പൈതൃക ക്രൈസ്തവ വേഷധാരികളുടെ സംഗമം നാളെ
1376757
Friday, December 8, 2023 2:29 AM IST
കൊച്ചി: കെഎല്‍സിഎ വരാപ്പുഴ അതിരൂപതയുടെ നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന പരമ്പരാഗത ക്രൈസ്തവ വേഷ ധാരികളുടെ സംഗമം "പൈതൃകം 2023' നാളെ വൈകുന്നേരം 5.45ന് ഗോവ ഗവര്‍ണര്‍ അഡ്വ. പി.എസ്. ശ്രീധരന് പിള്ള ഉദ്ഘാടനം ചെയ്യും. എറണാകുളം രാജേന്ദ്ര മൈതാനത്ത് നടക്കുന്ന സംഗമത്തില്‍ വരാപ്പുഴ അതിരൂപതാ പ്രസിഡന്റ് സി.ജെ. പോള്‍ അധ്യക്ഷത വഹിക്കും.
മേയര്‍ അഡ്വ. എം. അനില്‍കുമാര്‍ മുഖ്യപ്രഭാഷണവും അതിരൂപത വികാരി ജനറല്‍ മോണ്‍. മാത്യു കല്ലിങ്കല്‍ അനുഗഹ പ്രഭാഷണവും നടത്തും. ആലപ്പുഴ കൃപാസനം ഡയറക്ടര്‍ ഫാ. വി.പി. ജോസഫ് വലിയ വീട്ടില്‍ പൈതൃക ഭാഷണം നടത്തും. ഹൈബി ഈഡന് എംപി, ടി.ജെ. വിനോദ് എംഎല്‍എ, കെആര്‍എല്‍സിസി വൈസ് പ്രസിഡന്റ് ജോസഫ് ജൂഡ്, കെഎല്‍സിഎ സംസ്ഥാന പ്രസിഡന്റ് അഡ്വ. ഷെറി ജെ. തോമസ്, വരാപ്പുഴ അതിരൂപത ബിസിസി ഡയറക്ടര്‍ ഫാ. യേശുദാസ് പഴമ്പിള്ളി, കെഎല്‍സിഎ വരാപ്പുഴ അതിരൂപത ഡയറക്ടര്‍ ഫാ. മാര്ട്ടിന് തൈപ്പറമ്പില്‍, എറണാകുളം ജില്ലാ പഞ്ചായത്ത് അംഗം അഡ്വ. എല്‍സി ജോര്‍ജ്, അതിരൂപത ജനറല്‍ സെക്രട്ടറി റോയ് പാളയത്തില്‍, വൈസ് പ്രസിഡന്റ് ബാബു ആന്റണി എന്നിവര്‍ പ്രസംഗിക്കും.
വൈകുന്നേരം 4.30ന് സെന്റ് തെരസാസ് കോളജില്‍ നിന്ന് ആരംഭിക്കുന്ന പൈതൃക ഘോഷയാത്രയില്‍ ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള സ്ത്രീകള്‍ പരമ്പരാഗത വേഷത്തില്‍ അണിനിരക്കും.
പൈതൃക ക്രിസ്ത്യന്‍ കലാരൂപങ്ങളായ ചവിട്ടുനാടകവും മാര്‍ഗം കളിയും പരിചമുട്ടുകളിയും ഘോഷയാത്രയില്‍ അവതരിപ്പിക്കും. പഴമയുടെ രുചിക്കൂട്ടുകള്‍ ഉള്‍പ്പെടുത്തിയ ഫുഡ് ഫെസ്റ്റിവലും ഒരുക്കിയിട്ടുണ്ട്.