നവകേരള സദസ് ജില്ലയിൽ ഇന്നു തുടക്കം
1376491
Thursday, December 7, 2023 2:32 AM IST
കൊച്ചി: സംസ്ഥാന സർക്കാരിന്റെ നവകേരള സദസിന് ജില്ലയിൽ ഇന്നു തുടക്കമാകും. മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രിമാരും നാലു ദിവസങ്ങളിലായി ജില്ലയിലെ 14 നിയമസഭാ മണ്ഡലങ്ങളിലും സന്ദര്‍ശനം നടത്തും. ഇതോടനുബന്ധിച്ച് മണ്ഡലങ്ങളിലെ ക്ഷണിക്കപ്പെട്ട വ്യക്തികളുമായി കൂടിക്കാഴ്ച നടത്തുന്ന പ്രഭാത യോഗവും നിയമസഭാ മണ്ഡലം കേന്ദ്രീകരിച്ചുള്ള ബഹുജന സദസും നടക്കും.
ഇന്നു രാവിലെ ഒന്‍പതിന് അങ്കമാലി അഡ്ലക്സ് കണ്വന്ഷന് സെന്ററിലാണ് മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ ജില്ലയിലെ ആദ്യ പ്രഭാതയോഗം. അങ്കമാലി, ആലുവ, പറവൂര്‍ മണ്ഡലങ്ങളിലെ ക്ഷണിക്കപ്പെട്ടവരുമായി പ്രഭാതയോഗത്തില്‍ മുഖ്യമന്ത്രി കൂടിക്കാഴ്ച നടത്തും. തുടര്‍ന്ന് ചാലക്കുടി മണ്ഡലത്തിലെ നവകേരള സദസ്.
ഉച്ചകഴിഞ്ഞ് രണ്ടിന് മുഖ്യമന്ത്രിയും മന്ത്രിമാരും അങ്കമാലി സെന്റ് ജോസഫ്സ് ഹൈസ്കൂള്‍ ഗ്രൗണ്ടില്‍ അങ്കമാലി മണ്ഡലത്തിലെ നവകേരള സദസില്‍ പങ്കെടുക്കും. 3.30ന് ആലുവ പ്രൈവറ്റ് ബസ് സ്റ്റാൻഡ് പരിസരത്തും അഞ്ചിന് പറവൂര്‍ ഗവ. ബോയ്സ് ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ മൈതാനത്തും നവകേരള സദസ് സംഘടിപ്പിക്കും.
നാളെ രാവിലെ ഒന്‍പതിന് പ്രഭാതയോഗം കലൂര്‍ ഐഎംഎ ഹൗസില്‍. വൈപ്പിന്‍, കൊച്ചി, കളമശേരി, എറണാകുളം മണ്ഡലങ്ങളില്‍ നാളെ നവകേരള സദസ് നടക്കും. മൂന്നാം ദിവസമായ ഒന്പതിനു രാവിലെ ഒന്‍പതിന് തൃപ്പൂണിത്തുറ കിഴക്കേക്കോട്ട സെന്റ് മേരീസ് ചര്‍ച്ച് സിയോണ്‍ ഓഡിറ്റോറിയത്തില്‍ പ്രഭാതയോഗം. തൃക്കാക്കര, തൃപ്പൂണിത്തുറ, പിറവം, കുന്നത്തുനാട് മണ്ഡലങ്ങളിൽ അന്നു നവകേരള സദസുകള്‍ നടക്കും.
ജില്ലയിലെ അവസാന ദിവസമായ 10ന് രാവിലെ ഒന്‍പതിന് വെങ്ങോല ഹമാരാ ഓഡിറ്റോറിയത്തില്‍ പെരുമ്പാവൂര്‍, കോതമംഗലം, മൂവാറ്റുപുഴ മണ്ഡലങ്ങളിലെ പ്രഭാതയോഗം നടക്കും.
പെരുമ്പാവൂര്‍, കോതമംഗലം, മൂവാറ്റുപുഴ മണ്ഡലങ്ങളിൽ അന്നു നവകേരള സദസുകൾ ഉണ്ടാകും.
എല്ലാ മണ്ഡലങ്ങളിലും നവകേരള സദസ് തുടങ്ങുന്നതിന് മൂന്നു മണിക്കൂര്‍ മുമ്പ് മുതൽ പൊതുജനങ്ങള്‍ക്ക് നിവേദനങ്ങള്‍ നല്കാന് സൗകമുണ്ടാകും. 25 കൗണ്ടർ വീതമാണ് ഓരോ മണ്ഡലത്തിലും നിവേദനങ്ങൾ സ്വീകരിക്കുന്നതിന് സജ്ജമാക്കുന്നത്.