ഭിന്നശേഷിക്കാർക്കുള്ള സർട്ടിഫിക്കറ്റ് നൽകൽ വൈകുന്നതായി പരാതി
1376461
Thursday, December 7, 2023 2:12 AM IST
കോതമംഗലം: അപേക്ഷ നൽകിയിട്ടും അംഗപരിമിതർക്ക് മെഡിക്കൽ ബോർഡ് നൽകുന്ന സർട്ടിഫിക്കറ്റുകൾ നൽകുവാൻ വൈകുന്നതായി കേരളാ ലോട്ടറി ഏജന്റസ് ആൻഡ് സെല്ലേഴ്സ് അസോസിയേഷൻ ഐഎൻടിയുസി താലൂക്ക് കമ്മിറ്റി കുറ്റപ്പെടുത്തി.
സർക്കാർ നിയമപ്രകാരം ആരോഗ്യ വകുപ്പ് ഓഫീസിൽ അംഗപരിമിതർക്കുള്ള മെഡിക്കൽ ബോർഡിന്റെ സർട്ടിഫിക്കറ്റുകൾ ലഭിക്കുന്നതിനുള്ള അപേക്ഷ ലഭിച്ചാൽ ഉടൻ നിയമ നടപടി എടുത്ത് മെഡിക്കൽ ബോർഡ് കൂടി സർട്ടിഫിക്കറ്റ് കൊടുക്കണം.
എന്നാൽ മാസങ്ങളായി അക്ഷയ കേന്ദ്രങ്ങൾ വഴി ലഭിച്ച അപേക്ഷകൾ കോതമംഗലം ഗവൺമെന്റ് ആശുപത്രിയുടെ ഓഫീസിൽ കെട്ടിക്കിടക്കുകയാണെന്നും യാതൊരു നടപടിയും സ്വീകരിക്കുന്നില്ലെന്നും അസോസിയേഷൻ കുറ്റപ്പെടുത്തി.
അപേക്ഷകൾക്ക് മെഡിക്കൽ ബോർഡ് സർട്ടിഫിക്കറ്റ് ലഭിക്കുന്നതിനു നടപടി സ്വീകരിക്കണമെന്ന് യോഗം സർക്കാരിനോടും ആരോഗ്യ വകുപ്പിനോടും ആവശ്യപ്പെട്ടു. യോഗത്തിൽ താലൂക്ക് പ്രസിഡന്റ് സുരേഷ് ആലപ്പാട്ട് അധ്യക്ഷത വഹിച്ചു. റീജണൽ പ്രസിഡന്റ് അബു മൈതീൻ ഉദ്ഘാടനം ചെയ്തു.