വളരണം ആലുവ...
1376495
Thursday, December 7, 2023 2:36 AM IST
1. നിർമാണം തുടങ്ങി വർഷങ്ങളായിട്ടും പണി തീരാതെ കിടക്കുകയാണ് ആലുവയിലെ കെഎസ്ആർടിസി ബസ് സ്റ്റാൻഡ്. ആലുവയിൽ ട്രെയിനിൽ വന്നിറങ്ങുന്ന ദീർഘദൂര യാത്രക്കാരടക്കം ആയിരക്കണക്കിന് യാത്രക്കാർക്ക് വെയിലും പൊടിയും മഴയുമേറ്റ് ബസ് കാത്തു നിൽക്കേണ്ട സ്ഥിതിയാണ്. തടസങ്ങൾ നീക്കി സ്റ്റാൻഡ് പ്രവർത്തനസജ്ജമാക്കണം.
2. സീപോർട്ട്-എയർപോർട്ട് റോഡ് ആലുവ മണ്ഡലത്തിലൂടെയും കടന്നുപോകേണ്ടതുണ്ടെങ്കിലും ഇവിടെ ആകെ വന്നത് പാലം മാത്രം. കളമശേരി വരെ നിർമിച്ച റോഡ് എൻഎഡി - എടയപ്പുറം- ആലുവ - മഹിളാലയം പാലം വരെയാണ് അടുത്ത ഘട്ടത്തിൽ വേണ്ടത്. സ്ഥലം ഏറ്റെടുക്കാനുള്ള 1000 കോടി അനുവദിക്കാത്തതാണ് തടസം. ഇതുമൂലം പ്രദേശത്തെ സ്ഥലമുടമകളും ബുദ്ധിമുട്ടുന്നു.
3. മുനിസിപ്പൽ ബസ് സ്റ്റാൻഡിനകത്ത് കുണ്ടും കുഴിയും കാലങ്ങളായുള്ള പ്രശ്നമാണ്. കൊച്ചി മെട്രോ വന്നിറങ്ങുന്ന ആലുവയ്ക്ക് ഇണങ്ങുന്ന രീതിയിലല്ല നിലവിലെ ബസ് സ്റ്റാൻഡ്.
4. മഹാപ്രളയത്തിൽ ഏറ്റവുമധികം ദുരിതം നേരിട്ട ആലുവയിൽ സർക്കാർ പ്രഖ്യാപിച്ച നഷ്ടപരിഹാരത്തുക ഇനിയും പലർക്കും മുഴുവനായി ലഭിച്ചിട്ടില്ല. 60,000 രൂപ മുതൽ ഒരുലക്ഷം രൂപ വരെയാണ് നഷ്ടപരിഹാരമായി ലഭിക്കാനുള്ളത്. സർക്കാർ ധനസഹായം കിട്ടാത്തതിനാൽ ഇവർക്ക് വായ്പ തിരിച്ചടയ്ക്കാനും കഴിയുന്നില്ല. നഷ്ടം സംഭവിച്ച ഒരു വിഭാഗം വ്യാപാരികൾക്കും പണം കിട്ടാനുണ്ട്.
5. ആലുവ താലൂക്ക് ആശുപത്രിയെ ഏറെ നാളുകൾ നീണ്ട സമരങ്ങൾക്കൊടുവിലാണ് ജില്ലാ ആശുപത്രിയായി ഉയർത്തിയത്. പക്ഷേ ഡോക്ടർമാരുടേയും ജീവനക്കാരുടേയും സ്റ്റാഫ് പാറ്റേണിൽ മാറ്റം വന്നില്ല. ജില്ലാ ആശുപത്രിയിലെ ജീവനക്കാരുടെ എണ്ണം വർധിപ്പിക്കാനായി നടപടികൾ ആരംഭിച്ചെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ് രണ്ട് മാസം മുമ്പ് പറഞ്ഞെങ്കിലും ഒന്നും സംഭവിച്ചിട്ടില്ല. ആശുപത്രിയിൽ 24 ജീവനക്കാരുടെ കുറവുണ്ട്.