നിര്‍ദേശങ്ങളും ആവശ്യങ്ങളും കേട്ടറിഞ്ഞ് പ്രഭാത യോഗം
1376774
Friday, December 8, 2023 2:50 AM IST
അങ്കമാലി: തെരഞ്ഞെടുക്കപ്പെട്ട പൗരപ്രമുഖരുടെ നിര്‍ദേശങ്ങള്‍ കേട്ടും മുഖ്യമന്ത്രി അതിനൊക്കെ ഉത്തരം പറഞ്ഞും ജില്ലയിലെ നവകേരള സദസ് തുടക്കം കുറിച്ചുള്ള പ്രഭാതയോഗം ശ്രദ്ധേയമായി. അങ്കമാലി അഡ്ലക്സ് കണ്വെന്ഷന് സെന്ററില്‍ നടന്ന പ്രഭാത യോഗത്തില്‍ ആലുവ, അങ്കമാലി, പറവൂര്‍ മണ്ഡലങ്ങളില്‍ നിന്നുള്ള 80 പേരാണ് അതിഥികളായെത്തിയത്. നാടിന്റെ വികസനവുമായി ബന്ധപ്പെട്ട് അതിഥികളുയര്‍ത്തിയ ഓരോ ചോദ്യങ്ങളും മുഖ്യമന്ത്രി പ്രത്യേകം രേഖപ്പെടുത്തി മറുപടി നല്കി.
ദേശീയപാത 66 സംബന്ധിച്ച് ജനങ്ങള്‍ക്കുള്ള ആശങ്ക പരിഹരിക്കുന്നതിനുള്ള നടപടി സ്വീകരിക്കണമെന്ന് കോട്ടപ്പുറം രൂപത നിയുക്ത ബിഷപ് ഡോ. അംബ്രോസ് പുത്തന്‍വീട്ടില്‍ ആവശ്യപ്പെട്ടു. പട്ടയം സംബന്ധിച്ച വിഷയങ്ങളില്‍ നടപടികള്‍ സ്വീകരിച്ചു വരികയാണെന്നും എല്ലാവര്ക്കും പട്ടയം ഉറപ്പാക്കുമെന്നും മുഖ്യമന്ത്രി മറുപടി നല്കി.
അങ്കമാലിയിലെ ട്രാഫിക് ബ്ലോക്ക് പരിഹരിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കണമെന്ന് സെന്റ് ജോര്‍ജ് ബസിലിക്ക റെക്ടര്‍ ഫാ. തോമസ് പൂച്ചക്കാട്ട് ആവശ്യപ്പെട്ടു. നവ കേരള സദസിന് എല്ലാ ആശംസകളും നേരുന്നുവെന്ന് അങ്കമാലി ഭദ്രാസനം മെത്രാപ്പോലീത്ത ഡോ. മോര് സേവിയേഴ്സ് ഏബ്രഹാം പറഞ്ഞു.
അങ്കമാലിയിലെ ഗതാഗതക്കുരുക്കിന് പരിഹാരമായി ബൈപ്പാസും റിംഗ് റോഡും ആവശ്യമാണെന്നും അവയുടെ നിര്‍മാണം സമയബന്ധിതമായി പൂര്‍ത്തിയാക്കണമെന്നും അങ്കമാലി നഗരസഭ കൗണ്‍സിലര്‍ ബെന്നി മൂഞ്ഞേലി പറഞ്ഞു. പട്ടികജാതി പട്ടിക വര്‍ഗ വിദ്യാര്‍ഥികള്‍ക്കുള്ള ഇ-ഗ്രാന്റ് മുടങ്ങുന്നതു മൂലം നിരവധി ആദിവാസി വിദ്യാര്‍ഥികള്‍ പഠനം നിര്‍ത്തുകയാണെന്ന് കാലടി സര്‍വകലാശാല വൈസ് ചാന്‍സലര്‍ എം.വി. നാരായണന് ചൂണ്ടിക്കാട്ടി.
യുവജനങ്ങള്‍ വിദേശങ്ങളിലേക്ക് ചേക്കേറുന്നതിലുള്ള ആശങ്കയാണ് വാണിജ്യാടിസ്ഥാനത്തില്‍ മികച്ച ഡയറി ഫാമിനുള്ള അവാര്‍ഡ് നേടിയ ജിജി ബിജുവിന് യോഗത്തില്‍ പങ്കുവയ്ക്കാനുണ്ടായിരുന്നത്. തൊഴിലുറപ്പ് കൂലി മിനിമം 500 രൂപ ആക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കണമെന്ന് തൊഴിലുറപ്പ് തൊഴിലാളിയായ ജിന്‍സി ശ്രീജിത്ത് ആവശ്യപ്പെട്ടു.
റസിഡന്‍സ് അസോസിയേഷനുകള്‍ക്ക് നിയമ പരിരക്ഷ നല്‍കുന്നതിന് നിയമനിര്‍മാണം വേണമെന്ന് എഡ്രാക് ജില്ലാ സെക്രട്ടറി കെ. ജയപ്രകാശ് ആവശ്യം ഉന്നയിച്ചു. സമ്പൂര്‍ണ ചരിത്ര സാക്ഷരത നേടുന്നതിനുള്ള നടപടികള്‍ സ്വീകരിക്കണമെന്ന അഭിപ്രായമായിരുന്നു സ്റ്റേറ്റ് ലൈബ്രറി കൗണ്‍സില്‍ പ്രസിഡന്റ് പ്രഫ. കെ.വി. കുഞ്ഞികൃഷ്ണന് ഉന്നയിച്ചത്.