വികസന വിഷയങ്ങളുമായി മൂവാറ്റുപുഴ കാത്തിരിക്കുന്നു
1376724
Friday, December 8, 2023 2:19 AM IST
മൂവാറ്റുപുഴ: നഗരസഭ സ്റ്റേഡിയത്തിൽ 10 ന് വൈകുന്നേരം മൂന്നിന് നടക്കുന്ന മൂവാറ്റുപുഴ നിയോജക മണ്ഡലം നവകേരള സദസിന്റെ ഒരുക്കങ്ങൾ പൂർത്തിയായതായി ചെയർമാൻ എൽദോ എബ്രഹാം, കണ്വീനർ തഹസിൽദാർ രഞ്ജിത് ജോർജ് എന്നിവർ പത്ര സമ്മേളനത്തിൽ അറിയിച്ചു.
പഞ്ചായത്ത് ബൂത്ത് തല സംഘാടക സമിതി യോഗങ്ങളിലും, കുടുംബ സദസുകളിലും ഉയർന്ന് വന്ന വിവിധ വികസന വിഷയങ്ങളും, വ്യക്തികൾ സ്വന്തം നിലയ്ക്ക് തയാറാക്കിയ നിവേദങ്ങളും സ്വീകരിക്കാൻ 30 കൗണ്ടറുകൾ ഒരുക്കിയിട്ടുണ്ട്. സ്ത്രീകൾ, ഭിന്നശേഷിക്കാർ, മുതിർന്നവർ, പൊതുവിഭാഗം എന്ന നിലയിലാണ് കൗണ്ടറുകളുടെ ക്രമീകരണം.
ഉച്ചയ്ക്ക് ഒന്നു മുതൽ പൊതുജനങ്ങൾക്ക് നിവേദനങ്ങൾ നൽകാം. സർക്കാരിന്റെ വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥരാണ് പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നത്. പെരുന്പാവൂർ വെങ്ങോല ഹമാര ഹാളിൽ നടക്കുന്ന പ്രഭാത മീറ്റിംഗിൽ മൂവാറ്റുപുഴയിൽ നിന്ന് 65 പ്രതിനിധികൾ പങ്കെടുക്കും.
സമൂഹത്തിന്റെ വിവിധ മേഖലകളിലുള്ളവർ പ്രഭാത മീറ്റിംഗിൽ മുഖ്യന്ത്രിക്കും, മന്ത്രിമാർക്കും ഒപ്പം പങ്കെടുക്കും. പഞ്ചവാദ്യം, തകിലുമേളം, ശിങ്കാരിമേളം, കഥകളിവേഷം, മോഹിനിയാട്ടം, ഭരതനാട്യം, തെയ്യം, ഓട്ടൻതുള്ളൽ, ചാക്യാർകൂത്ത്, പൂക്കാവടി, ഗരുഡൻ തൂക്കം, ചവിട്ടുനാടകം എന്നീ കലാരൂപങ്ങളുടെ അകന്പടിയോടെ സ്റ്റേഡിയത്തിൽ മുഖ്യമന്ത്രിയേയും മന്ത്രിമാരെയും സ്വീകരിക്കും. ഇന്നും നാളെയും എല്ലാ പഞ്ചായത്തുകളിലും വിളംബര ജാഥകൾ നടക്കും.
മൂവാറ്റുപുഴ നിയോജക മണ്ഡലത്തിലെ വികസന പ്രവർത്തനങ്ങൾ നേരിടുന്ന വെല്ലുവിളികൾ മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും ശ്രദ്ധയിൽപ്പെടുത്തും. മുറിക്കല്ല് ബൈപാസ് പൂർത്തീകരണമാണ് മൂവാറ്റുപുഴക്ക് അടിയന്തരമായി വേണ്ടത്.
