കുതിക്കണം കുന്നത്തുനാട്
1377042
Saturday, December 9, 2023 2:24 AM IST
1. വർഷങ്ങളായി തകർന്നു കിടക്കുന്ന ഊട്ടിമറ്റം-ഓണംകുളം റോഡ് സഞ്ചാരയോഗ്യമാക്കണം. പെരുമ്പാവൂരിൽ നിന്നും കിഴക്കമ്പലം പള്ളിക്കര വഴി കാക്കനാടേക്കുള്ള എളുപ്പവഴിയാണിത്. ചിലയിടങ്ങളിൽ സിമന്റ്കട്ട വിരിച്ച തൊഴിച്ചാൽ റോഡിന്റെ സ്ഥിതി പരിതാപകരം. മെറ്റലിളകി കുണ്ടുംകുഴിയുമായി കിടക്കുകയാണ്.
2. ഒളിന്പ്യൻ ശ്രീജേഷിന്റെ പേരിൽ പ്രഖ്യാപിച്ച ഇൻഡോർ സ്റ്റേഡിയം ഇനിയും യാഥാർഥ്യമായിട്ടില്ല. പള്ളിക്കരയിൽ 98.50 ലക്ഷം രൂപ മുടക്കി സ്റ്റേഡിയം നിർമിക്കാനായിരുന്നു പദ്ധതി. ഏതാനും ഇരുമ്പു തൂണുകൾ മാത്രമാണ് നിർമിച്ചത്. പണി തുടങ്ങിയ ശേഷം നിർമാണത്തിൽ അപാകത ആരോപിച്ച് ചിലർ പരാതി നൽകി. ഇതോടെ പണി പാതിവഴിയിൽ നിലച്ചു. വിഷയം കോടതിയിലുമെത്തി. തടസങ്ങൾ നീങ്ങി സ്റ്റേഡിയം നിർമാണം വേഗത്തിലാക്കണം.
3. കിഴക്കമ്പലം - പൂക്കാട്ടുപടി റോഡിൽ പഴങ്ങനാട് മുതൽ പൂക്കാട്ടുപടി പമ്പ് വരെ റോഡിലെ കൊടുംവളവുകൾ അപകട സാധ്യതയുള്ളതാണ്. ഈ റോഡിലൂടെ വാഹനങ്ങൾ അമിതവേഗതയിലൂടെയാണ് കടന്നുപോകുന്നത്. കപ്പേള ജംഗ്ഷനിൽ രാവിലെ സ്കൂൾ കുട്ടികൾക്കും കാൽനടയാത്രക്കാർക്കും റോഡ് മുറിച്ച് കടക്കാൻ കഴിയാത്ത സ്ഥിതിയാണുള്ളത്.
4. പള്ളിക്കരയിലെ കുമാരപുരം കുടുംബാരോഗ്യ കേന്ദ്രത്തിൽ കിടത്തിചികിത്സ വേണമെന്നത് വർഷങ്ങളായുള്ള ആവശ്യമാണ്. പത്തുവർഷം മുമ്പ് പ്രാഥമികാരോഗ്യ കേന്ദ്രമായിരുന്ന ആശുപത്രിയിൽ 30 കിടക്കകളുമായി കിടത്തി ചികിത്സ ഉണ്ടായിരുന്നതാണ്. പിന്നീട് ജീവനക്കാരുടെ കുറവും അടിസ്ഥാന സൗകര്യമില്ലായ്മയും മൂലം ഇത് നിന്നു പോയിരുന്നു.
5. വടവുകോട്, കടയിരിപ്പ് കുടുംബാരോഗ്യ കേന്ദ്രങ്ങളിലും ഡോക്ടർമാരുടെയും ജീവനക്കാരുടെയും കുറവ് ഇവിടെയെത്തുന്ന രോഗികളെ വലയ്ക്കുന്നുണ്ട്.