ജില്ലയിലെ നവകേരള സദസിന് അങ്കമാലിയില്‍ ഉജ്വല തുടക്കം
1376721
Friday, December 8, 2023 2:18 AM IST
കൊച്ചി: വൻജനാവലിയെ സാക്ഷിയാക്കി ജില്ലയിലെ ആദ്യ നവകേരള സദസിന് അങ്കമാലിയില്‍ തുടക്കം. അങ്കമാലിയിലും ആലുവയിലും പറവൂരിലുമായിരുന്നു ആദ്യ ദിനത്തെ സദസ് . സമ്മേളനത്തിന് മൂന്ന് മണിക്കൂര്‍ മുന്‍പേ മൂന്നിടങ്ങളിലും പരാതികള്‍ സ്വീകരിച്ചു തുടങ്ങിയിരുന്നു.
വിപുലമായ ക്രമീകരണങ്ങൾ വേദിയിലും പരാതികള്‍ സ്വീകരിക്കുന്ന കൗണ്ടറുകളിലും ഒരുക്കിയിരുന്നു. അതിനിടെ അങ്കമാലിയില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കും ആലുവയില്‍ മാര്‍ക്കറ്റിലെ പച്ചക്കറി വ്യാപാരിക്കും ഡിവൈഎഫ്ഐ, സിപിഎം പ്രവര്‍ത്തകരുടെ മർദനമേല്‍ക്കേണ്ടിവന്നത് സദസിന്റെ ശോഭ കെടുത്തി.
സെന്റ് ജോസഫ് മൈതാനമായിരുന്നു അങ്കമാലിയിലെ നവകേരള സദസിനു വേദിയായത്. ഉച്ചകഴിഞ്ഞ് മുഖ്യമന്ത്രിയും മന്ത്രിമാരും എത്തുന്നതിനു മുന്‍പേ തന്നെ വേദി നിറഞ്ഞു. മന്ത്രിമാരായ റോഷന് അഗസ്റ്റിനും പി. പ്രസാദും ആര്. ബിന്ദുവുമാണ് ആദ്യം എത്തിയത്. പിന്നാലെ വി.എന്‍. വാസവന്, അഹമ്മദ് ദേവര്‍കോവില്‍, വി.അബ്ദുള്‍ റഹ്മാന് എന്നിവര്‍ വേദിയിലെത്തി. തുടര്‍ന്ന് മുഖ്യമന്ത്രി പിണറായി വിജയനും മറ്റ് മന്ത്രിമാരും എത്തിയതോടെ നിറഞ്ഞ കൈയടി ഉയര്‍ന്നു.
രാവിലെ അറ്റ്ലക്സ് കണ്വഷന് സെന്ററില്‍ നടന്ന പ്രഭാത യോഗത്തിനിടെ അറ്റ്ലസിന്റെ ജനറല്‍ മാനേജര്‍ കുഴഞ്ഞുവീണതിനെ തുടര്‍ന്ന് ഇയാളെ മുഖ്യമന്ത്രിയുടെ പൈലറ്റ് വാഹനത്തില്‍ ആശുപത്രിയിലെത്തിച്ചിരുന്നു.
ആലുവയില്‍ കൊല്ലപ്പെട്ട ബാലികയുടെ മാതാപിതാക്കള്‍ മുഖ്യമന്ത്രിയെ കണ്ടു
ആലുവയില്‍ മുനിസിപ്പല്‍ ബസ് സ്റ്റാന്‍ഡിന് സമീപമായിരുന്നു നവകേരള സദസിന്റെ വേദി. ആദ്യം സഹകരണമന്ത്രി വി.എന്‍. വാസവനും തുറമുഖ മന്ത്രി അഹമ്മദ് ദേവര്‍കോവിലും കായികമന്ത്രി വി. അബ്ദുള്‍ റഹ്മാനും വേദിയിലെത്തി.
ഇതിനു പിന്നാലെയാണ് മുഖ്യമന്ത്രിയും മന്ത്രിമാരും വേദിയിലെത്തിയത്. ആലുവയില്‍ കൊല്ലപ്പെട്ട പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ വേദിയില്‍ നേരിട്ടെത്തി മുഖ്യമന്ത്രിക്ക് നന്ദി പറഞ്ഞു. അതേസമയം മുഖ്യമന്ത്രിക്ക് വധഭീഷണി മുഴക്കിയ ആലുവ മാര്‍ക്കറ്റിലെ സവോള മൊത്ത വ്യാപാരിയെ സിപിഎം പ്രവര്‍ത്തകര്‍ മര്‍ദിച്ച സംഭവവും ഉണ്ടായി.
പറവൂര്‍ ബോയ്സ് ഹൈസ്കൂള്‍ ഗ്രൗണ്ടില്‍ നടന്ന നവകേരള സദസിലെ വേദിയില്‍ മുഖ്യമന്ത്രി രാത്രി ഏഴോടെയാണ് എത്തിയത്. അതിനു മുന്‍പേ വനംമന്ത്രി എ.കെ. ശശീന്ദ്രന് വേദിയിലെത്തി പ്രസംഗം ആരംഭിച്ചിരുന്നു. ആദ്യദിനം എറണാകുളം ഗസ്റ്റ് ഹൗസിലാണ് മുഖ്യമന്ത്രിക്കും മന്ത്രിമാര്‍ക്കും താമസസൗകര്യം ഒരുക്കിയിരുന്നത്.