ്പെടുന്ന അവസ്ഥയാണ് മരടിലുമുള്ളത്. കുമ്പളത്തും ഇടക്കൊച്ചിയുടെ ഭാഗങ്ങളിലും ജലക്ഷാമമുണ്ട്.
5. വികസനത്തിനായി കിഴക്കേക്കോട്ടയിലെ പഴയ എക്സൈസ് ഓഫീസും സ്റ്റാച്യൂ ജംഗ്ഷനിലെ ഒരു ഭാഗത്തെ കടകളും പൊളിച്ചു നീക്കിയിരുന്നു. ഇവിടെ ഇപ്പോഴുള്ളത് ഓട്ടോസ്റ്റാൻഡും പച്ചക്കറിക്കച്ചവടവുമാണ്. വികസനപദ്ധതി സമയബന്ധിതമായി നടപ്പാക്കണം.