വഴിനീളെ മുഖ്യമന്ത്രിക്കു നേരെ കരിങ്കൊടി
1376779
Friday, December 8, 2023 2:50 AM IST
ആലുവ: ആലുവയിൽ നവകേരള സദസിൽ പങ്കെടുക്കാനെത്തിയ മുഖ്യമന്ത്രിയും മന്ത്രിമാരും സഞ്ചരിച്ച വാഹന വ്യൂഹത്തിനുനേരെ കരിങ്കൊടി വീശിയ യൂത്ത് കോൺഗ്രസ്, കെ.എസ്യു പ്രവർത്തകരെ ഡിവൈഎഫ്ഐ പ്രവർത്തകർ രണ്ടിടത്ത് ആക്രമിച്ചു. നാല് കെഎസ്.യു പ്രവർത്തകരെ ആശുപത്രികളിൽ പ്രവേശിപ്പിച്ചു.
അങ്കമാലിയിൽ നിന്ന് മുഖ്യമന്ത്രിയും മന്ത്രിമാരും ആലുവയിലേക്ക് വരുന്നതിനിടെ വൈകിട്ട് 4.15ഓടെയാണ് ആദ്യം ദേശത്ത് വച്ച് യൂത്ത് കോൺഗ്രസുകാർ കരിങ്കൊടി വീശിയത്. യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി എ.എ. അബ്ദുൽ റഷീദ്, മണ്ഡലം പ്രസിഡന്റ് സിറാജുദ്ദീൻ, മഹിള കോൺഗ്രസ് നിയോജകമണ്ഡലം പ്രസിഡന്റ് സെബ മുഹമ്മദലി, മണ്ഡലം പ്രസിഡന്റ് അമ്പിളി അശോകൻ, ബ്ലോക്ക് സെക്രടറി ജെർളി കപ്രശേരി, ഹുസൈൻ കല്ലറക്കൽ, വൈശാഖ്,അൻവർ പുളിക്കായത്ത് എന്നിവരുടെ നേതൃത്വത്തിലാണ് കരിങ്കൊടി വീശിയത്.
പോലീസ് ഇവരെ ബലം പ്രയോഗിച്ച് പിടിച്ചുമാറ്റിയതിന് പിന്നാലെ ജീപ്പിലെത്തിയ ഡിവൈഎഫ്ഐ ക്കാർ മർദിച്ചെന്നാണ് പരാതി. കറുത്ത ഷർട്ടും ധരിച്ച് കരിങ്കൊടി വീശിയ ജെർളി കപ്രശേരിക്കാണ് കൂടുതൽ മർദനമേറ്റത്. പിന്നീട് രണ്ട് കിലോമീറ്റർ അകലെ പറവൂർ കവലയിലാണ് രണ്ടാമത്ത് സംഘർഷം നടന്നത്.
യുസി കോളജിൽ നിന്നും കെഎസ്യു പ്രവർത്തകർ പ്രകടനമായെത്തിയപ്പോഴേക്കും മുഖ്യമന്ത്രിയുടെ വാഹനം കടന്നുപോയിരുന്നു. പ്രകോപനപരമായ മുദ്രാവാക്യം മുഴക്കിയതിന്റെ പേരിലാണ് ഇവിടെ ഡിവൈഎഫ്ഐ പ്രവർത്തകരുമായി സംഘർഷമുണ്ടായത്.
കെഎസ്യു സംസ്ഥാന ജനറൽ സെക്രട്ടറി അൽ അമീനെയും സൽമാൻ മുണ്ടൂരിനെയും പരിക്കുകളോടെ ദേശം സിഎ ആശുപത്രിയിലും ജിഷ്ണു, തഹ്വാൻ എന്നിവരെ ആലുവ ജില്ലാ ആശുപത്രിയിലും പ്രവേശിപ്പിച്ചു. അനീഷ് ചേനക്കര, താഹിർ, ഷഫീഖ് എടത്തല, അസർ കീഴ്മാട്, ആൽബിൻ, നിസാം ശ്രീമൂലനഗരം, സഫ്വാൻ വഹാബ്, അജ്മൽ പാട്ടേരി, തോമസ്, ഫയാസ് അഹ്മദ് എന്നിവരെ ആലുവ പോലീസ് അറസ്റ്റ് ചെയ്തു.
കരുമാലൂർ : മുഖ്യമന്ത്രിയും മന്ത്രിമാരും ആലുവയിലെ പരിപാടി കഴിഞ്ഞ് പറവൂരിലേക്ക് പോകും വഴി വൈകിട്ട് 6.30 ഓടെ മാളികംപീടിക കവലയ്ക്കു സമീപം മുഖ്യമന്ത്രിയും സംഘവും സഞ്ചരിച്ചിരുന്ന വാഹനത്തിനു നേരെ യൂത്ത് കോൺഗ്രസ് ജില്ലാ സെക്രട്ടറി ഫാസിൽ മൂത്തേടന്റെ നേതൃത്വത്തിൽ കരിങ്കൊടി വീശി.