കോവിഡ് കാലത്തെ ഭക്ഷ്യക്കിറ്റ് വിതരണം ഫയൽ നഗരസഭയിൽ നിന്ന് മുക്കി
1376486
Thursday, December 7, 2023 2:32 AM IST
കാക്കനാട്: തൃക്കാക്കര നഗരസഭയുടെ നേതൃത്വത്തിൽ കോവിഡ് കാലത്ത് സൗജന്യ ഭക്ഷ്യക്കിറ്റ് വിതരണം ചെയ്തതിൽ അഴിമതിയുണ്ടെന്ന പരാതിയിൽ വിജിലൻസ് അന്വേഷണം നടക്കുന്നതിനിടെ ഇതുമായി ബന്ധപ്പെട്ട ഫയൽ നഗരസഭയിൽ നിന്ന് കാണാതായി.
പലതവണ ആവശ്യപ്പെട്ടിട്ടും ഫയൽ ഹാജരാക്കാത്ത നഗരസഭയ്ക്കെതിരെ കടുത്ത നടപടിയുണ്ടാകുമെന്ന് വിജിലൻസ് വ്യക്തമാക്കിയിട്ടുണ്ട്. മുഴുവൻ ക്ലർക്കുമാർക്കും തെരച്ചിൽ നോട്ടീസ് നൽകാനാണ് നഗരസഭാധികൃതരുടെ തീരുമാനം.
ഇതിനുശേഷവും ഫയൽ കണ്ടെത്താനായില്ലങ്കിൽ പോലീസിൽ പരാതിയുമായി മുന്നോട്ടു പോകും. ഭക്ഷ്യക്കിറ്റ് വിതരണവുമായി ബന്ധപ്പെട്ട ക്വട്ടേഷനും പർച്ചേസ് ഓർഡറും ചെക്ക് കൈമാറ്റ രേഖകളും ഉൾപ്പെടുന്ന ഫയലാണ് നഗരസഭയിൽ നിന്ന് കാണാതായത്.
പലതവണ തെരഞ്ഞിട്ടും ഫയൽ ലഭിച്ചിട്ടില്ലെന്ന് ബന്ധപ്പെട്ട ക്ലാർക്ക് വിജിലൻസിന് മൊഴി നൽകിയിട്ടുണ്ട്. 40 ലക്ഷം രൂപയുടെ ഭക്ഷ്യക്കിറ്റ് ഇടപാടിൽ നാലു ലക്ഷം രൂപയുടെ ക്രമക്കേട് ആരോപിച്ചാണ് പ്രതിപക്ഷ കൗൺസിലർമാർ വിജിലൻസിൽ പരാതി നൽകിയത്. ക്വട്ടേഷനിൽ തിരിമറി നടത്തി ഇഷ്ടപ്പെട്ട സ്വകാര്യ സ്ഥാപനത്തിൽ നിന്നു വൻ തുകയ്ക്കുള്ള ഭക്ഷ്യക്കിറ്റുകൾ വാങ്ങിയെന്നാണ് ആക്ഷേപം.
ലോഡ് ഇറക്കും മുമ്പേ 40 ലക്ഷം രൂപ സ്വകാര്യ ഗ്രൂപ്പിനു കൈമാറിയതിൽ ദൂരൂഹതയുണ്ട്.
കമ്മിഷനു പുറമേ മൂന്നു ലക്ഷം രൂപയുടെ ഗിഫ്റ്റ് കൂപ്പൺ ലഭിച്ചിട്ടുണ്ടെന്ന സംശയവും പരാതിക്കാർ ഉന്നയിച്ചിട്ടുണ്ട്.