‘കോവിഡ് വ്യാപിക്കുന്നു; ജാഗ്രത വേണം’
1376440
Thursday, December 7, 2023 2:01 AM IST
കൊച്ചി: കേരളത്തില്‍ വീണ്ടും കോവിഡ് വ്യാപിക്കുന്നതായി സൂചന. രോഗം പടരാതിരിക്കാന്‍ അതീവ ജാഗ്രത അനിവാര്യമെന്ന് ഐഎംഎ കൊച്ചി.
പൊതുജന ആരോഗ്യവിഷയങ്ങളുമായി ബന്ധപ്പെട്ട് സര്‍ക്കാരിലെയും, സ്വകാര്യ മേഖലയിലെയും ആരോഗ്യ വിദഗ്ധരുമായി ഐഎംഎ കൊച്ചി നടത്തിവരാറുള്ള പതിവ് യോഗത്തിലാണ് ഇതുസംബന്ധിച്ച വിലയിരുത്തല്‍. കോവിഡ് കൂടാതെ ഫ്ളൂ അഥവാ ഇന്‍ഫ്ളൂവന്‍സ, ഡെങ്കിപ്പനി, എലിപ്പനി, മലേറിയ, ഭക്ഷ്യ വിഷബാധ, ടൈഫോയ്ഡ് എന്നിവയും പടര്‍ന്നു പിടിക്കുന്നതായി യോഗം വിലയിരുത്തി.
മുതിര്‍ന്നവരില്‍ കോവിഡ് ചിലപ്പോള്‍ ഗുരുതരമായേക്കാം. ചെറുപ്പക്കാരില്‍ പതിവ് ചുമ, തൊണ്ടയിലെ അസ്വസ്ഥത, കടുത്ത ക്ഷീണം എന്നീ ലക്ഷണങ്ങളുമായി രോഗികള്‍ ആശുപത്രികളില്‍ എത്തുന്നുണ്ട്. സ്വയം ചികിത്സ ഒഴിവാക്കണം.
ലക്ഷണങ്ങള്‍ മാറുന്നതു വരെ ക്ലാസിലോ ഓഫീസിലോ പോകുന്നത് ഒഴിവാക്കണം. തിരക്കുള്ളതും വായുസഞ്ചാരം കുറഞ്ഞതുമായ ഇടങ്ങളില്‍ മാസ്ക് ധരിക്കുക. കോവിഡ് വന്നശേഷം പലര്‍ക്കും ചുമ മാറാത്ത സാഹചര്യമുണ്ട്. സമാന ലക്ഷണങ്ങളുള്ള ക്ഷയരോഗവും കൂടുതലായി കണ്ടുവരുന്നുണ്ട്.