പെരുമ്പാവൂരില്‍ വിളംബര ഘോഷയാത്ര ഇന്ന്
1376768
Friday, December 8, 2023 2:41 AM IST
പെരുമ്പാവൂര്‍: നവകേരള സദസിനുള്ള ഒരുക്കങ്ങള്‍ പെരുമ്പാവൂരില്‍ പൂര്‍ത്തിയായെന്ന് സംഘാടക സമിതി ചെയര്മാന് ബാബു ജോസഫ്, കണ്‍വീനര്‍ കൂന്നത്തുനാട് തഹസില്‍ദാര്‍ ജോര്‍ജ് ജോസഫ് എന്നിവര്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. ഇന്ന് ഉച്ചകഴിഞ്ഞ് മൂന്നിന് ബോയ്സ് ഹൗസ്കൂള്‍ ഗ്രൗണ്ടില്‍നിന്നു മുനിസിപ്പല്‍ സ്റ്റേഡിയം വരെ സാംസ്ക്കാരിക വിളംബര ഘോഷയാത്ര സംഘിടിപ്പിക്കും.
10ന് രാവിലെ 10ന് ഗവ. ബോയ്സ് ഹൈസ്കൂളിലാണ് പെരുന്പാവൂർ മണ്ഡലത്തിലെ നവകേരള സദസ് സംഘടിപ്പിക്കുന്നത്. ഇതിനായി 36000 ചതുരശ്രയടിയുള്ള പന്തലാണ് ഒരുക്കിയിരിക്കുന്നത്. പൊതുജനങ്ങള്‍ക്ക് സമ്മേളനത്തില്‍ എത്തിച്ചേരാൻ 268 വാഹനങ്ങള്‍ ഏര്‍പ്പെടുത്തി. വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യാൻ പ്രൈവറ്റ് സ്റ്റാന്റ്, ആശ്രമം ഹൈസ്കൂള്‍ ഗ്രൗണ്ട്, പാലക്കാട്ടു പാലം ഗ്രൗണ്ട് എന്നിവ സജീകരിച്ചിട്ടുണ്ട്. ഞായറാഴ്ച രാവിലെ 8.30ന് മുഖ്യമന്ത്രിയും 20 മന്ത്രിമാരും വെങ്ങോല ഹമാര ഓഡിറ്റോറിയത്തില്‍ എത്തിച്ചേരും.
പരാതികള്‍ സ്വീകരിക്കാന്‍ 26 കൗണ്ടറുകള്‍
പെരുമ്പാവൂര്‍: നവകേരള സദസില്‍ പൊതുജനങ്ങളുടെ പരാതികള്‍ സ്വീകരിക്കാന്‍ 26 കൗണ്ടറുകള്‍ ഒരുക്കിയിട്ടുണ്ട്. പരാതി നല്കാന് എത്തുന്നവര്‍ ആദ്യം ജനറല്‍ കൗണ്ടറിലെത്തി ടോക്കണ്‍ എടുക്കണം. തുടർന്ന് അതാത് കൗണ്ടറുകളില്‍ പരാതികള്‍ നല്‍കാം. ഭിന്നശേഷിക്കാര്‍ക്ക് രണ്ടും സ്ത്രീകള്‍ക്കും വയോജനങ്ങള്‍ക്കും ഏഴു വീതം പ്രത്യേകം കൗണ്ടറുകളും തയാറാക്കിയിട്ടുണ്ട്.
രാവിലെ 8.30 മുതല്‍ പരാതികള്‍ സ്വീകരിക്കും. 10.30 മുതല്‍ നവകേരള സദസ് നടക്കുന്ന സമയത്ത് കൗണ്ടറുകള്‍ പ്രവര്‍ത്തിക്കില്ല. സമ്മേളനം കഴിഞ്ഞ് വീണ്ടും പരാതികള്‍ സ്വീകരിക്കും. കുന്നത്തുനാട് താലൂക്ക് ഓഫീസിന്റെ മേല്‍നോട്ടത്തിലാണ് കൗണ്ടറുകളുടെ പ്രവര്‍ത്തനം.