മുന്നേറണം പറവൂർ...
1376494
Thursday, December 7, 2023 2:36 AM IST
1 വെള്ളത്തിന്റെ പേരിൽ കഷ്ടപ്പെടുന്നവർ പറവൂരിൽ നിരവധിയാണ്. വെള്ളപ്പൊക്കവും കുടിവെള്ളക്ഷാമവും ഒരുപോലെ അഭിമുഖീകരിക്കുന്ന ജില്ലയിലെ മണ്ഡലമാണിത്. വടക്കേക്കര, പുത്തൻവേലിക്കര, ചിറ്റാറ്റുകര പഞ്ചായത്തുകളിലെ രൂക്ഷമായ കുടിവെള്ള ക്ഷാമം പരിഹരിക്കണം.
പ്രളയസാധ്യത കൂടുതലുള്ള ചേന്ദമംഗലം, വടക്കേക്കര, പുത്തൻവേലിക്കര, ചിറ്റാറ്റുകര പഞ്ചായത്തുകളിലെ നിവാസികൾ ഇപ്പോഴും മഴക്കാലങ്ങളിൽ ഭീതിയിലാണ്. അടിയന്തര സാഹചര്യങ്ങളിൽ ജനങ്ങളെ മാറ്റിപ്പാർപ്പിക്കാൻ വടക്കേക്കരയിൽ ദുരന്ത നിവാരണവകുപ്പിന്റെ കെട്ടിടമുണ്ട്. വീടുകളിലേക്കു വെള്ളം കയറുന്നതിനു ശാശ്വത പരിഹാരം വേണം.
2. ദേശീയപാത-66 കടന്നുപോകുന്ന പറവൂരിൽ മറ്റു വിവിധ റോഡുകളുടെയും പാലങ്ങളുടെയും നിർമാണങ്ങൾ പൂർത്തിയാകേണ്ടതുണ്ട്. പറവൂർ-ആലുവ റോഡ് കുണ്ടും കുഴിയുമായി ഗതാഗതം ദുഷ്കരമായ നിലയിലാണ്. ഏഴു വർഷം മുന്പ് നിർമാണം തുടങ്ങി പാതിവഴിയിലുള്ള ചാത്തനാട് പാലം പൂർത്തീകരിക്കണം.
3. മാല്യങ്കര പാലം വന്നതോടെ വടക്കൻ മേഖലകളിൽനിന്നു കൊച്ചിയിലേക്കുള്ള നിരവധി വാഹനങ്ങൾ ദേശീയപാത-66ലൂടെ മൂത്തകുന്നം, മാല്യങ്കര, പള്ളിപ്പുറം വഴി കൊച്ചിയിലേക്ക് യാത്ര ചെയ്യുന്നുണ്ട്. ഈ വഴികളിൽ വാഹനങ്ങളുടെ തിരക്ക് വർധിക്കുന്നതിനാൽ ഗതാഗതം തടസപ്പെടുന്നുണ്ട്. നഗരത്തിന്റെ ഹൃദയഭാഗങ്ങൾ വാഹനങ്ങളുടെ വർധന മൂലം വീർപ്പു മുട്ടുകയാണ്. ഗതാഗത തടസമില്ലാതെ യാത്ര ചെയ്യുന്നതിന് ഇടറോഡുകൾ വഴി വാഹനങ്ങൾ തിരിച്ചു വിടാൻ സൗകര്യം ഒരുക്കണം.
4. വലിയ തോതിൽ സാധാരണക്കാർ ആശ്രയിക്കുന്ന പറവൂർ താലൂക്ക് ആശുപത്രിയിലെ ജീവനക്കാരുടെ കുറവ് പരിഹരിക്കപ്പെടണം. ഡോക്ടർമാരും ആവശ്യത്തിനില്ല. കിടത്തിച്ചികിത്സ കാര്യക്ഷമമല്ല. ജൂണിയർ ഒഫ്താൽമോളജിസ്റ്റ്, സീനിയർ സർജൻ തുടങ്ങിയ ഒഴിവുകൾ നികത്തണം.
5. പൊക്കാളിക്കു പേരുകേട്ട മേഖലകൾ മണ്ഡലത്തിലുണ്ട്. ഇന്നു കുറച്ചു സ്ഥലങ്ങളിൽ മാത്രമാണ് പൊക്കാളി കൃഷി ചെയ്യുന്നത്. വിപണന സാധ്യതകളുടെ പരിമിതിയാണ് വെല്ലുവിളി. പുതിയ വിപണന മേഖലകൾ ഉണ്ടാകണം. നേരത്തെ പൊക്കാളി നെല്ല് നൽകിയ കർഷകർക്കുള്ള കുടിശിക വിതരണം ചെയ്യാനും നടപടി വേണം.