അനന്ത സാധ്യതകളുടെ അങ്കമാലി...
1376496
Thursday, December 7, 2023 2:36 AM IST
1. എംസി റോഡും ദേശീയപാതയും സംഗമിക്കുന്ന അങ്കമാലിയിൽ രൂക്ഷമായ ഗതാഗതക്കുരുക്കാണ് പ്രധാന പ്രശ്നം. വിമാനത്താവളത്തിലേക്കുള്ള യാത്രക്കാർ ഉൾപ്പടെ അങ്കമാലിയിൽ കുരുങ്ങുന്നത് പതിവാണ്. നഗരത്തിലെ തിരക്കൊഴിവാക്കി യാത്ര ചെയ്യുന്നതിന് ആവിഷ്കരിച്ച ബൈപാസ് പദ്ധതി കടലാസുകളിൽ വിശ്രമിക്കുകയാണ്. അലൈൻമെന്റ് തയാറാക്കിയെങ്കിലും സ്ഥലമേറ്റെടുക്കലിന് ഇനിയും നടപടിയായിട്ടില്ല. ബൈപാസ് ഉൾപ്പടെ അങ്കമാലിയിലെ ഗതാഗതക്കുരുക്ക് ശാശ്വതമായി പരിഹരിക്കാൻ ഫലപ്രദമായ തീരുമാനം വേണം.
2. കാർഷിക മേഖലകൾ ഏറെയുള്ള അങ്കമാലിയിൽ കർഷകരെ പ്രോത്സാഹിപ്പിക്കുന്ന പദ്ധതികൾ കൂടുതൽ വേണം. അയ്യന്പുഴ, മലയാറ്റൂർ, മൂക്കന്നൂർ പഞ്ചായത്തുകളിലെ കൃഷിഭൂമികളിൽ കാട്ടുമൃഗങ്ങളുടെ ശല്യം അടുത്തിടെ വർധിച്ചിട്ടുണ്ട്. ജനവാസ മേഖലകളിലേക്കുവരെ കാട്ടാനകൾ എത്തുന്ന സ്ഥിതിയുണ്ടായി. ജലസേചന സൗകര്യങ്ങൾ കാര്യക്ഷമമാക്കണമെന്ന ആവശ്യവും ശക്തമാണ്.
3. താലൂക്ക് ആശുപത്രിയിൽ ഡോക്ടർമാരുടെയും മറ്റു ജീവനക്കാരുടെയും കുറവ് ഇവിടുത്തെ സേവനത്തെ ബാധിക്കുന്നുണ്ട്. രോഗികളുടെ എണ്ണം കൂടിയിട്ടും അതനുസരിച്ചു മതിയായ സൗകര്യങ്ങളൊരുക്കിയിട്ടില്ല.
4. ജില്ലയിലെ പ്രധാനപ്പട്ടതും വലുതുമായ കെഎസ്ആർടിസി ബസ് സ്റ്റേഷൻ അങ്കമാലിയിലുണ്ടെങ്കിലും ഇവിടെയെത്തുന്നവർക്ക് പരാതികളേറെയാണ്. അടിസ്ഥാന സൗകര്യങ്ങളുടെ കുറവ് ഉൾപ്പടെ യാത്രക്കാരുടെ ആവലാതികൾ പരിഹരിക്കണം.
5. മാഞ്ഞാലിത്തോട് നവീകരണ പദ്ധതി തുടങ്ങിയെങ്കിലും പൂർണമായിട്ടില്ല. പ്രളയസാധ്യതാ മേഖലയെന്ന നിലയിൽ തോടിന്റെ നവീകരണം വേഗത്തിൽ നടക്കണം.