മൂവാറ്റുപുഴ വാലി, പെരിയാർ വാലി കനാലുകൾ തുറക്കുന്നു
1376727
Friday, December 8, 2023 2:19 AM IST
പിറവം: മൂവാറ്റുപുഴ വാലി, പെരിയാർ വാലി പദ്ധതികളുടെ ഇരു കനാലുകളിലൂടേയും 15 നു ശേഷം വെള്ളം തുറന്നു വിടും. കൃഷി ആവശ്യവും ശുദ്ധജല ക്ഷാമവും മുന്നിൽ കണ്ടാണ് നടപടി. നിയോജക മണ്ഡലത്തിലെ വേനല്‍ക്കാല ശുദ്ധ ജല വിതരണം സംബന്ധിച്ച് ചര്‍ച്ച ചെയ്യാൻ അനൂപ് ജേക്കബ് എംഎല്‍എയുടെ അധ്യക്ഷതയില്‍ ചേർന്ന യോഗത്തിലാണ് തീരുമാനം.
15,16 തീയതികളില്‍ എംവിഐപി കനാലുകളില്‍ വെള്ളം തുറന്നു വിട്ട് ട്രയല്‍ റണ്‍ നടത്തും. പഞ്ചായത്ത് - മുനിസിപ്പാലിറ്റി, കൃഷി, ജലസേചന വകുപ്പുകളുടെ സംയുക്ത യോഗം ചേര്‍ന്ന് ജല വിതരണം ഏകോപിപ്പിക്കും.
മൂവാറ്റുപുഴവാലി കനാലിലേയും പെരിയാർവാലി കനാലിലേയും എല്ലാ പ്രദേശങ്ങളിലും വെള്ളം എത്തിക്കാനുള്ള നടപടികൾ സ്വീകരിച്ചിട്ടുണ്ട്. കനാലുകളിലെ വലുതും ചെറുതുമായ മരങ്ങള്‍ നീക്കം ചെയ്യൽ, കനാല്‍ വൃത്തിയാക്കൽ, അറ്റകുറ്റപ്പണികള്‍ എന്നിവ അവസാനഘട്ടത്തിലാണെന്ന് ഉദ്യോഗസ്ഥര്‍ അറിയിച്ചു.
പാടശേഖരങ്ങളിലെ കൃഷിയുടെ സാഹചര്യം മനസിലാക്കി വെള്ളം തുറന്നു വിടും. ഇതിലേക്കായി കൃഷി ഉദ്യോഗസ്ഥരുമായി ജല വിഭവ വകുപ്പ് ഉദ്യോഗസ്ഥർ കൂടിയാലോചന നടത്തും.
പിറവം നഗരസഭ ചെയർപേഴ്സൺ ഏലിയാമ്മ ഫിലിപ്പ്, കൂത്താട്ടുകുളം നഗരഭ ചെയർപേഴ്സൺ വിജയാ ശിവന്, മണീട് പഞ്ചായത്ത് പ്രസിഡന്റ് പോള്‍ വര്‍ഗീസ്, ഇലഞ്ഞി പഞ്ചായത്ത് പ്രസിഡന്റ് പ്രീതി അനില്‍, തിരുമാറാടി പഞ്ചായത്ത് പ്രസിഡന്റ് സന്ധ്യാ മോള് പ്രകാശ് എന്നിവരും യോഗത്തില്‍ പങ്കെടുത്തു.