പോളണ്ടില്‍ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്; യുവതിക്കെതിരേ നിരവധി പരാതികള്‍
1376439
Thursday, December 7, 2023 2:01 AM IST
കൊച്ചി: പോളണ്ടില്‍ ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങള്‍ തട്ടിയെടുത്ത കേസിലെ പ്രതിക്കെതിരേ ലഭിച്ചത് 15 ലധികം പരാതികള്‍. കേസുമായി ബന്ധപ്പെട്ട് പളളുരുത്തി നമ്പ്യാപുരം തുണ്ടിയില്‍ പ്രീത ലതീഷി(36)നെയാണ് പളളുരുത്തി പോലീസ് അറസ്റ്റ് ചെയ്തത്.
മലപ്പുറം സ്വദേശിയായ യുവാവിന് പോളണ്ടില്‍ സ്ഥിരജോലി വാഗ്ദാനം ചെയ്ത് ഇവര്‍ പലതവണകളായി 1,45,700 രൂപ ഗൂഗിള്‍ പേ വഴി തട്ടിയെടുത്തു. ജോലി ലഭിക്കാതെ വന്നപ്പോഴാണ് യുവാവ് പോലീസില്‍ പരാതി നല്‍കിയത്.
സംഭവത്തിനു ശേഷം ഒളിവില്‍ പോയ പ്രതി മരടിലുള്ള ഒരു ഫ്ളാറ്റില്‍ കഴിയുന്നുണ്ടെന്ന രഹസ്യവിവരം ലഭിച്ചതിനെത്തുടര്‍ന്നായിരുന്നു അറസ്റ്റ് ചെയ്തത്. പാസ്പോർട്ടുകള്, ഒപ്പുവച്ച മുദ്രപ്പത്രങ്ങള്‍ എന്നിവ ഇവിടെനിന്നും പോലീസ് പിടിച്ചെടുത്തു. യുട്യൂബില്‍ പരസ്യം നല്‍കിയായിരുന്നു പ്രതി തട്ടിപ്പ് നടത്തിയത്.
നിലവില്‍ 15 പരാതികളാണ് പള്ളുരുത്തി പോലീസിന് ലഭിച്ചിരിക്കുന്നത്. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി ഒരു ലക്ഷം രൂപ മുതല്‍ മൂന്നു ലക്ഷം വരെ നഷ്ടപ്പെട്ടവര്‍ ഇക്കൂട്ടത്തിലുണ്ട്. വരും ദിവങ്ങളിലും പരാതിക്കാരുടെ എണ്ണം കൂടുമെന്നാണ് പോലീസ് നിഗമനം.