പുന്നേക്കാട് തട്ടേക്കാട് റോഡിൽ വനം വകുപ്പിന്റെ കൈയേറ്റം ഒഴിപ്പിക്കണം
1376754
Friday, December 8, 2023 2:29 AM IST
കോതമംഗലം: പുന്നേക്കാട് തട്ടേക്കാട് റോഡിൽ വനം വകുപ്പിന്റെ കൈയേറ്റം ഒഴിപ്പിക്കാൻ നവകേരള സദസിൽ പരാതി നൽകുമെന് കിഫ ജില്ലാ കമ്മറ്റി അറിയിച്ചു.
കാൽ ലക്ഷത്തിനു മുകളിൽ ജനസംഖ്യയുള്ളതും അതിൽ പതിനേഴോളം ആദിവാസികുടികളിലായി അയ്യായിരത്തിനു മുകളിൽ ഗോത്രവർഗത്തിൽപ്പെട്ടവരും അധിവസിക്കുന്ന കുട്ടന്പുഴ പഞ്ചായത്തിലേക്കുള്ള ഏക സഞ്ചാര മാർഗമാണ് കീരംന്പാറ വില്ലേജിൽകൂടി കടന്നുപോകുന്ന പുന്നേക്കാട് - തട്ടേക്കാട് റോഡ്. ഈ റോഡ് ഉൾപ്പെടുന്ന പ്രദേശത്ത്, വനം വകുപ്പ് മരങ്ങൾ വച്ചുപിടിപ്പിച്ചു.
പൊതുമരാമത്ത്, റവന്യു വകുപ്പുകളുടെ കീഴിലുള്ള റോഡ് പുറന്പോക്ക് കൈയേറിയാണ്, പ്ലാന്റേഷന്റെ ഭാഗമായി മരം നട്ടത്. റോഡിന്റെ ടാറിംഗ് എഡ്ജിൽ നിന്ന് 10 സെന്റീമീറ്റർ പോലും ക്ലിയറൻസ് ഇല്ലാതെയാണ് മരങ്ങൾ നട്ടത്. വാഹനങ്ങൾ ഓടിക്കുന്പോൾ ശ്രദ്ധ പോയാൽ അപകടം ഉറപ്പ്. പകൽ പോലും കാട്ടാനയടക്കമുള്ള വന്യമൃഗങ്ങൾ വഴിയരികിൽ നിന്നാൽ യാത്രക്കാർക്ക് കാണാനാകാത്ത സാഹചര്യമാണുള്ളത്.
മൂന്ന് ചതുരശ്ര കിലോ മീറ്റർ മാത്രം വ്യാപ്തിയുള്ള പ്ലാന്റേഷനിലെത്തിയ ആനകൾ ഇപ്പോൾ തിരികെ പോകാതെ നിലയുറപ്പിച്ചിരിക്കുകയാണ്. കാഴ്ച്ച മറയ്ക്കുകയും, റോഡിൽ നിന്ന് നിയമാനുസൃത ക്ലിയറൻസ് പാലിക്കാതെയും വച്ചുപിടിപ്പിച്ച മരങ്ങൾ ദുരന്ത നിവാരണ നിയമമനുസരിച്ച് വെട്ടിമാറ്റണമെന്നാവശ്യപ്പെട്ട് കിഫ എറണാകുളം ജില്ലാ പ്രസിഡന്റ് സിജുമോൻ ഫ്രാൻസിസ് കളക്ടറെ സമീപിച്ചു.
സ്ഥലപരിശോധന നടത്തി അടിയന്തരമായി മുറിക്കേണ്ട മരങ്ങൾ കണ്ടെത്തി തുടർ നടപടികൾക്കായി ശിുപാർശ ചെയ്തു. എന്നാൽ തുടർ നടപടി സ്വീകരിച്ചില്ല. ഈ സാഹചര്യത്തിലാണ് വനം വകുപ്പ്, മറ്റ് വകുപ്പുകളുടെ ഭൂമിയിൽ നട്ടുപിടിപ്പിച്ച മരം വെട്ടിമാറ്റണമെന്നാവശ്യപ്പെട്ട് നവകേരള സദസിൽ മുഖ്യമന്ത്രിക്ക് പരാതി നൽകുന്നത്.