കാളമുക്കിൽ മൂന്നാം ഗോശ്രീ പാലം ഉപരോധിച്ച് പ്രതിഷേധം
1376167
Wednesday, December 6, 2023 6:19 AM IST
വൈപ്പിന്‍: പാതിവഴിയിൽ മുടങ്ങിയ വൈപ്പിന്‍ ഫിഷ്ലാൻഡിംഗ് സെന്ററിന്റെ നിർമാണം പൂർത്തീകരിച്ച് പ്രവര്‍ത്തനം തുടങ്ങണമെന്ന് ആവശ്യപ്പെട്ട് പരമ്പരാഗത മത്സ്യത്തൊഴിലാളി സമിതി ഇന്നലെ മനുഷ്യച്ചങ്ങല തീർത്ത് കാളമുക്കിൽ മൂന്നാം ഗോശ്രീ പാലം ഉപരോധിച്ചു.
രാവിലെ ഒമ്പതരയോടെ തൊഴിലാളികള്‍ വടക്ക്, തെക്ക് ഭാഗങ്ങളിൽ നിന്നും രണ്ട് ജാഥകളായി എത്തിയാണ് പാലം ഉപരോധിച്ചത്. ഇതേ തുടർന്ന് ഒന്നര മണിക്കൂറോളം ഗോശ്രീ റോഡിൽ ഗതാഗതം തടസപ്പെട്ടു.
ഇതോടെ രാവിലെ നഗരത്തിലേക്ക് പോകേണ്ടവരും നഗരത്തിൽ നിന്ന് ഗോശ്രീ മേഖലയിലേക്ക് എത്തേണ്ടവരും ഏറെ കഷ്ടപ്പെട്ടു. പോലീസ് സ്ഥലത്തുണ്ടായെങ്കിലും സമരക്കാരെ അറസ്റ്റ് ചെയ്ത് നീക്കിയില്ല.
ഉപരോധം കേരള സ്വതന്ത്ര മത്സ്യത്തൊഴിലാളി യൂണിയൻ സംസ്ഥാന പ്രസിഡന്റ് ജാക്സൻ പൊള്ളയിൽ ഉദ്ഘാടനം ചെയ്തു. ജില്ലാ സെക്രട്ടറി പി.വി.ജയൻ, നേതാക്കളായ പി.ജെ. ആന്റണി, ആന്റണി കുരിശിങ്കൽ എന്നിവർ പ്രസംഗിച്ചു.
ഉപരോധം നവകേരള സദസിന്റെ ശോഭ കെടുത്താൻ: എംഎൽഎ
വൈപ്പിൻ: ഫിഷ്ലാൻഡിംഗ് സെന്ററിന്റെ പേരിൽ പരമ്പരാഗത മത്സ്യത്തൊഴിലാളി സമിതി നടത്തിയ ഗോശ്രീപാലം ഉപരോധം രാഷ്ട്രീയപ്രേരിതവും നവകേരള സദസിന്റെ ശോഭ കെടുത്താനുള്ള ഗൂഢതന്ത്രവുമെന്ന് കെ.എൻ. ഉണ്ണികൃഷ്ണൻ എംഎൽഎ ആരോപിച്ചു. ഫിഷ്ലാൻഡിംഗ് സെന്ററിലേക്കുള്ള വഴിക്കായി സ്ഥലമെടുപ്പ് നടപടികള്‍ അന്തിമഘട്ടത്തിലാണ്. ഇക്കാര്യം അറിഞ്ഞുകൊണ്ടാണ് ഈ സമരം സംഘടിപ്പിച്ചിട്ടുള്ളത്.
2.51 കോടി രൂപ ചെലവിൽ സ്ഥലമെടുപ്പിനായി ഭരണാനുമതി ലഭിച്ചിട്ടുണ്ട്. ഇതേതുടർന്ന് സ്ഥലമെടുപ്പ് നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി റവന്യു വകുപ്പ് സ്ഥലവില നിശ്ചയിച്ചു കഴിഞ്ഞു. ധനവകുപ്പിന്റെ പരിഗണനയിലാണിപ്പോൾ. കഴിഞ്ഞ ഏഴിന് മന്ത്രി സജി ചെറിയാൻ പ്രശ്നത്തിൽ നേരിട്ടിടപെട്ട് കഴിയുന്നത്ര വേഗം പണം അനുവദിക്കാൻ നിർദേശം നൽകിയിട്ടുണ്ടെന്നും എംഎൽഎ പറഞ്ഞു.
എംഎൽഎയും പെരുവഴിയിലായി
വൈപ്പിൻ: മത്സ്യത്തൊഴിലാളികളുടെ ഗോശ്രീ പാലം ഉപരോധത്തിനിടെ അതുവഴി വന്ന കെ.എൻ. ഉണ്ണിക്കൃഷ്ണൻ എംഎൽഎയുടെ കാറും പെട്ടു. ഇതു മൂലം എംഎൽഎ ഒന്നര മണിക്കൂറോളം നടുറോഡിൽ കാറിനകത്ത് പെട്ടു പോയി.
പാലത്തിലേക്ക് കയറിയ കാറിന്റെ അൽപം മുന്നിലായി സമരക്കാർ റോഡിൽ കിടന്നെങ്കിലും പോലീസ് എത്തി അവരെ മാറ്റി. പക്ഷേ പാലത്തിൽ മറ്റു സമരക്കാർ കുത്തിയിരുന്നതോടെ എംഎൽഎ കുടുങ്ങി.