തപാൽ ഉരുപ്പടികൾ യഥാസമയം ലഭിക്കുന്നില്ലെന്ന്
1376444
Thursday, December 7, 2023 2:01 AM IST
മൂവാറ്റുപുഴ: മുളവൂർ പോസ്റ്റ് ഓഫീസിൽ നിന്നു തപാൽ ഉരുപ്പടികൾ യഥാസമയം ലഭിക്കുന്നില്ലെന്ന് നാട്ടുകാരുടെ പരാതി. പുതുക്കിയ ആധാർ കാർഡുകളും മറ്റ് തപാലുകളും പോസ്റ്റ് ഓഫീസിൽ കെട്ടിക്കിടക്കുകയാണെന്നും ആവശ്യക്കാർ ഓഫീസിലെത്തി തപാൽക്കൂട്ടത്തിൽ നിന്ന് തെരഞ്ഞെടുക്കുന്ന സാഹചര്യമാണ് ഉള്ളതെന്നും നാട്ടുകാർ ആരോപിച്ചു.
പോസ്റ്റ് ഓഫീസിന്റെ പരിധിയിലുള്ള പ്രദേശങ്ങളിലേക്ക് തപാലുകൾ എത്തിക്കാൻ ആവശ്യമായ ജീവനക്കാർ ഇല്ലെന്നാണ് തപാൽ വകുപ്പ് അധികൃതർ പറയുന്നത്. താൽകാലിക ജീവനക്കാരെ നിയമിക്കണമെന്നും തപാൽ സേവനങ്ങൾ കാര്യക്ഷമമായി പ്രവർത്തിക്കാൻ വേണ്ട നടപടികൾ സ്വീകരിക്കണമെന്നും ആവശ്യപ്പെട്ട് വിവിധ സംഘടനകൾ ഉന്നത ഉദ്യോഗസ്ഥർക്ക് പരാതി നൽകി.