കോലഞ്ചേരിയിൽ വാഹനങ്ങൾ വഴി തിരിച്ചുവിടും
1376753
Friday, December 8, 2023 2:29 AM IST
കോലഞ്ചേരി: നവകേരള സദസ് നടക്കുന്നതിനാൽ തോന്നിക്ക ജംഗ്ഷൻ മുതൽ കോലഞ്ചേരി ബ്ളോക്ക് ജംഗ്ഷൻ വരെയുള്ള ഭാഗത്ത് റോഡിന്റെ ഇരു വശങ്ങളിലും നാളെ വാഹന പാർക്കിംഗ് നിരോധിച്ചതായി പുത്തൻകുരിശ് പൊലീസ് അറിയിച്ചു .
മൂവാറ്റുപുഴ നിന്ന് എറണാകുളത്തേയ്ക്ക് പോകുന്ന ടൂവീലർ ഉൾപ്പെടെയുള്ള വാഹനങ്ങൾ തോന്നിക്ക ജംഗ്ഷനിൽ നിന്ന് ഇടത്തോട്ടു തിരിഞ്ഞ് പൊട്ടയ്ക്കപീടിക വഴി പാറേക്കാട്ടി കവലയിൽ എത്തി വലത്തോട്ടു തിരിഞ്ഞ്, കോട്ടൂർ പള്ളി ജംഗ്ഷനിൽ നിന്ന് ഇടത്തോട്ടു തിരിഞ്ഞ്, കിങ്ങിണിമറ്റം സ്കൂൾ ജംഗ്ഷനിൽ നിന്ന് വലത്തോട്ടു തിരിഞ്ഞ്, വള്ളിക്കാട്ടുപടിയിൽ നിന്ന് വലത്തോട്ടു തിരിഞ്ഞ്, പൂതൃക്ക സ്കൂൾ ജംഗ്ഷനിലെത്തി, വലത്തോട്ടു തിരിഞ്ഞ് മീമ്പാറ ജംഗ്ഷനിൽ നിന്ന് ഇടത്തോട്ട് കുറിഞ്ഞിപ്പള്ളി ജംഗ്ഷനിൽ നിന്ന് വലത്തോട്ട് തിരിഞ്ഞ്, പുത്തൻകുരിശ് ടൗണിൽ എത്തി എറണാകുളം ഭാഗത്തേക്ക് പോകണം .
എറണാകുളത്തു നിന്ന് മൂവാറ്റുപുഴ ഭാഗത്തേക്ക് പോകുന്ന വാഹനങ്ങൾ പുതുപ്പനം പെട്രോൾ പമ്പിന് എതിർ വശം എംഎൽഎ റോഡുവഴി കൊതുകാട്ടി പീടിക എത്തി, വലത്തോട്ടു തിരിഞ്ഞ് മൂശാരിപ്പടിയെത്തി കാരമോളപീടികയിൽ നിന്നു വലത്തോട്ടു തിരിഞ്ഞ്, മങ്ങാട്ടൂർ ഞെരിയാൻകുഴി ജംഗ്ഷനിലെത്തി വലത്തോട്ട് തിരിഞ്ഞ് തോന്നിക്ക ജംഗ്ഷനിലെത്തി മൂവാറ്റുപുഴ ഭാഗത്തേക്ക് പോകണം.
നവകേരള സദസിൽ പങ്കെടുക്കാൻ വരുന്ന തിരുവാണിയൂർ, വടവുകോട് പുത്തൻകുരിശ്, പൂതൃക്ക , ഐക്കരനാട് പഞ്ചായത്തുകളിൽ നിന്നുള്ളവരെ ബ്ലോക്ക് കവലയിലും, മഴുവന്നൂർ, വാഴക്കുളം, കിഴക്കമ്പലം, കുന്നത്തുനാട് പഞ്ചായത്തുകളിൽ നിന്നുള്ളവരെ കോടതി ജംഗ്ഷനിലും ഇറക്കിയശേഷം വാഹനങ്ങൾ തോന്നിക്ക ഹിൽടോപ്പിൽ പാർക്ക് ചെയ്യണം. കോലഞ്ചേരി മെഡിക്കൽ കോളജ് മൈതാനി, പെരുമ്പാവൂരിലെ രണ്ട് മൈതാനങ്ങൾ എന്നിവിടങ്ങളിൽ പാർക്കിംഗിന് ക്രമീകരിച്ചിട്ടുള്ളതായി പോലീസ് അറിയിച്ചു.