ഓച്ചന്തുരുത്ത് സഹകരണ ബാങ്ക് ഭരണസമിതി അംഗത്തിന് മർദനം
1376761
Friday, December 8, 2023 2:40 AM IST
വൈപ്പിൻ: ഓച്ചന്തുരുത്ത് സർവീസ് സഹകരണ ബാങ്ക് പൊതുയോഗം കഴിഞ്ഞിറങ്ങിയ ഭരണസമിതി അംഗവും സിപിഐ വൈപ്പിൻ മണ്ഡലം കമ്മറ്റിയംഗവുമായ ടി.എ. മുഹമ്മദിനെ സിപിഎം നേതാക്കൾ മർദിച്ച് കൊലപ്പെടുത്താൻ ശ്രമിച്ചെന്ന് സിപിഐ.
പോലീസിന് നൽകിയ പരാതിയിൽ സിപിഎം ലോക്കൽ കമ്മിറ്റി സെക്രട്ടറി ഉൾപ്പെടെ രണ്ട് നേതാക്കൾക്കെതിരെ ഞാറയ്ക്കൽ പോലീസ് കേസെടുത്തു. മുകളിലത്തെ നിലയിൽ യോഗം കഴിഞ്ഞ് ഹാളിൽനിന്നു പുറത്തേക്കിറങ്ങവേ ഭീക്ഷണിപ്പെടുത്തുകയും ഗോവണിപ്പടിയിൽ നിൽക്കവേ പിന്നിൽനിന്നു ചവിട്ടിയിട്ടെന്നുമാണ് ആരോപണം.
ബാങ്കിന്റെ ഫിഷ് മാർട്ട് നടത്തിപ്പുമായി ബന്ധപ്പെട്ട അഴിമതിയിൽ സിപിഎം തീരുമാനത്തിനെതിരെ സിപിഐ നിലപാട് സ്വീകരിച്ചതാണ് പ്രശ്നങ്ങൾക്ക് കാരണമത്. സിപിഎം താൽകാലിക തൊഴിലാളികളായി നിയമിച്ചാണ് ഫിഷ് മാർട്ട് നടത്തി വന്നത്. എന്നാൽ നടത്തിപ്പിൽ ലക്ഷകണക്കിനു രൂപയുടെ നഷ്ടമാണ് ബാങ്കിനുണ്ടായത്.
ഇത് വെളിപ്പെടുത്തുന്ന ഓഡിറ്റ് റിപ്പോർട്ട് സിപിഐ അംഗങ്ങൾ രേഖാമൂലം സെക്രട്ടറിയോട് ആവശ്യപ്പെട്ടിട്ടും നൽകിയില്ല. ഇതിൽ പ്രതിഷേധിച്ച് ഭരണസമിതി യോഗം സിപിഐ അംഗങ്ങൾ ബഹിഷ്കരിച്ചിരുന്നു.