നവകേരള സദസ് നാളെ: പിറവത്ത് വിപുലമായ ഒരുക്കങ്ങൾ
1376729
Friday, December 8, 2023 2:19 AM IST
പിറവം: നിയോജക മണ്ഡലത്തിലെ നവകേരള സദസ് നാളെ പിറവം കൊച്ചുപള്ളി ഗ്രൗണ്ടിൽ നടക്കും. വിപുലമായ ഒരുക്കങ്ങൾ പൂർത്തിയായി.വൈകുന്നേരം നാലിന് നവകേരള സദസ് തുടങ്ങും. ഉച്ചക്ക് രണ്ട് മണി മുതൽ പരാതികൾ സ്വീകരിക്കും. പരാതികൾ സ്വീകരിക്കാൻ 20 കൗണ്ടറുകൾ പ്രവർത്തിക്കും.
പള്ളി മൈതാനത്ത് 45000 ചതുരശ്ര അടി വിസ്തീർണമുള്ള പന്തൽ, സ്റ്റേജ് എന്നിവയുടെ നിർമാണം പൂർത്തിയാക്കി. നടക്കാവ് റോഡുവഴി നവകേരള ബസ് എത്തും. മിനി സിവിൽ സ്റ്റേഷൻ ഭാഗത്തു നിന്ന് വാദ്യമേളങ്ങളുടെ അകമ്പടിയോടെ കൊച്ചു പള്ളി മൈതാനത്തേക്ക് സ്വീകരിക്കും.
ഇരുപതിനായിരം ആളുകൾ സദസിൽ പങ്കെടുക്കും. നാളെ ഉച്ചക്ക് 12 മുതൽ രാത്രി ഏഴു വരെ പിറവത്ത് ഗതാഗതം നിയന്ത്രിക്കും. മാമലക്കവല മുതൽ ത്രീറോഡ് ജംഗ്ഷൻ, ദേവിപ്പടി, പള്ളിക്കവല, കൊച്ചുപള്ളി റോഡ്, വലിയപള്ളി പരിസരം എന്നിവിടങ്ങളിൽ ട്രാഫിക് നിയന്ത്രണം ഏർപ്പെടുത്തി.
നവകേരള സദസിന് എത്തുന്ന വാഹനങ്ങൾ മാം ഓഡിറ്റോറിയം ഗ്രൗണ്ട്, സെന്റ് ജോസഫ്സ് സ്കൂൾ മൈതാനം, കെഎസ്ആർടിസി ബസ് സ്റ്റാൻഡ്, പിറവം ഗവ. സ്കൂൾ, എംകെഎം. സ്കൂൾ, എന്നിവിടങ്ങളിൽ പാർക്ക് ചെയ്യാം.
ഉദ്യോഗസ്ഥരുടേയും മറ്റും വാഹനങ്ങൾ സ്നേഹഭവൻ സ്കൂൾ മൈതാനം, ഹോളി കിംഗ്സ് സ്കൂൾ മൈതാനം, കൊച്ചുപള്ളി പാരിഷ് ഹാൾ മുറ്റം, വലിയ പള്ളിയുടെ രണ്ട് മൈതാനങ്ങൾ, പിഷാരുകോവിൽ ക്ഷേത്രം മൈതാനം എന്നിവിടങ്ങളിൽ പാർക്ക് ചെയ്യാം.
പ്രഭാത നടത്തം സംഘടിപ്പിച്ചു
പിറവം: നവ കേരള സദസിനോടനുബന്ധിച്ച് താലൂക്ക് ആശുപത്രി കവലയിൽ നിന്നു തുടങ്ങിയ നടത്തം നഗരസഭ ഓഫീസിന് മുന്നിൽ സമാപിച്ചു. സംഘാടക സമിതി ചെയർമാൻ എംജെ. ജേക്കബ് നേതൃത്വം നൽകി.
നഗരസഭ അധ്യക്ഷ ഏലിയാമ്മ ഫിലിപ്പ് ഫ്ലാഗ് ചെയ്തു. സംഘാടക സമിതി കൺവീനർ ആർഡിഒ പി.എം. അനി, ജോയിന്റ് കൺവീനർ പി.ബി. രതീഷ്, നഗരസഭ ഉപാധ്യക്ഷൻ കെ.പി. സലിം, ജിൻസൺ. വി. പോൾ, സി.കെ. പ്രകാശ്, സോമൻ വല്ലയിൽ, ബിമൽ ചന്ദ്രൻ, സോജൻ ജോർജ്, സാജു ചേന്നാട്ട്, രാജു തെക്കൻ, അജേഷ് മനോഹർ, പി. ഗിരിഷ് കുമാർ എന്നിവർ പങ്കെടുത്തു.