മുറിക്കല്ല് പാലം പൂർത്തിയായിട്ട് 10 വർഷമായി. ഇരു വശങ്ങളിലേക്കുമുള്ള അപ്രോച്ച് റോഡിന്റെ സ്ഥലമെടുപ്പ് പോലും നടന്നിട്ടില്ല. 62 കോടിയായിരുന്ന എസ്റ്റിമേറ്റ് ഒരു പാലം കൂടി സമാന്തരമായി പണിയാനുൾപ്പെടെ 110 കോടിയാക്കി കിഫ്ബി അംഗീകരിച്ചിട്ടുണ്ട്.
നഗരത്തിലെ ഗതാഗതക്കുരുക്കഴിക്കാനുള്ള ഏറ്റവും പ്രധാന പദ്ധതിയാണിത്. ഇതോടൊപ്പം മൂവാറ്റുപുഴ ടൗണ് വികസനവും നടപ്പാക്കണം. രണ്ട് പതിറ്റാണ്ടായ പദ്ധതിയാണിത്. 51 കോടിയാണ് ചെലവിടുന്നത്. ഒളിന്പ്യൻ ചന്ദ്രശേഖരൻ ഇൻഡോർ സ്റ്റേഡിയം പൂർത്തിയാക്കണം.
കായിക മന്ത്രാലയവും നഗരസഭയും 2017 ഡിസംബർ അഞ്ചിന് ഉടന്പടി ഒപ്പു വച്ച പദ്ധതിയാണിത്. മൂവാറ്റുപുഴയിലെ ഒരേ ഒരു സർക്കാർ കന്പനിയായ വാഴക്കുളം പൈനാപ്പിൾ കന്പനിയെ സംരക്ഷിക്കണം. കേരളത്തിന് കാർഷിക ധനവരുമാനം നേടിക്കൊടുക്കുന്ന പൈനാപ്പിളിന്റെ സംസ്കരണത്തിനും പൈനാപ്പിൾ കർഷകരെ സഹായിക്കാനും സർക്കാർ അടിയന്തിര സഹായം നൽകണം.
മൂന്ന് പതിറ്റാണ്ട് മുന്പ് പ്രഖ്യാപിച്ച അങ്കമാലി-ശബരി പദ്ധതിക്ക് സ്ഥലം ഏറ്റെടുത്ത് നിർമാണം ആരംഭിക്കണം. കടാതി-കാരക്കുന്നം ബൈപ്പാസ്, ഇഇസി മാർക്കറ്റ് പ്രയോജനപ്പെടുത്തൽ, മൂവാറ്റുപുഴയാറിന് പ്രത്യേക സംരക്ഷണ പദ്ധതി, വെള്ളപ്പൊക്ക നിയന്ത്രണം, മൂവാറ്റുപുഴ ജനറൽ ആശുപത്രിയുടെ നവീകരണം, മൂവാറ്റുപുഴയ്ക്ക് നഷ്ടപ്പെട്ട ഐഎഎസ് അക്കാദമിക്കു പകരം ഉപകേന്ദ്രമെങ്കിലും അനുവദിക്കണം.
മൂവാറ്റുപുഴ കെഎസ്ആർടിസി ഡിപ്പോ, മൂവാറ്റുപുഴ നഗരസഭയിലെ ത്രിവേണി സംഗമം തൂക്കുപാലം ടൂറിസം പദ്ധതി, പൈനാപ്പിളിൽ നിന്ന് വൈൻ ഉത്പാദനം എന്നിവയുടെ ആവശ്യകതയെല്ലാം നവകേരള സദസിൽ അവതരിപ്പിക്കും. മൂവാറ്റുപുഴയിലെ സ്വീകരണത്തിനുശേഷം തൊടുപുഴയിലേക്ക് പോകുന്ന മുഖ്യമന്ത്രിക്കും മന്ത്രിമാർക്കും ജില്ലാ അതിർത്തിയിൽ യാത്രയയപ്പ് നൽകും. പത്രസമ്മേളനത്തിൽ സ്വാഗത സംഘം ഭാരവാഹികളായ പി.എം. ഇസ്മയിൽ, ഷാജി മുഹമ്മദ് എന്നിവരും പങ്കെടുത്തു.