വിശുദ്ധ കുർബാന വിശ്വാസികളുടെ വജ്രായുധം: മാർ ജോർജ് മഠത്തിക്കണ്ടത്തിൽ
1376722
Friday, December 8, 2023 2:18 AM IST
കോതമംഗലം : ദിവ്യകാരുണ്യ കേന്ദ്രീകൃതമായ ജീവിതമാണ് സഭാനവീകരണത്തിന്റെ അടിസ്ഥാന ഘടകമെന്ന് കോതമംഗലം ബിഷപ് മാർ ജോർജ് മഠത്തിക്കണ്ടത്തിൽ.
സെന്റ് ജോർജ് കത്തീഡ്രലിൽ ആരംഭിച്ച കോതമംഗലം ദിവ്യ കാരുണ്യ കണ്വെൻഷൻ 2023 ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു ബിഷപ്. ജപമാലയോടെ ശുശ്രൂഷകൾ ആരംഭിച്ചു. രൂപത വികാരി ജനറാൾ മോണ്‍. ഫ്രാൻസിസ് കീരന്പാറയുടെ മുഖ്യ കർമികത്വത്തിൽ അർപ്പിച്ച സമൂഹബലിയിൽ കോതമംഗലം ഫൊറോനയിലെ വൈദികർ സഹ കാർമികരായി.
തുടർന്ന് ബിഷപ് മാർ ജോർജ് മഠത്തിക്കണ്ടത്തിൽ ബൈബിൾ പ്രതിഷ്ഠ നടത്തുകയും തിരി തെളിച്ച് കണ്വൻഷൻ ഉദ്ഘാടനം ചെയ്യുകയും ചെയ്തു. ദിവ്യകാരുണ്യ മിഷനറി സഭാ വൈദികരുടെ നേതൃത്വത്തിൽ വചന പ്രഘോഷണം, ദിവ്യകാരുണ്യ ആരാധന എന്നിവ നടത്തി. ഒരു പുതിയ സൃഷ്ടിയാവുകയെന്നതാണ് പരമ പ്രധാനമെന്ന് വചന സന്ദേശം നൽകിയ ഫാ. ജോർജി കാട്ടൂർ ഓർമപ്പെടുത്തി.
രൂപത വികാരി ജനറാൾ മോണ്‍. പയസ് മലേകണ്ടത്തിൽ, ചാൻസിലർ റവ.ഡോ. ജോസ് കുളത്തൂർ, കത്തീഡ്രൽ വികാരി റവ.ഡോ. തോമസ് ചെറുപറന്പിൽ, ജനറൽ കോർഡിനേറ്റർ റവ.ഡോ. തോമസ് പറയിടം, ഫാ. മാത്യു അത്തിക്കൽ, ഫാ. ജേക്കബ് തലാപ്പിള്ളിൽ, ഫാ. സ്കറിയ കുന്നേൽ, ഫാ. ജൂഡ് കോയിൽപറന്പിൽ, സിസ്റ്റർ സേവന, ജിമ്മിച്ചൻ പുതിയാത്ത്, രാജേഷ് പിട്ടാപ്പിള്ളിൽ എന്നിവർ കണ്വെൻഷന് നേതൃത്വം നൽകി.