ബഫര്‍ സോൺ ജനങ്ങള്‍ക്ക് നല്കിയ ഉറപ്പ് പാലിക്കാനായി: മുഖ്യമന്ത്രി
1376775
Friday, December 8, 2023 2:50 AM IST
അങ്കമാലി: ബഫര്‍ സോണ്‍ വിഷയത്തില്‍ ജനങ്ങള്‍ക്ക് നല്കിയ ഉറപ്പ് പാലിക്കാനായെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. ജനവാസ മേഖലയെ ബഫര്‍ സോണില്‍ നിന്ന് പൂര്‍ണമായി ഒഴിവാക്കണമെന്നതായിരുന്നു സര്‍ക്കാരിന്റെ ആവശ്യം. ജനങ്ങളുടെ ആവശ്യവും ഇതുതന്നെയാണ്. അതിനാലാണ് സുപ്രീംകോടതി വിധിക്കെതിരെ സംസ്ഥാന സര്‍ക്കാര്‍ പുനപരിശോധനാ ഹര്‍ജി ഫയല്‍ ചെയ്തത്.
സുപ്രീംകോടതി ഹര്‍ജി അനുവദിച്ചത് തന്നെ കേരളത്തിന് നേട്ടമാണ്. നേരത്തെ നല്കിയ കരട് വിജ്ഞാപനത്തില്‍ ഉള്‍പ്പെട്ടിട്ടുണ്ടോ എന്ന് ഒരിക്കല്‍ കൂടി പരിശോധിക്കുന്നതിനും ജനവാസമേഖല പൂര്‍ണമായും ഒഴിവാക്കുന്നതിനുമുള്ള സാഹചര്യമാണ് നിലവില്‍ വന്നിരിക്കുന്നത്. സംസ്ഥാന സര്‍ക്കാരിന്റെ നിലപാടുകള്‍ അംഗീകരിച്ചു കൊണ്ടുള്ള സുപ്രീം കോടതി വിധി ജനങ്ങളെ കുറേ കാലമായി അലട്ടുന്ന ഒരു പ്രശ്നത്തിനുള്ള പരിഹാരമായിരിക്കുന്നതാണെന്നും അങ്കമാലി അഡ്ലക്സ് കൺവൻഷൻ സെന്ററില്‍ നടത്തിയ പത്രസമ്മേളനത്തില്‍ മുഖ്യമന്ത്രി പറഞ്ഞു.
നവകേരള സദസിൽ ഇന്നലെവരെ 3,00,571 നിവേദനങ്ങളാണ് ലഭിച്ചത്. തദ്ദേശ സ്വയം ഭരണം, റവന്യു, ഭക്ഷ്യ, സിവില്‍ സപ്ലൈസ്, സഹകരണം, ജലവിഭവം, പൊതുമരാമത്ത്, പൊതു വിദ്യാഭ്യാസം, ആരോഗ്യം, കുടുംബക്ഷേമം, പട്ടികജാതി പട്ടിക വര്‍ഗ വികസനം എന്നീ വകുപ്പുകളിലാണ് കൂടുതല്‍ നിവേദനങ്ങള്‍ ലഭിച്ചത്. ഇതില്‍ 257 എണ്ണം തീര്‍പ്പാക്കി. 11950 എണ്ണം വിവിധ വകുപ്പ് ഓഫീസുകളില്‍ പരിഗണനയിലാണ്.
പൂര്‍ണമല്ലാത്തതും അവ്യക്തവുമായ 14 പരാതികള്‍ പാര്‍ക്ക് ചെയ്തു. 2482 എണ്ണം നടപടി ആരംഭിച്ചു.