ബസ് ജീവനക്കാർ തമ്മിൽ വാക്കേറ്റം; പോലീസ് കേസെടുത്തു
1376443
Thursday, December 7, 2023 2:01 AM IST
മൂവാറ്റുപുഴ: ബസ് ജീവനക്കാർ തമ്മിൽ പൊതുസ്ഥലത്ത് അസഭ്യം പറച്ചിലും വാക്കേറ്റവും. ബസുടമയ്ക്കും കണ്ടക്ടർക്കുമെതിരെ മൂവാറ്റുപുഴ പോലീസ് കേസെടുത്തു. കോതമംഗലം - മൂവാറ്റുപുഴ റൂട്ടിൽ സർവീസ് നടത്തുന്ന എൽദോസ് ബസിന്റെ ഉടമ നെല്ലിമറ്റം മാറഞ്ചേരി പുത്തേത്ത് എൽദോസ് (28), കണ്ടക്ടർ വടാട്ടുപാറ പാലക്കാട്ട് ജിയാസ് (32) എന്നിവർക്കെതിരെയാണ് കേസെടുത്തത്.
ബിഒസി ജംഗ്ഷനിൽ സമയക്രമത്തെ ചൊല്ലി ഇതേ റൂട്ടിലോടുന്ന അപ്പൂസ് ബസിലെ ജീവനക്കാരെയാണ് പരസ്യമായി അസഭ്യം പറഞ്ഞത്. എൽദോസ് ബസും പോലീസ് കസ്റ്റഡിയിലെടുത്തു. ഇത്തരം മോശം പെരുമാറ്റങ്ങൾക്കും അസഭ്യം പറച്ചിലുകൾക്കുമെതിരെ കർശന നടപടിയെടുക്കുമെന്ന് ഇൻസ്പെക്ടർ പി.എം. ബൈജു പറഞ്ഞു.